പൊന്നേ, പാലേ

Friday 17 October 2025 1:59 AM IST

കായിക മേളയ്ക്ക് ഇന്ന് കൊടിയിറക്കം

പാലാ: ജില്ലാ സ്കൂൾ കായിക മേളയുടെ രണ്ടാം ദിനവും പാലായുടെ പടയോട്ടം. 30 സ്വർണവും 17 വെള്ളിയും 11 വെങ്കലവും ഉൾപ്പെടെ 258 പോയിന്റുമായി എതിരാളികളെക്കാൾ ഏറെ മുന്നിലാണ്‌ പാലാ. 118 പോയിന്റുമായി കാഞ്ഞിരപ്പള്ളി രണ്ടാമതും 109 പോയിന്റുമായി ഇ‍ൗരാറ്റുപേട്ട മൂന്നാമതുമുണ്ട്. പാലായുടെ പടയാളികളായി പാലാ സെന്റ്‌ തോമസ്‌ എച്ച്‌.എസ്‌.എസാണ്‌ സ്‌കൂളുകളിൽ ഒന്നാമത്‌. 17 സ്വർണവും 10 വെള്ളിയും അഞ്ച്‌ വെങ്കലവുമുൾപ്പെടെ 120 പോയിന്റാണ് സെന്റ് തോമസിന്റെ അക്കൗണ്ടിലുള്ളത്. 71 പോയിന്റുമായി പൂഞ്ഞാർ എസ്‌.എം.വി എച്ച്‌.എസ്‌.എസും 28 പോയിന്റുമായി കാഞ്ഞിരപ്പള്ളി ജി.എച്ച്‌.എസ്‌.എസും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുണ്ട്‌. ഇന്ന് നടക്കുന്ന സമാപന യോഗം മന്ത്രി വി.എൻ വാസവൻ ഉദ്‌ഘാടനംചെയ്യും. ജോസ്‌ കെ.മാണി അദ്ധ്യക്ഷത വഹിക്കും.

5 റെക്കാഡുകൾ

റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ ആദ്യ രണ്ട് ദിനങ്ങളിൽ അഞ്ച് മീറ്റ് റെക്കോഡുകൾ പിറന്നു.

സീനിയർ പെൺകുട്ടികഉടെ 3 കി.മീ നടത്തത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ജി.എച്ച്.എസിലെ വൈഷ്ണവി (18.02), ​ജൂനിയർ പെൺകുട്ടികളുടെ 400 മീറ്ററിൽ 1.01.38 സമയത്തിലും (പഴയ റെക്കോഡ് 1.01.50) ജൂനിയർ ബോയ്സ് 100 മീറ്റർ ഓട്ടത്തിൽ 10.91 സമയത്തിലും (പഴയ റെക്കോഡ് 11.03) പുതിയ റെക്കോഡുകൾ സ്ഥാപിച്ചു. ​4x400 മീറ്റർ റിലേയിൽ സീനിയർ, ജൂനിയർ വിഭാഗങ്ങളിലും പാലാ സബ് ജില്ല റെക്കോഡ് തിരുത്തി. സീനിയറിൽ 3.37 (പഴയ റെക്കോഡ്) മറികടന്ന് 3.27-ലും, ജൂനിയറിൽ 3.41 തിരുത്തി 3.39-ലും ഫിനിഷ് ചെയ്തു.