"വന്ദേ ഭാരത് സ്ലീപ്പർ കോച്ച് ഇന്റീരിയർ കണ്ടു, അതിശയകരം അത്യാഡംബര സൗകര്യം, ടിക്കറ്റ് നിരക്ക് ഇങ്ങനെ; യുവാവിന്റെ വീഡിയോ
ന്യൂഡൽഹി: കൂടുതൽ സൗകര്യങ്ങൾ ഒരുക്കിക്കൊണ്ട് വളരെ സ്പീഡിൽ യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാമെന്ന ലക്ഷ്യത്തോടെ 2019ലാണ് രാജ്യത്ത് വന്ദേഭാരത് ലോഞ്ച് ചെയ്തത്. കറങ്ങുന്ന കസേരയായിരുന്നു ഇതിന്റെ പ്രധാന ആകർഷണം. ഇപ്പോഴിതാ കിടന്നുകൊണ്ട് യാത്ര ചെയ്യാനുള്ള സൗകര്യങ്ങൾ കൂടി ഏർപ്പെടുത്താൻ പോകുകയാണ് റെയിൽവേ. ഡൽഹിയിൽ നടന്ന 16ാമത് ഇന്റർനാഷണൽ റെയിൽവേ എക്യുപ്‌മെന്റ് എക്സിബിഷനിൽ ഇന്തോ - റഷ്യൻ സംയുക്ത സംരംഭമായ കൈനെറ്റ് റെയിൽവേ സൊല്യൂഷൻസ് പുതിയ രീതിയിലുള്ള ഫസ്റ്റ് എസി കോച്ചിന്റെ മോഡൽ പ്രദർശിപ്പിച്ചിരുന്നു. പുതിയ സ്ലീപ്പർ വന്ദേ ഭാരത് രൂപകൽപന ചെയ്തിരിക്കുന്നത് വളരെ മോഡേണും യാത്രക്കാർക്ക് അനുയോജ്യവുമായ രീതിയിലാണ്. ഈ പ്രത്യേകതകൾ കൂടി വന്നുകഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും സുഖപ്രദമായ യാത്ര ചെയ്യാനാകുന്ന ട്രെയിനുകളിൽ ഒന്നായി വന്ദേഭാരത് മാറുമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട.
'വന്ദേ ഭാരതിന്റെ സ്ലീപ്പർ പതിപ്പിനുള്ളിൽ ഇന്റീരിയർ കണ്ടതിനുശേഷം ഒരു വാക്ക് മാത്രമേ പറയാനുള്ളൂ, അതിശയകരം. 180 കിലോമീറ്റർ പരമാവധി വേഗതയുണ്ടെങ്കിലും 160 കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ പോകുന്നത്. താമസിയാതെ ഇത് ട്രാക്കുകളിൽ ഓടുന്നത് നിങ്ങൾക്ക് കാണാം. ഫസ്റ്റ് ക്ലാസ് ക്യാബിൻ പ്രീമിയമായി കാണപ്പെടുന്നു, സുഖപ്രദമായ സീറ്റുകൾ, വാട്ടർ ബോട്ടിൽ ഹോൾഡറുകൾ, റീഡിംഗ് ലൈറ്റുകൾ, ചാർജിംഗ് പോയിന്റുകൾ എന്നിവയുണ്ട്. ലോകോത്തര നിലവാരമാണ്. റൂട്ടുകൾ ഇതുവരെ അന്തിമമാക്കിയിട്ടില്ലെങ്കിലും, ഡൽഹിക്കും പട്നയ്ക്കും ഇടയിൽ സർവീസ് നടത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ചെന്നൈ ആസ്ഥാനമായുള്ള ഇന്റഗ്രൽ കോച്ച് ഫാക്ടറിയുടെ (ഐസിഎഫ്) നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ബിഇഎംഎൽ (ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ്) ആണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ നിർമ്മിച്ചിരിക്കുന്നത്. ട്രെയിനിൽ എസി ഫസ്റ്റ് ക്ലാസ്, എസി 2 ടയർ, എസി 3 ടയർ കമ്പാർട്ടുമെന്റുകൾ ഉൾപ്പെടെ ആകെ 16 കോച്ചുകൾ ഉണ്ടാകുമെന്നാണ് വിവരം. റൂട്ട് അനുസരിച്ച് ടിക്കറ്റ് നിരക്കുകൾ വ്യത്യാസപ്പെടും. എന്നിരുന്നാലും, രാജധാനി എക്സ്പ്രസിനേക്കാൾ 10% - 15% കൂടുതലായിരിക്കുമെന്നാണ് സൂചന.