ഒഡിംഗയുടെ മരണം : പൊതുദർശനത്തിനിടെ വെടിവയ്‌പ്, 4 മരണം

Friday 17 October 2025 7:44 AM IST

നെയ്‌റോബി: അന്തരിച്ച കെനിയൻ പ്രതിപക്ഷ നേതാവും മുൻ പ്രധാനമന്ത്രിയുമായ റെയ്‌ല ഒഡിംഗയുടെ (80) പൊതുദർശനത്തിനിടെയുണ്ടായ വെടിവയ്പിൽ നാല് പേർ കൊല്ലപ്പെട്ടു. നെയ്റോബിയിലെ സ്റ്റേഡിയത്തിലേക്ക് ഒഡിംഗയെ അവസാനമായി കാണാൻ ജനങ്ങൾ ക്രമാതീതമായി ഒഴുകിയെത്തിയതാണ് സ്ഥിതി വഷളാക്കിയത്. സ്റ്റേഡിയത്തിന്റെ പ്രധാന ഗേറ്റ് കടന്ന് ജനക്കൂട്ടം പ്രവേശിക്കുകയായിരുന്നു. നിരവധി പേർക്ക് പരിക്കേറ്റു. ജനങ്ങളെ പിരിച്ചുവിടാൻ സൈന്യം ആകാശത്തേക്ക് വെടിവയ്പ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. ജനങ്ങളെ നിയന്ത്രിച്ച ശേഷമാണ് പൊതുദർശനം തുടങ്ങിയത്.

ഇന്നലെ രാവിലെ മുതൽ ആയിരങ്ങളാണ് നെയ്റോബിയിലെ തെരുവുകളിൽ തടിച്ചുകൂടിയത്. ഒഡിംഗയുടെ ഭൗതികദേഹം നെയ്റോബി വിമാനത്താവളത്തിൽ വച്ച് സൈനിക ബഹുമതികളോടെ ഏറ്റുവാങ്ങുന്ന ചടങ്ങും ആയിരക്കണക്കിന് ജനങ്ങൾ അതിക്രമിച്ചു കടന്നതോടെ തടസപ്പെട്ടു. വിമാനത്താവളത്തിന്റെ പ്രവർത്തനം രണ്ട് മണിക്കൂർ നിറുത്തിവയ്ക്കേണ്ടി വന്നു. പ്രസിഡന്റ് വില്യം റൂട്ടോ അടക്കമുള്ള നേതാക്കൾ വിമാനത്താവളത്തിൽ എത്തിയിരുന്നു. ഒഡിംഗയുടെ ഭൗതികദേഹം പാർലമെന്റ് മന്ദിരത്തിൽ പൊതുദർശനത്തിന് വയ്ക്കാനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും ഇവിടേക്ക് ജനക്കൂട്ടം ഇരച്ചെത്തിയതോടെ സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു. ഞായറാഴ്ചയാണ് ഒഡിംഗയുടെ സംസ്കാരം നിശ്ചയിച്ചിട്ടുള്ളത്. ബുധനാഴ്ച കൂത്താട്ടുകുളത്ത് വച്ചായിരുന്നു ഒഡിംഗയുടെ അന്ത്യം. ശ്രീധരീയം ആയുർവേദ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ ഒഡിംഗയ്ക്ക് പ്രഭാത നടത്തത്തിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.