റവന്യു ജില്ലാ കായിക മേള, ഈസ്റ്റ് കുതിപ്പിൽ
തൃശൂർ: റവന്യൂ ജില്ലാ കായിക മേളയിൽ ആദ്യദിനത്തിൽ ഈസ്റ്റ് ഉപജില്ലയുടെ മുന്നേറ്റം. താളപ്പിഴകളോടെ തുടങ്ങിയ ആദ്യ ദിനത്തിൽ 23 മത്സരങ്ങൾ പൂർത്തിയായപ്പോൾ 46 പോയന്റുമായാണ് ഈസ്റ്റ് മുന്നേറുന്നത്. ആറു സ്വർണം, നാലു വീതം വെള്ളിയും വെങ്കവും ഈസ്റ്റ് കരസ്ഥമാക്കി. മൂന്നു സ്വർണവും ആറു വെള്ളിയും ഒരു വെങ്കലവുമായി 34 പോയന്റ് നേടി ചാലക്കുടിയാണ് രണ്ടാമത്. മൂന്നു സ്വർണവും നാലു വെള്ളിയും നാലു വെങ്കലുമായി 31 പോയന്റ് നേടി ചാവക്കാട് മൂന്നാമതുണ്ട്. സ്കൂളുകളിൽ മൂന്നു സ്വർണം നാലു വെള്ളി രണ്ട് വെങ്കലം ഉൾപ്പടെ 29 പോയന്റോടെ ശ്രീകൃഷ്ണ ഹയർ സെക്കഡറി സ്കൂളാണ് മുന്നിൽ. രണ്ട് സ്വർണവും മൂന്നു വെള്ളിയും രണ്ട് വെങ്കലുമായി തൃശൂർ കാൽഡിയൻ സിറിയൻ ഹയർ സെക്കഡറി രണ്ടാമതുണ്ട്. ആളൂർ ആർ.എം.ഹയർ സെക്കൻഡറി സ്കൂൾ മൂന്നു സ്വർണവും ഒരു വെള്ളിയുമായി 18 പോയന്റ് നേടി മൂന്നാമതുണ്ട്.
പോൾവാൾട്ടിൽ ശ്രീകൃഷ്ണ സ്കൂൾ
കുന്നംകുളം: ജൂനിയർ ഗേൾസ് പോൾവാൾട്ടിൽ സ്വർണവും വെള്ളിയും നേടി ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ വിദ്യാർഥിനികൾ. പ്ലസ് വൺ വിദ്യാർഥിനിയായ ആവണി സുജിത്ത്, പത്താം ക്ലാസ് വിദ്യാർഥിനിയായ ദിൽഷ ഷാജി എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയത്. കഴിഞ്ഞ വർഷം സീനിയർ വിഭാഗത്തിൽ മത്സരിച്ച ആവണി ഒന്നാം സ്ഥാനം നേടിയിരുന്നു. എടക്കളത്തൂർ മുതുവന്നൂർ സുജിത്ത്-സരിത ദമ്പതികളുടെ മകളാണ് ആവണി.സഹോദരങ്ങൾ: അനഘ-അർജുൻ കൃഷ്ണ. ഗുരുവായൂർ മങ്ങാട്ട് കുന്നത്ത് ഷാജി-സിമി ദമ്പതികളുടെ മകളാണ് ദിൽഷ.
18 വർഷം പഴക്കമുള്ള മുളം കമ്പിൽ സ്വർണം ചാടിയെടുത്ത് നന്ദന
തൃശൂർ: സ്കൂളിലെ പതിനെട്ട് വർഷം പഴക്കമുള്ള മുളം കമ്പിൽ സ്വർണം ചാടിയെടുത്ത് നന്ദന. പോൾ വാൾട്ടിൽ ജയം നേടണമെന്ന മോഹത്തോടെയാണ് താന്നേക്കാൾ പ്രായം കൂടിയ മുളം കമ്പിൽ പരിശീലനം ആരംഭിച്ചത്. പത്തു ദിവസമായിരുന്നു പരിശീലനം. ജില്ലാ കായിക മേളയിൽ സീനിയർ വിഭാഗത്തിലാണ് ചേലക്കര എസ്.എം.ടി.ജി.എച്ച്.എസിലെ പ്ലസ്ടു വിദ്യാർഥിനിയായ നന്ദന എസ്. മേനോൻ മത്സരിച്ചത്. ആദ്യമായാണ് ജില്ലാതല മത്സരത്തിൽ പങ്കെടുക്കുന്നത്. നന്ദന 1.60 മീറ്ററാണ് ചാടിയത്. സമയത്ത് എത്താൻ കഴിയാത്തതിനാൽ കഴിഞ്ഞ തവണ മൂവായിരം മീറ്റർ ഓട്ടത്തിൽ മത്സരിക്കാൻ കഴിഞ്ഞിരുന്നില്ല. ഇത്തവണ 3000, 1500 മീറ്റർ ഓട്ടത്തിൽ മത്സരിക്കും. സ്കൂളിലെ കായികാദ്ധ്യാപകരായ സന്തോഷും മേരി ടീച്ചറുമാണ് പരിശീലകർ. കൃഷിക്കാരനായ തോന്നൂർക്കര അമ്പലപ്പാട്ട് ശിവദാസ്- പ്രേമകുമാരി ദമ്പതികളുടെ ഏകമകളാണ്.
