സംസ്ഥാനത്ത് സമഗ്ര ക്ഷീര സർവ്വെ നടപ്പാക്കും: മന്ത്രി ജെ. ചിഞ്ചുറാണി
കൽപ്പറ്റ: സംസ്ഥാനത്തെ പാലുത്പാദനത്തിന്റെ ശരിയായ കണക്ക് ലഭ്യമാക്കാൻ സമഗ്ര ക്ഷീര സർവ്വെ നടപ്പാക്കുമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. സംസ്ഥാന ക്ഷീരവികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ കേണിച്ചിറ സെന്റ് സെബാസ്റ്റ്യൻ ചർച്ച് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജില്ലാ ക്ഷീരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നിലവിലെ കണക്കുകൾ പ്രകാരം 10.79 ലക്ഷം ലിറ്റർ പാലാണ് സംസ്ഥാനത്ത് ഒരുദിവസം ഉത്പാദിപ്പിക്കുന്നത്. എന്നാൽ മിൽമയിൽ ലഭിക്കുന്ന പാലിന്റെ കണക്ക് മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള വിവരമാണിത്. കർഷകർ ഫാമുകളിൽ നിന്നും വീടുകളിൽ നിന്നും വിൽക്കുന്ന പാലിന്റെയും പ്രാഥമിക സഹകരണ സംഘങ്ങൾ വഴി വിൽക്കുന്ന പാലിന്റെയും കണക്കുകൾ ഇതിൽ ഉൾപ്പെടുന്നില്ല. ഈ സാഹചര്യത്തിലാണ് സമഗ്ര സർവ്വെ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.
പാലുത്പാദനത്തിൽ രാജ്യത്ത് കേരളം രണ്ടാം സ്ഥാനത്താണെന്നും ഉത്പാദനം വർദ്ധിപ്പിക്കാനുള്ള പദ്ധതികൾക്ക് സർക്കാർ പ്രാധാന്യം നൽകുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിൽ ഏറ്റവുമധികം പാലുത്പാദിപ്പിച്ച കർഷകർക്ക് മന്ത്രി പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ഐ.സി ബാലകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ മുഖ്യപ്രഭാഷണം നടത്തി. ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ്, എം.ആർ.സി.എം.പി.യു ഡയറക്ടർ റോസിലി തോമസ്, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഉഷ തമ്പി, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ, പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശൻ, പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ കാട്ടി, വാകേരി ക്ഷീരസംഘം പ്രസിഡന്റ് ജോസ് കെ.എം, ക്ഷീര കർഷക ക്ഷേമനിധി ബോർഡ് ഡയറക്ടർ കെ.കെ പൗലോസ്, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന ഭാരവാഹികൾ, ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.