ലാ കോളേജിൽ മേൽക്കൂര നിലംപൊത്തി; വിദ്യാർത്ഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
തിരുവനന്തപുരം: ഗവ.ലാ കോളേജ് ക്ളാസ് മുറിയിലെ മേൽക്കൂരയുടെ സീലിംഗ് തകർന്നുവീണു. സീലിംഗ് മുക്കാൽ ഭാഗവും നിലംപൊത്തി. മൂന്നാം വർഷ വിദ്യാർത്ഥികളുടെ ക്ളാസ് മുറിയുടെ മേൽക്കൂരയാണ് തകർന്ന് ക്ലാസിലെ ഡെസ്കിനും ബെഞ്ചിനും മുകളിലേക്കും വീണത്. ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം. ക്ളാസ് കഴിഞ്ഞ് വിദ്യാർത്ഥികൾ പുറത്തിറങ്ങിയതിന് പിന്നാലെയാണ് അപകടം. അതിനാൽ വലിയ അപകടം ഒഴിവായി. സംഭവത്തിൽ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധിച്ചു.
150 വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ അവസാന നവീകരണം നടന്നത് 10 വർഷം മുമ്പാണ്. പലതവണ നവീകരണത്തിന് കത്ത് കൊടുത്തിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. ഇതിന് മുമ്പും സമാനമായ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അന്ന് താത്കാലിക നവീകരണം മാത്രമാണ് നടത്തിയതെന്ന് വിദ്യാർത്ഥികൾ പറയുന്നു. പ്ളാൻ ഫണ്ടായി 19 ലക്ഷം രൂപ എല്ലാ വർഷവും കോളേജിന് അനുവദിക്കാറുണ്ടെങ്കിലും പകുതിയും ഉപയോഗിക്കാതെ കാലഹരണപ്പെടുകയാണ്.
900 വിദ്യാർത്ഥികളും 15 ബാച്ചുകളുമാണ് കോളേജിലുള്ളത്. എല്ലാവർക്കും ഒരുമിച്ച് ക്ളാസുണ്ടാകാറുള്ള സമയത്ത് ഇരിക്കാൻ സ്ഥലമുണ്ടാകാറില്ലെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. ചിലപ്പോൾ പ്രിൻസിപ്പലിന്റെ റൂം വരെ ക്ളാസ് മുറിയാക്കിയ സാഹചര്യമുണ്ടായിട്ടുണ്ട്. മഴ പെയ്താൽ ക്ലാസ്‌മുറികൾ ചോരുന്നതും വെള്ളം കെട്ടിനിൽക്കുന്നതും സ്ഥിരം കാഴ്ചയാണ്. പുതിയ ബിൽഡിംഗ് പണിതെങ്കിലും അതിൽ രണ്ട് ക്ളാസ് മുറികൾ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ.
പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്തെത്തിയതോടെ പ്രശ്നത്തിൽ അധികൃതർ ഇടപെട്ടു. വൈകിട്ട് പി.ഡബ്ലിയു.ഡി അധികൃതർ കെട്ടിടത്തിന്റെ എസ്റ്രിമേറ്റെടുത്തു. നവംബർ 5ന് മുന്നോടിയായി നവീകരണം നടത്തുമെന്നും വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ പരിഹരിക്കുമെന്നും കോളേജ് അധികൃതർ അറിയിച്ചു.
ഹോസ്റ്റലും സമാനം
ഹോസ്റ്രലിന്റെ പല മുറികളുടെയും കോൺക്രീറ്റ് സീലിംഗുകൾ ഇളകിയ നിലയിലാണ്. 40 വർഷത്തിന് മുകളിൽ പഴക്കമുള്ള കെട്ടിടം പണ്ട് മെൻസ് ഹോസ്റ്റലായിരുന്നു. പിന്നീട് ലേഡീസ് ഹോസ്റ്റലാക്കുകയായിരുന്നു. ആ സമയം മുതലുള്ള മെയിന്റനൻസാണ് ഇപ്പോഴും ഒന്നുമാകാതെ കിടക്കുന്നത്.
ലൈബ്രറി ബിൽഡിംഗും
സ്റ്റാഫ് മുറിയും ലൈബ്രറിയുമുള്ള ബിൽഡിംഗിന്റെ അവസ്ഥയും ഗുരുതരമാണ്. പല ഭാഗങ്ങളിലും വിള്ളലുകളും കല്ലുകൾ അടർന്നുനിൽക്കുന്ന അവസ്ഥയിലുമാണ്. വിദ്യാർത്ഥികൾ വണ്ടി പാർക്ക് ചെയ്യുന്ന സ്ഥലം കൂടിയാണിവിടം. കോളേജ് റീഡിംഗ് ഏരിയായും ലൈബ്രറിയും ഇവിടെയായതുക്കൊണ്ടുതന്നെ വിദ്യാർത്ഥികളുടെ സാന്നിദ്ധ്യം എപ്പോഴും ഇവിടെയുണ്ട്.
നടപടിയെടുക്കുമെന്നാണ് നിലവിൽ പറഞ്ഞിട്ടുള്ളത്.ഇല്ലാത്തപക്ഷം സമരമായി മുന്നോട്ടുപോകാനാണ് വിദ്യാർത്ഥി സംഘടനകളുടെ തീരുമാനം.
റൂബൻ, നിയമ വിദ്യാർത്ഥി