ഉദ്ഘാടനത്തിനൊരുങ്ങി സംയുക്ത കുടിവെള്ളസംഭരണി
കടയ്ക്കാവൂർ: അഞ്ചുതെങ്ങിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി അഞ്ചുലക്ഷം ലിറ്റർ വെള്ളം സംഭരണശേഷിയുള്ള ടാങ്ക് അഞ്ചുതെങ്ങ് പഞ്ചായത്താഫീസ് കോമ്പൗണ്ടിൽ നിർമ്മിച്ചു.
പദ്ധതിയുടെ നിർമ്മാണ ചെലവ് 3,14,07,613 രൂപയാണ്. ഈ തുക ത്രിതല പഞ്ചായത്ത് സംയുക്തമായി കണ്ടെത്തി കേരള വാട്ടർഅതോറിട്ടിയുമായി സഹകരിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. 1,79,10,598രൂപ ഗ്രാമപഞ്ചായത്തും, 45,00,000രൂപ ബ്ലോക്ക് പഞ്ചായത്തും, 89,97,015രൂപ ജില്ലാപഞ്ചായത്തും നൽകി.
2024 ഫെബ്രുവരിയിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കിയാണ് നിർമ്മാണപ്രവൃത്തികൾ ആരംഭിച്ചത്. ഈ ജലസംഭരണിയിൽ ആറ്റിങ്ങൽ ജല അതോറിട്ടി ഓഫീസിൽ നിന്നും പൈപ്പ് വഴിയെത്തിക്കുന്ന വെള്ളം താഴെയുള്ള ടാങ്കിൽ ശേഖരിച്ച് പമ്പ് ചെയ്ത് മുകളിലെ ടാങ്കിലെത്തിച്ച് പഞ്ചായത്തിലെ വീടുകളിൽ വിതരണം ചെയ്യും. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ പഴയ പെെപ്പ് ലെെനുകൾ മാറ്റി പുതിയത് സ്ഥാപിച്ചു. ഉദ്ഘാടനം 21ന് വൈകിട്ട് 3ന് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും.