ഷട്ട്ഡൗൺ പിരിച്ചുവിടൽ തടഞ്ഞ് യു.എസ് കോടതി
Friday 17 October 2025 7:43 AM IST
വാഷിംഗ്ടൺ: യു.എസിൽ സർക്കാർ സ്ഥാപനങ്ങളിൽ ഷട്ട്‌ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ, ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം താത്കാലികമായി തടഞ്ഞ് കാലിഫോർണിയയിലെ ഫെഡറൽ കോടതി. പിരിച്ചുവിടൽ നിയമവിരുദ്ധമാണെന്ന് കാട്ടി വിവിധ യൂണിയനുകൾ കോടതിയെ സമീപിക്കുകയായിരുന്നു. വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും.
ധനാനുമതി ബിൽ പാസാക്കാൻ കഴിയാതെ വന്നതോടെ ഈമാസം 1നാണ് യു.എസിൽ ഷട്ട്‌ഡൗൺ ഏർപ്പെടുത്തിയത്. ബിൽ പാസാക്കാനുള്ള ഒമ്പത് ശ്രമങ്ങൾ പരാജയപ്പെട്ടു. അവശ്യ സർവീസുകൾ ഒഴികെ സർക്കാർ വകുപ്പുകളുടെ പ്രവർത്തനം സ്തംഭിച്ചു. പ്രതിസന്ധി മറികടക്കാൻ നാലായിരത്തിലേറെ ഫെഡറൽ ജീവനക്കാർക്കാണ് ഇതുവരെ പിരിച്ചുവിടൽ നോട്ടീസ് നൽകിയത്.