ആക്രമണത്തിന് മടിക്കില്ലെന്ന് ഇസ്രയേൽ --- ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെത്താനാകാതെ ഹമാസ്

Friday 17 October 2025 7:44 AM IST

ടെൽ അവീവ്: ഗാസ സമാധാന കരാർ ഹമാസ് പാലിച്ചില്ലെങ്കിൽ വീണ്ടും ആക്രമണമാരംഭിക്കേണ്ടി വരുമെന്ന ഭീഷണിയുമായി ഇസ്രയേൽ. ഹമാസിന്റെ തടവിലിരിക്കെ കൊല്ലപ്പെട്ട ഇസ്രയേലി ബന്ദികളുടെ മൃതദേഹങ്ങൾ വിട്ടുനൽകുന്നത് മന്ദഗതിയിൽ നീങ്ങവെ, ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സാണ് ഭീഷണി മുഴക്കിയത്.

ഇന്നലെ പുലർച്ചെ രണ്ട് ബന്ദികളുടെ മൃതദേഹങ്ങൾ കൂടി ഇസ്രയേലിന് വിട്ടുകൊടുത്തു. മറ്റ് മൃതദേഹങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പ്രത്യേക ഉപകരണങ്ങളുടെ സഹായത്താൽ മാത്രമേ കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽ നിന്ന് അവ വീണ്ടെടുക്കാൻ കഴിയൂ എന്നും ഹമാസ് അറിയിച്ചു. ഇന്നലെ 30 പാലസ്തീനികളുടെ മൃതദേഹം ഇസ്രയേൽ വിട്ടുനൽകി.

ഓരോ ഇസ്രയേലി ബന്ദിയുടെ മൃതദേഹം കൈമാറുമ്പോഴും 15 പാലസ്തീനികളുടെ മൃതദേഹങ്ങൾ വീതം വിട്ടുനൽകുമെന്നാണ് കരാറിലെ ധാരണ. ബന്ദികളുടെ മൃതദേഹങ്ങളെല്ലാം ലഭിക്കും വരെ ഗാസയിലേക്കുള്ള സഹായ വിതരണങ്ങൾ നിയന്ത്രിച്ച് ഹമാസിന് മേൽ സമ്മർദ്ദം ചെലുത്തണമെന്ന് ഇസ്രയേലിലെ തീവ്രവലതുപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു.

# ഇസ്രയേലി ബന്ദികളുടെ മൃതദേഹങ്ങൾ

 9 - ഇതുവരെ കൈമാറിയത്

 19 - ഗാസയിൽ ശേഷിക്കുന്നത്

# റാഫ അതിർത്തി തുറക്കും

ഗാസയ്ക്കും ഈജിപ്റ്റിനും ഇടയിലെ റാഫ അതിർത്തി തുറക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ഇസ്രയേൽ. തീയതി തീരുമാനിച്ചിട്ടില്ല. ഗാസയിലെ ജനങ്ങളെ, റാഫ വഴി ഈജിപ്റ്റിലേക്കും തിരിച്ചും കടക്കാൻ അനുവദിക്കും. സഹായ ട്രക്കുകളെ കരീം ഷാലോം അതിർത്തിയിലൂടെ മാത്രമേ കടത്തിവിടൂ.