വാഹനം വഴിയിൽ തടഞ്ഞ് പരിശോധിക്കും, അക്കൗണ്ടിലെത്തിയത് 37,000 രൂപ; ആർടിഒ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പുനടത്തിയ യുവാവ് പിടിയിൽ

Friday 17 October 2025 3:37 PM IST

തിരുവനന്തപുരം: ആർടിഒ ഉദ്യോസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വാഹന പരിശോധന നടത്തി പണം തട്ടിയ യുവാവ് പിടിയിൽ. കാഞ്ഞിരംകുളം സ്വദേശി രതീഷിനെയാണ് (37) തമിഴ്നാട് സ്വദേശി സെന്തിൽകുമാറിന്റെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തത്.

ബൈപ്പാസ് മേഖലയിൽ രാത്രികാലത്ത് ലോറികൾ തടഞ്ഞ് ഇയാൾ പരിശോധനകൾ നടത്തിയിരുന്നു. മുൻപ് പാറശാല ആർടിഒ ഓഫീസിൽ താൽക്കാലിക ജീവനക്കാരനായിരുന്നു രതീഷ്. വിഴിഞ്ഞം തുറമുഖത്തേക്ക് വരുന്ന ലോറികളിലടക്കം ഇയാൾ ആർടിഒ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥൻ ചമഞ്ഞ് പരിശോധനകൾ നടത്തിയിരുന്നതായും പിഴ ചുമത്തുന്നുവെന്ന രീതിയിൽ പണം തട്ടിയെടുത്തിരുന്നതായും പൊലീസ് പറയുന്നു.

കഴിഞ്ഞ ദിവസം ജിഎസ്ടി എന്ന കമ്പനിയുടെ വാഹനങ്ങൾ തടഞ്ഞും ഇയാൾ പണപ്പിരിവ് നടത്തിയിരുന്നു. ആ ദിവസം ഇയാളുടെ അക്കൗണ്ടിലേക്ക് 37000 രൂപ ലഭിച്ചെന്ന് ബാങ്ക് രേഖകളിലൂടെ പൊലീസ് കണ്ടെത്തി. ഗൂഗിൾ പേയിലൂടെയാണ് പണം സ്വീകരിച്ചിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.