പരാധീനതകളുടെ നടുവിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രി

Friday 17 October 2025 1:59 AM IST

ചിറയിൻകീഴ്: നിർധനരായ മത്സ്യ-കാർഷിക-കയർ മേഖലയിലെ ജനങ്ങളുടെ ആശ്രയ കേന്ദ്രമാണ് ചിറയിൻകീഴ് താലൂക്ക് ആശുപത്രി. കിടത്തി ചികിത്സയ്ക്ക് മതിയായ സൗകര്യമില്ലാത്തതാണ് ആശുപത്രി നേരിടുന്ന പ്രധാന വിഷയങ്ങളിലൊന്ന്. ആശുപത്രിയിലെ സ്ത്രീകളുടെയും പുരുഷന്മാരുടെയും കുട്ടികളുടെയും വാർഡായ ജനറൽ വാർഡ് ഇപ്പോൾ പ്രവർത്തനരഹിതമാണ്. മൂന്നുനില മന്ദിരത്തിൽ ഡയാലിസിസ് മാത്രമാണ് നടക്കുന്നത്.

മന്ദിരവും അപകടാവസ്ഥയിലാണ്. ഓപ്പറേഷൻ കഴിയുന്ന രോഗികളെ മുൻകാല പോസ്റ്റ് ഓപ്പറേഷൻ വാർഡിലും ഓഫീസ് മന്ദിരത്തിലുമാണ് ഇപ്പോൾ കിടത്തുന്നത്. ആശുപത്രിയിലെ അസൗകര്യം കാരണം ഇൻപേഷ്യന്റ് രോഗികളുടെ എണ്ണത്തിൽ വലിയ കുറവാണുള്ളത്. മറ്റിടങ്ങളിൽ നിന്നും ചിറയിൻകീഴിലേക്ക് റഫർ ചെയ്യുന്ന രോഗികളെയും ഇവിടെ അഡ്മിറ്റ് ചെയ്യാറില്ലെന്ന പരാതിയും വ്യാപകമാണ്. ദിനംപ്രതി ആയിരത്തോളം ആളുകളാണ് ചികിത്സയ്ക്കായി ഇവിടെയെത്തുന്നത്.

ഡോക്ടറുടെ സേവനം ആവശ്യം

മുൻകാലങ്ങളിൽ ഇവിടെ സ്കിൻ ഡോക്ടറുടെ സേവനം ഉണ്ടായിരുന്നെങ്കിലും ഇപ്പോഴില്ല. ഫിസിയോതൊറാപ്പിസ്റ്റിന്റെ സേവനവും ലഭിക്കാറില്ലെന്ന പരാതിയുണ്ട്. ഫിസിഷ്യൻ വിഭാഗത്തിൽ ഒരാളുടെ ഒഴിവുണ്ട്. നിലവിലുള്ള ഫിസിഷ്യൻ ഡോക്ടർക്ക് നൈറ്റ് ഡ്യൂട്ടി വരികയാണെങ്കിൽ പിറ്റേ ദിവസം ഫിസിഷ്യൻ ഒ.പിയിൽ ഡോക്ടർ കാണില്ല. കണ്ണ് ഡോക്ടർ ആഴ്ചകളായി അവധിയിലാണ്. രാത്രിയിൽ ക്യാഷ്വാലിറ്റി ഡോക്ടറായി മിക്കവാറും ഒരാളേ ഉണ്ടാകാറുള്ളൂ. ഒരു ഡോക്ടറുടെ സേവനംകൂടി വേണമെന്ന ആവശ്യവും നിലനിൽക്കുകയാണ്.

മരുന്നുകളുടെ ലഭ്യതക്കുറവും

മരുന്നുകളുടെ ലഭ്യതക്കുറവും രോഗികളെ വലയ്ക്കുന്നുണ്ട്. രാത്രിയിൽ മരുന്നിന് ആവശ്യമുണ്ടായാൽ കിലോമീറ്ററുകൾ താണ്ടേണ്ട അവസ്ഥയാണ്. പബ്ലിക് ടോയ്ലെറ്റുമില്ല. ആശുപത്രിയുടെ മുൻ വശത്തെ മതിൽ കെട്ടിയടയ്ക്കാത്തതുകാരണം ആശുപത്രി പരിസരം തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമാണ്. പല ബിൽഡിംഗുകളുടെ മുകളിലും വശങ്ങളിലും പാഴ്ച്ചെടികൾ വളർന്നിറി ബലക്ഷയം സംഭവിച്ചിട്ടുണ്ട്.

ആവശ്യം ശക്തം

നിർമാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലേക്ക് കടന്ന ഏഴ് നിലകളുള്ള സൂപ്പർ സ്പൈഷ്യാലിറ്റി ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ദുരിതങ്ങൾക്ക് പരിഹാരം കണ്ടെത്തണമെന്നാണ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ആവശ്യം.