ഇതൊരു വയനാടൻ പൊന്ന്
സീനിയർ പെൺകുട്ടികളുടെ 800,1500,3000, 4 കിലോമീറ്റർ ക്രോസ് കൺട്രി ഇനങ്ങളിൽ വെള്ളായണി അയ്യങ്കാളി സപോർട്സ് സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി എ.ആർ.നീതു നേടിയത് 4 സ്വർണം. കർഷകനായ അച്ഛൻ രാമനെ ഇടവേളകളിൽ സഹായിച്ച് കൃഷിയിടത്തോട് ചേർന്നുള്ള റോഡിൽ പരിശീലനവും നടത്തി വന്നിരുന്ന നീതു വലിയ സ്വപ്നങ്ങളൊന്നുമില്ലാതെയാണ് 2വർഷം മുൻപ് വയനാട് നിന്നും തിരുവനന്തപുരത്തേക്ക് ആദ്യമായി യാത്ര ചെയ്തത്.സൈന്യത്തിൽ ചേരണമെന്നാണ് ആഗ്രഹം. അമ്മ വത്സലയും സഹോദരി നമിതയും കായികതാരങ്ങളാണ്.
ക്രോസ് കൺട്രിയിൽ അയ്യങ്കാളി സ്‌പോർട്സ് സ്‌കൂൾ
ആൺ / പെൺ വിഭാഗം ക്രോസ് കൺട്രിയിൽ വെള്ളായണി അയ്യങ്കാളി സ്‌പോർട്സ് സ്‌കൂളിന് സുവർണ നേട്ടം. ആൺകുട്ടികളുടെ 6 കിലോമീറ്റർ ക്രോസ് കൺട്രിയിൽ കെ.എൽ ജിതിൻ ഒന്നാമതെത്തിയപ്പോൾ അയ്യങ്കാളിയിലെ ഇ.എം മിഥുൻ രണ്ടാമതെത്തി. അയ്യങ്കാളി സ്‌പോർട്സ് സ്‌കൂളിലെ പെൺകുട്ടികളുടെ 4 കിലോമീറ്റർ ക്രോസ് കൺട്രിയിൽ എ.ആർ നീതു ഒന്നാമതും കെ.എസ് സൂരജ രണ്ടാമതായും ഫിനിഷ് ചെയ്തു.പരിമിതികൾ നിറഞ്ഞ സ്കൂളിൽ നിന്നാണ് കുട്ടികൾ ഈ നേട്ടം കൈവരിച്ചത്.2 വർഷമായി സ്പോർട്സ് കിറ്റ് പോലും കുട്ടികൾക്ക് ലഭിച്ചിട്ടില്ല.പട്ടികജാതി പട്ടികവികസന വകുപ്പ് പ്രശ്നത്തിൽ ഇടപെടണമെന്നാണ് ആവശ്യം.