സ്വർണം എറിഞ്ഞിട്ട് റിസ്വാന ഷാജുദീൻ
തൃശൂർ: സബ് ജൂനിയർ ഷോട്ട്പുട്ടിൽ 8.66 മീറ്ററിൽ സ്വർണം എറിഞ്ഞിട്ട് തൃശൂർ സേക്രഡ് ഹാർട്ട് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി റിസ്വാന ഷാജുദീൻ. കഴിഞ്ഞ വർഷം സംസ്ഥാന സി.ബി.എസ്.ഇ കായികമേളയിൽ സ്വർണം നേടിയ റിസ്വാന നാഷണൽ കായിക മേളയിലും പങ്കെടുത്തിരുന്നു. ഡിസ്കസ് ത്രോയിലും മത്സരിക്കുന്നുണ്ട്. തെക്കുംകര മണലിത്തറ തൊണ്ടിക്കാട്ട് വളപ്പിൽ ഷാജുദീൻ-ഹസിത ദമ്പതികളുടെ മകളാണ്. സഹോദരി മുഹസീന ബംഗളൂരുവിൽ വിദ്യാർത്ഥിനിയാണ്.
നാലാം വർഷവും ശിവപ്രിയ
തൃശൂർ: നാലാം വർഷവും ഷോട്ട്പുട്ടിൽ സ്വർണമണിഞ്ഞ് ശിവപ്രിയ. സീനിയർ വിഭാഗം ഷോട്ട്പുട്ടിൽ തുടർച്ചയായി രണ്ടാം തവണയാണ് തൃശൂർ മോഡൽ ബോയ്സ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയായ വി. ശിവപ്രിയ സ്വർണം നേടുന്നത്. ഇതോടെ ജൂനിയർ വിഭാഗത്തിൽ രണ്ട് തവണവും സീനിയർ വിഭാഗത്തിൽ തുടർച്ചയായി രണ്ടാം വർഷവും സ്വർണം നേടി. കഴിഞ്ഞ മൂന്നു വർഷവും ഡിസ്കസിലും ശിവപ്രിയ സ്വർണം നേടിയിരുന്നു. ഫെൻസിംഗ് താരമാണ് ഈ മിടുക്കി. കഴിഞ്ഞ വർഷം ജാവ്ലിനിൽ വെള്ളിയും മുമ്പ് രണ്ടു വർഷങ്ങളിൽ സ്വർണവും നേടിയിരുന്നു. ജാവ് ലിൻ, ഡിസ്കസ് ത്രോ മത്സങ്ങളിലും ഇത്തവണ മത്സരത്തിനുണ്ട്. കോലഴി വെള്ളൂർ വിനോദ്-മഞ്ജുള ദമ്പതികളുടെ മകളാണ്. സഹോദരൻ ശിവശങ്കറും ഫെൻസിംഗ് താരമാണ്. കെ.എസ്.ആർച്ചയാണ് ഈയിനത്തിൽ രണ്ടാം സ്ഥാനം. സ്പോഴ്സ് ഗ്രിഡ് അക്കാഡമിയിലെ വിജോയുടെ ശിക്ഷണത്തിലാണ് പരിശീലനം.
ലോംഗ് ജംപിൽ അശ്വതി മേധാവിത്വം
തൃശൂർ: ജംപ്പ് പിറ്റിൽ മേധാവിത്വം ആവർത്തിച്ച് വി.ബി.അശ്വതി. കഴിഞ്ഞ തവണ ലോഗ് ജംപിൽ ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ നേടിയ സ്വർണം ഇത്തവണയും സ്വന്തമാക്കുകയായിരുന്നു അശ്വതി. കഴിഞ്ഞ വർഷം സംസ്ഥാന കായിക മേളയിൽ ലോംഗ് ജംപിലും 100 മീറ്റർ ഹഡിൽസിലും വെങ്കലം നേടിയിരുന്നു. ഇന്ന് 100 മീറ്റർ ഹഡിൽസിലും നാളെ ട്രിപ്പിൾ ജംപിലും മത്സരിക്കും. സ്പോർട്സിൽ കൂടുതൽ ശ്രദ്ധചെലുത്തുന്നതിനായി നാട്ടിക ഫീഷറീസ് സ്കൂളിലേക്ക് മാറിയ അശ്വതി സംസ്ഥാന മേളയിൽ ജില്ലയുടെ സ്വർണ പ്രതീക്ഷയാണ്. ഓട്ടോ ഡ്രൈവറായ മനോജിന്റെയും രശ്മിയുടെയും മകളാണ്. സഹോദരി ആതിരയും മത്സരരംഗത്തുണ്ട്.
