'പ്രധാനമന്ത്രിയാകാനുള്ള ബുദ്ധിശക്തി രാഹുൽ ഗാന്ധിക്ക് ഇല്ല' വിമർശനവുമായി യുഎസ് ഗായിക

Friday 17 October 2025 2:40 PM IST

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച് യുഎസ് ഗായിക മേരി മിൽബെൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ 'ഐ ഹേറ്റ് ഇന്ത്യ ടൂർ' എന്ന പരാമർശത്തെ തുടർന്നാണ് ഗായികയുടെ വിമർശനം. മുൻപ് പല തവണ മോദിയെ പ്രശംസിച്ചിട്ടുള്ള മിൽബെൻ രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാനുള്ള ബുദ്ധിയില്ലെന്നും പരിഹസിച്ചു. 'നരേന്ദ്ര മോദി ട്രംപിനെ ഭയപ്പെടുന്നു'വെന്ന് പരാമർശിച്ച് രാഹുൽ ഗാന്ധി എക്സിൽ ഒരു പോസ്‌റ്റ് പങ്ക് വച്ചിരുന്നു. തൊട്ടുപിന്നാലെയാണ് വിമർശനവുമായി യുഎസ് ഗായിക രംഗത്തെത്തിയത്.

'ഇന്ത്യ റഷ്യൻ എണ്ണ വാങ്ങില്ലെന്ന് പ്രഖ്യാപിക്കാൻ നരേന്ദ്ര മോദി ട്രംപിന് അനുവാദം നൽകുന്നു, ആവർത്തിച്ചുള്ള അവഗണനകൾക്കിടയിലും അഭിനന്ദന സന്ദേശങ്ങൾ അയക്കുന്നത് തുടരുന്നു, ഓപ്പേറേഷൻ സിന്ദൂറിൽ ട്രംപ് നടത്തിയ വാദങ്ങളെ എതിർക്കുന്നില്ല' തുടങ്ങിയ ആരോപണങ്ങൾ രാഹുൽ ഗാന്ധി നടത്തിയിരുന്നു. ഈ ആരോപണങ്ങൾ തെറ്റാണെന്ന് പറഞ്ഞാണ് മിൽബെൻ വിമർശനം ഉന്നയിച്ചത്.

''പ്രധാനമന്ത്രി ട്രംപിനെ ഭയപ്പെടുന്നില്ല. യുഎസുമായുള്ള പ്രധാനമന്ത്രിയുടെ ബന്ധം നയതന്ത്രപരമാണ്. ട്രംപ് അമേരിക്കയുടെ താൽപര്യങ്ങൾക്ക് മുൻഗണന നൽകുന്നതുപോലെ നരേന്ദ്ര മോദിയും ഇന്ത്യക്ക് ഏറ്റവും അനുയോജ്യമായ കാര്യങ്ങൾ ചെയ്യുന്നു. അതിനെ ഞാൻ അഭിനന്ദിക്കുന്നു. അതാണ് രാഷ്ട്രത്തലവന്മാർ ചെയ്യുന്നത്. ഇരു നേതാക്കളും അവരുടെ രാജ്യങ്ങൾക്ക് നല്ലതാണ് ചെയ്യുന്നത്. ഇത്തരത്തിൽ ഒരു നേതൃത്വത്തെ മനസിലാക്കുന്നതിനും ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനുമുള്ള ബുദ്ധിശക്തി ഇല്ലാത്തതിനാലും രാഹുൽ ഗാന്ധി അത് തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കുന്നില്ല'' മിൽബെൻ പറഞ്ഞു. 'നിങ്ങളുടെ ഐ ഹേറ്റ‌് ഇന്ത്യ ടൂറിലേക്ക് മടങ്ങിപോകൂ. അവിടെ നിങ്ങൾ ഒരാൾ മാത്രമേ പ്രേക്ഷകനായുണ്ടാകൂ'' മിൽബെൻ കൂട്ടിച്ചേർത്തു.

2023ൽ മോദി യുഎസ് സന്ദശിച്ചപ്പോഴാണ് കൾച്ചറൽ അംബാസിഡർ ആയിരുന്ന മിൽബെൻ മോദിയെ ആദ്യമായി കാണുന്നത്. അന്ന് മിൽബെൻ ഇന്ത്യയുടെ ദേശീയ ഗാനം പാടുകയും പ്രധാനമന്ത്രിയുടെ കാലിൽ വീണ് അനുഗ്രഹം വാങ്ങുകയും ചെയ്തിരുന്നു. ഇത് വലിയ ജനശ്രദ്ധ നേടിയിരുന്നു.