രാജ്യത്തെ യുവാക്കൾക്ക് ജോലിയില്ല, മൂന്ന് മാസത്തെ ഉയർന്ന നിലയിൽ, വില്ലൻ എഐയുമെന്ന് സർവെ

Friday 17 October 2025 11:34 AM IST

ന്യൂഡൽഹി: രാജ്യത്തെ തൊഴിലില്ലായ്‌മ നിരക്കിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തിയതായി സർവേ ഫലങ്ങൾ. പീരിയോഡിക് ലേബർ ഫോഴ്‌സ് സർവെയിലാണ് സെപ്‌തംബർ മാസത്തിൽ രാജ്യത്തെ തൊഴിലില്ലായ്‌മയിൽ വർദ്ധനവുണ്ടായതെന്ന് കണ്ടെത്തിയത്. ഓഗസ്റ്റിൽ രാജ്യത്തെ തൊഴിലില്ലായ്‌മ നിരക്ക് 5.1 ശതമാനമായിരുന്നു. ഇത് 5.2 ആയി വർദ്ധിച്ചു. ഗ്രാമീണ മേഖലകളിൽ ആണ് നിരക്കിൽ കാര്യമായ അന്തരം കണ്ടത്. സ്‌ത്രീകളിലാണ് തൊഴിലില്ലായ്‌മ നിരക്ക് കൂടുതൽ.

ഗ്രാമീണ മേഖലയിൽ സ്‌ത്രീകളാണ് തൊഴിലില്ലാതെ കൂടുതൽ ബുദ്ധിമുട്ടുന്നത്. നഗരങ്ങളിൽ 9.3 ശതമാനമാണ് സ്‌ത്രീകളിൽ തൊഴിലില്ലായ്‌മ നിരക്ക്. ഓഗസ്റ്റിൽ ഇത് 8.9 ശതമാനം ആയിരുന്നു. പുരുഷന്മാരുടേത് മുൻ മാസത്തിൽ 5.9 ശതമാനമായിരുന്നത് ആറ് ശതമാനമായി മാത്രമാണ് കൂടിയത്. ഓഗസ്റ്റ് മാസത്തിൽ ഗ്രാമീണ മേഖലയിൽ പുരുഷന്മാരുടെ തൊഴിലില്ലായ്‌മ 4.5 ശതമാനത്തിൽ നിന്ന് 4.7 ആയാണ് ഉയ‌ർന്നത്. വനിതകൾക്കാകട്ടെ നാല് ശതമാനത്തിൽ നിന്ന് 4.3 ആയാണ് കൂടിയത്.

നഗരങ്ങളിലെ ആകെ തൊഴിലില്ലായ്‌മ നിരക്ക് 6.7 ശതമാനമായിരുന്നത് 6.8 ശതമാനമായി. പുരുഷന്മാരിൽ 5.9 ശതമാനത്തിൽ നിന്ന് ആറ് ശതമാനം മാത്രമായി ഉയർന്നു.തൊഴിൽ മേഖലയിൽ വർദ്ധിച്ചുവരുന്ന എഐ സ്വാധീനം, അമേരിക്കയുമായുള്ള താരിഫ് തർക്കത്തിന് പിന്നാലെ ഇറക്കുമതിയിലെ പ്രശ്‌നങ്ങൾ എന്നിവയാണ് തൊഴിലവസരങ്ങൾക്ക് പാരയായത്. ആഗോളതലത്തിൽ ഉണ്ടായ പ്രശ്‌നങ്ങളും കാരണമായി. 15 വയസ് മുതൽ 29 വയസ് വരെയുള്ളവരിൽ മൂന്ന് മാസത്തിനിടെ ഏറ്റവും ഉയ‌ർന്ന നിരക്കിലാണ് തൊഴിലില്ലായ്‌മ. 14.6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഇത് വർദ്ധിച്ചു. എന്നാൽ മൺസൂൺ രാജ്യത്ത് മികച്ചതായിരുന്നതിനാലും ഉത്സവസീസണിലെ ഉണർവ്വും കൂടുതൽ തൊഴിലവസരം സൃഷ്‌ടിക്കുമെന്നാണ് പ്രതീക്ഷ.