തിര‍ഞ്ഞെടുപ്പ് കമ്മിഷന് സുപ്രീം പ്രകീർത്തനം  സുപ്രീംകോടതി പരാമർശം ബീഹാർ വോട്ടർ പട്ടിക വിഷയത്തിൽ

Friday 17 October 2025 1:02 AM IST

ന്യൂഡൽഹി: തിര‍ഞ്ഞെടുപ്പ് കമ്മിഷന് അവരുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് തികഞ്ഞ ബോദ്ധ്യമുണ്ടെന്ന് സുപ്രീംകോടതി പ്രകീർത്തിച്ചു, ബീഹാറിലെ തീവ്ര വോട്ടർപട്ടിക പുതുക്കൽ നടപടിക്കെതിരെ 'ഇന്ത്യ' മുന്നണിയിലെ രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. ബീഹാറിലെ അന്തിമ വോട്ടർപട്ടിക ആവശ്യമായ മാറ്റങ്ങളോടെ പ്രസിദ്ധീകരിക്കാൻ കമ്മിഷൻ ബാദ്ധ്യസ്ഥരാണെന്നും കോടതി ഓർമ്മിപ്പിച്ചു.

മാറ്റങ്ങളോടെ പട്ടിക പ്രസിദ്ധീകരിക്കാനുള്ള നടപടികളിലാണ് തങ്ങളെന്ന് കമ്മിഷൻ അറിയിച്ചു. കരടുപട്ടികയിൽ നിന്ന് അന്തിമപട്ടികയിലേക്ക് എത്തിയപ്പോൾ 3.66 ലക്ഷം വോട്ടർമാരെ ഒഴിവാക്കിയെന്നും, 21 ലക്ഷം പേരെ അധികമായി ചേർത്തുവെന്നും ഹർജിക്കാർ വാദിച്ചു. ഇവരുടെ പേരുവിവരങ്ങൾ പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടു. വിഷയം അവസാനിച്ചിട്ടില്ലെന്നും, നവംബർ 4ന് വീണ്ടും പരിഗണിക്കുമെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ബീഹാർ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ, തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിക്കുന്ന വോട്ടർപട്ടിക നിർണായകമാണ്.

മുസ്ലിം വോട്ട‌ർമാരെ ഒഴിവാക്കിയിട്ടില്ല

ബീഹാറിൽ മുസ്ലിം വോട്ട‌ർമാരെ വ്യാപകമായി ഒഴിവാക്കിയെന്ന ഹർജിക്കാരുടെ ആരോപണം തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചില്ല. വോട്ടറുടെ മതം വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നില്ല. മറ്റു സംസ്ഥാനങ്ങളിലെ തീവ്ര വോട്ടർപട്ടിക പുതുക്കൽ നടപടികൾ തടയുകയാണ് ഹർജിക്കാരുടെ ലക്ഷ്യം.

'സീറോ' എന്ന നമ്പറിൽ 421,000ൽപ്പരം വീടുകൾ വോട്ടർപട്ടികയിലുണ്ടെന്ന ആക്‌ടിവിസ്റ്റ് യോഗേന്ദ്ര യാദവിന്റെ വാദത്തിനും കമ്മിഷൻ മറുപടി നൽകി. പല കാരണങ്ങളാൽ വീട്ടുനമ്പർ ലഭിക്കാത്ത കുടുംബങ്ങളുടെ താത്കാലിക വീട്ടു നമ്പറാണത്. അവർക്ക് വോട്ട് ഉറപ്പാക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.