കായികാദ്ധ്യാപകർ 'കളിച്ചു ' കുട്ടിതാരങ്ങൾ 'വലഞ്ഞു'
തൃശൂർ: ഇന്നലെ ആരംഭിച്ച റവന്യൂ സ്കൂൾ കായിക മേളിൽ കായികാദ്ധ്യാപകരുടെ ' കളിയിലും ' സംഘാടകരുടെ പിടിപ്പു കേടിലും പൊരിവെയിലിൽ താരങ്ങൾ കാത്തിരിക്കേണ്ടി വന്നത് മണിക്കൂറുകളോളം. ഉപജില്ലകളിൽ നിസഹകരണ സമരം തുടർന്ന സാഹചര്യത്തിൽ നിർബന്ധിത ഡ്യൂട്ടി ഉത്തരവ് വിദ്യാഭ്യാസ ഉപഡയറക്ടർ പുറപ്പെടുവിപ്പിച്ചിരുന്നു. എന്നാൽ ഹാജർ രേഖപ്പെടുത്തിയെങ്കിലും മെല്ലേപോക്ക് തന്ത്രം പയറ്റിയതോടെ ആദ്യദിനത്തിൽ ഉച്ചവരെ മത്സരം താളം തെറ്റി. ഉദ്ഘാടന സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് കായികാദ്ധ്യാപകരുടെ ആവശ്യങ്ങൾ ഉന്നയിച്ച് ബാനറുകളുമായി അദ്ധ്യാപകർ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം മുൻകൂട്ടി അറിഞ്ഞിട്ടും സംഘാടകർ മുൻ കരുതലെടുത്തിലെന്നും ആരോപിണമുണ്ട്. പ്രതിഷേധം ഗ്രൗണ്ടിലേക്ക് ഇറങ്ങിയതോടെ എ.സി.മൊയ്തീൻ എം.എൽ.എ ഇടപെട്ടു. ഗ്രൗണ്ടിൽ പ്രതിഷേധം അനുവദിക്കില്ലെന്നും കായികാദ്ധ്യാപകരുടെ ആവശ്യങ്ങൾക്ക് ഒപ്പമാണ് താനെന്ന് എം.എൽ.എ പറഞ്ഞു. രക്ഷിതാക്കൾ പ്രതിഷേധിച്ചതോടെയാണ് മത്സരങ്ങൾക്ക് വേഗം കൂടിയത്. കായികാദ്ധ്യാപകരുടെ ആവശ്യങ്ങളെ രക്ഷിതാക്കളടക്കമുള്ളവർ പിന്തുണയ്ക്കുന്നുണ്ടെങ്കിലും കുട്ടികളെ വലയ്ക്കുന്നതിനെതിരാണെന്ന് രക്ഷിതാക്കൾ പറഞ്ഞു. അത് ലറ്റിക് അസോസിയേഷൻ അദ്ധ്യാപകർക്ക് പിന്തുണ പ്രഖ്യാപിച്ച് മാറിനിന്നതും തിരിച്ചടിയായി.
കൊടിക്കും ടേപിനും രണ്ട് മണിക്കൂറോളം
കായികാദ്ധ്യാപകർ മെല്ലേ പോക്ക് നയം തുടർന്നതോടെ മത്സരത്തിനായി ടേപ്പ് എത്തിക്കാൻ എടുത്തത് രണ്ട് മണിക്കൂറോളം. ജൂനിയർ വിഭാഗം ലോംഗ് ജംപ് മത്സരത്തിന് കുട്ടികൾ 9 ന് ഗ്രൗണ്ടിൽ എത്തിയിരുന്നു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം മത്സരം തുടങ്ങുമെന്ന് പ്രതീക്ഷിച്ചെങ്കിലും ആരംഭിച്ചത് പന്ത്രണ്ട് മണിക്കായിരുന്നു. ആദ്യം കൊടികൾ എത്തിച്ചില്ലെന്നും പിന്നീട് ടേപ്പിന് നീളം കുറഞ്ഞെന്നുമുള്ള കാരണം പറഞ്ഞാണ് മത്സരം വൈകിയത്. പോൾവാൾട്ട് നടക്കുന്നിടത്ത് മേശ എത്തിക്കാൻ വൈകിയതിലും കുട്ടിത്താരങ്ങൾ ദുരിതം പേറി.
