കൊടിനട-വഴിമുക്ക് വികസനം ഭൂവുടമകൾ കളക്ടറെ കാണും തലസ്ഥാനത്തിന് അവഗണന
ബാലരാമപുരം: കരമന-കളിയിക്കാവിള ദേശീയപാത വികസനത്തിന്റെ ഭാഗമായി കൊടിനട മുതൽ വഴിമുക്കുവരെ 102 കോടി രൂപ അനുവദിച്ചിട്ടും ഫണ്ട് വകമാറ്റിയെന്ന് ആരോപണം.ഭൂവുടമകൾ കളക്ടറെ നേരിൽക്കണ്ട് പരാതി അറിയിക്കും. ദേശീയപാത വികസനം സംബന്ധിച്ച് നിയമസഭയിൽ നിരവധി തവണ സബ്മിഷനുകൾ ഉന്നയിച്ചെങ്കിലും നടപടി വൈകുകയാണ്.കളക്ടറെ നേരിൽക്കണ്ട് വസ്തു വിട്ടുനൽകിയ പ്രമാണവും രേഖകളും തിരികെ ആവശ്യപ്പെടുമെന്നും ഭൂവുടമകൾ പറയുന്നു. നഷ്ടപരിഹാരം ലഭിക്കേണ്ടവരിൽ 60ൽപ്പരം ഭൂവുടമകളും 125ൽപ്പരംപേർ കച്ചവടക്കാരും തൊഴിലാളികളുമാണ്. ബാലരാമപുരത്ത് കച്ചവട സ്ഥാപനങ്ങളിൽ ഉപജീവനം തേടിയിരുന്ന തൊഴിലാളികൾ വർഷങ്ങൾക്ക് മുമ്പേ മറ്റ് തൊഴിലിടം തേടി പോയിരുന്നു. ബാലരാമപുരത്ത് കച്ചവടമിപ്പോൾ പേരിനുമാത്രമാണ്.നഷ്ടപരിഹാരം പ്രതീക്ഷിച്ച് വായ്പയെടുത്തവരും മറ്റ് കച്ചവടം നടത്തി നഷ്ടം സംഭവിച്ചവരും നിരവധി പേരുണ്ട്. പുതുതായി നിർമ്മിച്ച കെട്ടിടം പോലും വില്പനയ്ക്കായി ബോർഡ് പതിച്ചിരിക്കുന്നു.ഏഴ് വർഷം കഴിഞ്ഞിട്ടും നഷ്ടപരിഹാരം വിതരണം ചെയ്യാതെ സർക്കാർ ഭൂവുടമകളെ കബളിപ്പിക്കുകയാണെന്നും പ്രതിഷേധക്കാർ പറഞ്ഞു.
നഷ്ടപരിഹാരം വൈകും
കൊടിനട മുതൽ വഴിമുക്ക് വരെ ഒരു മാസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകുമെന്ന സർക്കാർ പ്രഖ്യാപനവും പാഴ്വാക്കാവുകയാണ്.തദ്ദേശ തിരഞ്ഞെടുപ്പിന്റെ നോട്ടിഫിക്കേഷന് ദിവസങ്ങൾ ശേഷിക്കെ ദ്രുതഗതിയിൽ നഷ്ടപരിഹാരം വിതരണം ചെയ്യുമെന്ന സാദ്ധ്യതകളും മങ്ങി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് സർക്കാർ നിലവിൽ കൂടുതൽ പ്രാധാന്യം നൽകുന്നത്.
തലസ്ഥാനത്തിന് അവഗണന
മറ്റ് ജില്ലകളിലെ വികസനപ്രവർത്തനങ്ങൾക്ക് ടൂറിസം-മരാമത്ത് വകുപ്പുകൾ കിഫ്ബി സഹായത്തോടെ ചുക്കാൻ പിടിക്കുമ്പോൾ തലസ്ഥാന ജില്ലയെ അവഗണിക്കുന്നുവെന്നാണ് ആരോപണം.തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന പ്രധാന പാതയായ തിരുവനന്തപുരം –കന്യാകുമാരി സ്റ്റേറ്റ് ഹൈവേയ്ക്ക് അവഗണന മാത്രമാണെന്നാണ് ബാലരാമപുരത്തെ കച്ചവടക്കാർ ഒന്നടങ്കം പറയുന്നത്.തലസ്ഥാന ജില്ലയുടെ വികസനത്തിനായി ഇടത് എം.എൽ.എമാർ ശബ്ദമുയർത്തുന്നില്ലെന്നും പാർട്ടിക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്.
സമരത്തിന് ഫ്രാബ്സും
കൊടിനട –വഴിമുക്ക് വികസനം അനിശ്ചിതമായി നീളുന്നതിനെതിരെ ജനകീയ പ്രക്ഷോഭങ്ങളിൽ ഫ്രാബ്സും പങ്കെടുക്കും. ഭൂവുടമകളും കച്ചവടക്കാരും നഷ്ടപരിഹാരം പ്രതീക്ഷിച്ച് വർഷങ്ങളായി കാത്തിരിക്കുകയാണ്.
തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പും സമീപത്തായി നടക്കാനിരിക്കെ കൊടിനട- വഴിമുക്ക് ദേശീയപാത വികസനത്തിന് യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ നടപടി സ്വീകരിക്കണം.
ഫ്രാബ്സ് ജനറൽ സെക്രട്ടറി
ബാലരാമപുരം അൽഫോൺസ്