ഇന്ത്യയുടെ പുതിയ നീക്കം ചൈനയുടെ നട്ടെല്ലൊടിച്ചു, വാഹന കമ്പനികൾ രാജ്യം വിടേണ്ട അവസ്ഥ; പിന്നാലെ പരാതി

Friday 17 October 2025 3:35 PM IST

ഇലക്ട്രിക് വാഹനങ്ങൾക്കും (ഇവി) ബാറ്ററികൾക്കുമായി ഇന്ത്യ നൽകുന്ന സബ്‌സിഡികൾക്കെതിരെ ചൈന ലോക വ്യാപാര സംഘടനയെ (ഡബ്ലിയു ടി ഒ) സമീപിച്ചു. ഇന്ത്യയുടെ ഈ നീക്കം ആഭ്യന്തര വ്യവസായങ്ങൾക്ക് അന്യായ മുൻതൂക്കം നൽകുന്നുവെന്നും അന്താരാഷ്ട്ര വ്യാപാര നിയമങ്ങൾ ലംഘിക്കുന്നുവെന്നുമാണ് ചൈനയുടെ ആരോപണം. ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ നൽകുന്ന വിവിധ സബ്‌സിഡികളാണ് തർക്കത്തിന് ആധാരം.

ഇന്ത്യ നൽകുന്ന സബ്‌സിഡികൾ രാജ്യത്തെ ആഭ്യന്തര ഇവി കമ്പനികൾക്ക് അന്താരാഷ്ട്ര വ്യാപാരത്തിൽ അന്യായമായ നേട്ടം നൽകുന്നുവെന്നും ഇത് ചൈനയുടെ ദേശീയ താൽപ്പര്യങ്ങളെ തകർക്കുന്നുവെന്നുമാണ് ചൈനീസ് വാണിജ്യ മന്ത്രാലയം ഉന്നയിക്കുന്ന പ്രധാന ആരോപണം. ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്ക് പകരമായി ആഭ്യന്തര ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം സബ്‌സിഡികൾ അന്താരാഷ്ട്ര വ്യാപാര നിയമങ്ങൾ പ്രകാരം വ്യക്തമായി നിരോധിച്ചിട്ടുള്ളതാണെന്നും ചൈന വാദിക്കുന്നു.

മറ്റ് രാജ്യങ്ങളെ വച്ച് താരതമ്യം ചെയ്യുമ്പോൾ ഇലക്ട്രിക് കാറുകൾക്ക് ഏറ്റവും കൂടുതൽ സബ്‌സിഡി നിരക്കാണ് ഇന്ത്യയുടേത്. വിൽപന വിലയുടെ ഏകദേശം 46ശതമാനമാണ് ഇന്ത്യയുടെ സംബ്സിഡി നിരക്ക്. ചൈന 10ശതമാനം, ജർമ്മനി 20ശതമാനം, യുഎസ് 26 ശതമാനം, ദക്ഷിണ കൊറിയ16 ശതമാനം എന്നിങ്ങനെയാണ് നിരക്കുകൾ.

ഇന്ത്യയിൽ ഇവികളുടെ വിൽപന മൊത്തം വാഹന വിപണിയുടെ രണ്ട് ശതമാനം കുറവാണെങ്കിലും ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിൾസ് (ഫെയിം) പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) സ്കീം തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. ചാർജിംഗ് സ്റ്റേഷനുകൾക്ക് 100 ശതമാനം വരെ സബ്‌സിഡി നൽകുന്ന പിഎം ഇ-ഡ്രൈവ് പദ്ധതിയും നിലവിലുണ്ട്.

ലോകത്തെ ഇലക്ട്രിക് വാഹന വിപണിയിൽ ആധിപത്യം പുലർത്തുന്ന രാജ്യമാണ് ചൈന. സെപ്തംബറിലെ ആഗോള ഇവി വിൽപനയുടെ മൂന്നിൽ രണ്ട് ഭാഗവും (ഏകദേശം 1.3 മില്യൺ യൂണിറ്റുകൾ) ചൈനയിലായിരുന്നു. ചൈനീസ് ഇവി നിർമ്മാതാക്കൾ ഇന്ത്യയിലെ വാഹന വിപണിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നുണ്ട്. ഇന്ത്യയുടെ സബ്‌സിഡികൾ അവരുടെ വാഹനങ്ങൾക്ക് വില കൂടുതലാക്കാുനും കാരണമാകും. ചൈനയുടെ ഇവി ഉത്പാദനത്തിൽ അമിതശേഷി നേരിട്ടാൽ വില ഉയരാൻ കാരണമാകുകയും ലാഭം കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ ബിവൈഡി പോലുള്ള മുൻനിര കമ്പനികൾ യൂറോപ്പ്, ഏഷ്യ തുടങ്ങിയ വിദേശ വിപണികളിലേക്ക് വിൽപ്പന വ്യാപിപ്പിക്കാൻ ശ്രമിക്കുകയാണ്.

യൂറോപ്യൻ യൂണിയൻ (ഇയു) ചൈനീസ് ഇവികൾക്ക് 27ശതമാനം വരെ അധിക തീരുവ ഏർപ്പെടുത്തി വിൽപന പരിമിതപ്പെടുത്താനും ശ്രമിക്കുന്നുണ്ട്. ഇതും ചൈനയുടെ ശ്രദ്ധ ഇന്ത്യൻ വിപണിയിലേക്ക് തിരിയാൻ കാരണമായി. ലോകത്തെ അപൂർവ ധാതുക്കളുടെ ശുദ്ധീകരണത്തിന്റെ 85 ശതമാനവും നടക്കുന്നത് ചൈനയിലാണ്. അടുത്തിടെ ഈ ധാതുക്കളുടെ കയറ്റുമതിക്ക് ചൈന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായി ഇന്ത്യ ധാതു ശേഖരം രൂപീകരിക്കാൻ പോകുകയാണെന്ന പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് ചൈന ലോക വ്യാപാര സംഘടനയെ സമീപിച്ചത് എന്നതും ശ്രദ്ധേയമാണ്.

നിലവിൽ ചൈന ആവശ്യപ്പെട്ടിട്ടുള്ള കൂടിയാലോചന ലോക വ്യാപാര സംഘടനയുടെ തർക്കപരിഹാര പ്രക്രിയയുടെ ആദ്യ പടിയാണ്. ചർച്ച നടത്തി തൃപ്തികരമായ പരിഹാരം കണ്ടില്ലെങ്കിൽ ലോക വ്യാപാര സംഘടനയിൽ ഒരു പാനലിനെ സ്ഥാപിക്കാൻ ചൈനയ്ക്ക് ആവശ്യപ്പെടാം. ഇന്ത്യക്ക് പുറമെ തുർക്കി, കാനഡ, യൂറോപ്യൻ യൂണിയൻ എന്നിവർക്കെതിരെയും ചൈന പരാതി നൽകിയിട്ടുണ്ട്. ഇന്ത്യൻ വാണിജ്യ മന്ത്രാലയം ചൈനയുടെ പരാതി വിശദമായി പരിശോധിക്കുമെന്നും അറിയിച്ചു.