അസാധാരണ കേസിൽ മതി സി.ബി.ഐ: സുപ്രീംകോടതി
Friday 17 October 2025 12:43 AM IST
ന്യൂഡൽഹി: അസാധാരണ കേസുകളിൽ മാത്രമേ ഹൈക്കോടതികൾ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടാൻ പാടുള്ളൂവെന്ന് സുപ്രീംകോടതി. ഉത്തർപ്രദേശിലെ നിയമസഭാ സെക്രട്ടേറിയറ്റിലേക്കുള്ള റിക്രൂട്ട്മെന്റിൽ ക്രമക്കേട് ആരോപിച്ച ഹർജികളിൽ, അലഹബാദ് ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. നടപടി സുപ്രീംകോടതി റദ്ദാക്കി.
സി.ബി.ഐ അന്വേഷണമെന്നത് അപൂർവ സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട അസാധാരണ നടപടിയാണ്. അവസാന ആശ്രയമെന്ന നിലയ്ക്കാണ് കാണേണ്ടത്. സംസ്ഥാന ഏജൻസികളുടെ സംശയകരമായ നിലപാടുകളും വീഴ്ചകളും, മൗലികാവകാശം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം, രാജ്യതാത്പര്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവ ഉയർന്നാൽ ഉത്തരവിടാം. ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി,വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.