വെളിച്ചക്കുറവ് : ഏഴിനങ്ങൾ മാറ്റി
തൃശൂർ: മഴയും വെളിച്ചകുറവും ജില്ലാ കായിക മേളയിലെ ഏഴ് ഇനങ്ങൾ അടുത്ത ദിവസത്തേക്ക് മാറ്റിവച്ചു. സംഘാടകരുടെ പിടിപ്പുക്കേടാണ് മത്സരം വൈകാൻ കാരണമെന്ന് രക്ഷിതാക്കൾ പറഞ്ഞു. ഇതോടെ താരങ്ങൾ ഇന്നും വരണം. വൈകീട്ട് ആറരയോടെ മൈതാനം ഇരുട്ടിലായി. പോൾ വാൾട്ട് മത്സരത്തിന് മൊബൈൽ വെളിച്ചത്തിലാണ് കുട്ടികളുടെ ഉയരം കുറിച്ചെടുത്തത്. പോൾ കുത്തി ചാടേണ്ട കുഴിയും കുട്ടികൾക്ക് കാണാൻ സാധിക്കാതിരുന്നത് പ്രകടനത്തെ ബാധിച്ചു. ജാവലിന് ത്രോ മത്സരത്തിനും വെളിച്ചക്കുറവ് തടസമായി. സീനിയർ ബോയ്സ്, സീനിയർ ഗേൾസ് ജൂനിയർ, ഗേൾസ് ഇനങ്ങളിലുള്ള 400 മീറ്റർ ഹർഡിൽസ് ശനിയാഴ്ച രാവിലെ എട്ടിന് നടത്തും. സീനിയർ ഗേൾസ്, സീനിയർ ബോയ്സ് ജാവലിൻ ത്രോ ഇന്ന് രാവിലെ എട്ടിനും സീനിയർ ബോയ്സ്, ജൂനിയർ ബോയ്സ് 5000 മീറ്റർ നടത്തം ഒമ്പതിനും നടത്തും. 50 ഇനങ്ങളിലെ മത്സരങ്ങളാണ് വ്യാഴാഴ്ച ഷെഡ്യൂൾ ചെയ്തിരുന്നത്. ഇതിലെ 43 ഇനങ്ങൾ പൂർത്തിയാക്കി.
മിന്നുംതാരങ്ങൾ
തൃശൂർ : റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ ടി.ആർ. സനീഷും പെൺകുട്ടികളുടെ വിഭാഗത്തിൽ ഇ.ജെ.സോണിയയും വേഗതാരങ്ങൾ. 100 മീറ്റർ ഓട്ടത്തിൽ 11 സെക്കഡന്റിലാണ് കുന്നംകുളം മോഡൽ ബോയ്സ് സ്കൂളിലെ വിദ്യാർത്ഥിയായ സനീഷ് സ്വർണമണിഞ്ഞത്. പെൺകുട്ടികളുടെ വിഭാഗത്തിൽ ആളൂർ ആർ.എം.എസിലെ ഇ.ജെ.സോണിയ മിന്നും താരമായി. ലോംഗ് ജംപിലും കൂടി സ്വർണമണിഞ്ഞ് ഇരട്ടമെഡലിനും അർഹയായി. കുന്നംകുളം മോഡൽ ബോയ്സിലെ ജിയോ ഐസക്ക് സെബാസ്റ്റ്യൻ (ജൂനിയർ ആൺകുട്ടികൾ) ആർ.എം.എസ് ആളൂരിലെ സി.എസ്.അന്ന മരിയ (ജൂനിയർ പെൺകുട്ടികൾ), സെന്റ് പോൾസ് കുരിയച്ചിറയിലെ സി. എംയറയാൻ (സബ് ജൂനിയർ ആൺകുട്ടികൾ)കാൾഡിയൻ സിറിയൻ തൃശൂരിലെ അഭിനന്ദന രാജേഷ് (സബ് ജൂനിയർ പെൺകുട്ടികൾ) എന്നിവരും നൂറു മീറ്ററിൽ സ്വർണം നേടി മേളയുടെ താരങ്ങളായി.
റിപ്പോർട്ടുകൾ കൃഷ്ണകുമാർ ആമലത്ത് ഫോട്ടോ അമൽ സുരേന്ദ്രൻ