എതിരാളിയുടെ കളത്തിൽ പയറ്റിത്തെളിഞ്ഞവൻ, 5.94  കോടി ശമ്പളം നൽകി ഇന്ത്യക്കാരനെ കാർകമ്പനിയുടെ തലപ്പത്തെത്തിച്ചതിന് പിന്നിലെ രഹസ്യം

Friday 17 October 2025 3:55 PM IST

കുറച്ചുകാലം മുമ്പുവരെ ഇന്ത്യയിൽ കാറുകൾ ഉണ്ടായിരുന്നത് അതിസമ്പന്നർക്ക് മാത്രമാണ്. എന്നാലിപ്പോൾ കഥയാകെ മാറി. കാറുകൾ ഇല്ലാത്ത വീടുകൾ വളരെ അപൂർവം എന്നുതന്നെ പറയാം. കേരളത്തിൽ ഒന്നിലധികം കാറുകളുള്ള വീടുകൾ നിരവധിയാണ്. ഒരുകാർ പരമാവധി ഉപയോഗിക്കുന്നത് അഞ്ചുവർഷം. അതുകഴിഞ്ഞാൽ കൊടുത്ത് പുതിയതുവാങ്ങും. അതാണ് ഇപ്പോഴത്തെ അവസ്ഥ. ഇത് മനസിലാക്കി ആഗോള കാർ കമ്പനികളെല്ലാം ഇന്ത്യയിലേക്ക് (പ്രത്യേകിച്ച് കേരളത്തിലേക്ക് )കുതിച്ചെത്തിക്കൊണ്ടിരിക്കുകയാണ്. ഇവയോടെല്ലാം മത്സരിക്കാൻ ഇന്ത്യൻ കമ്പനികളും രംഗത്തുണ്ട്.

ലോകത്തെ ഏറ്റവും മികച്ച വിപണികളിലൊന്ന് ഇന്ത്യയാണെന്ന് വ്യക്തമായി മനസിലാക്കി വളരെ മുമ്പ് ഇവിടെയെത്തിയ കാർ നിർമാണ കമ്പനിയാണ് ഹ്യൂണ്ടായ്. അക്കാലത്ത് ഇന്ത്യൻ വിപണി ഏറക്കുറെ പൂർണമായും കയ്യടക്കിയിരുന്നത് മാരുതിയായിരുന്നു. അവരോട് ശക്തമായി മത്സരിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന രണ്ടാമത്തെ കാർ എന്ന സ്ഥാനം ഹ്യുണ്ടായി കൈക്കലാക്കി. വിപണിയിലെ പൾസും, എതിരാളികളുടെ ദൗർബല്യവും വ്യക്തമായി മനസിലാക്കി വിപണന തന്ത്രങ്ങൾ പയറ്റിയതാണ് വിജയത്തിനുപിന്നിൽ.

പക്ഷേ, ഇപ്പോൾ കാര്യങ്ങൾ പഴയതുപോലെയല്ല. ഹ്യുണ്ടായിയുടെ തന്ത്രങ്ങൾ അത്രയ്ക്കങ്ങ് വിലപ്പോകുന്നില്ലെന്നാണ് ഈരംഗത്തുള്ളവർ പറയുന്നത്. കമ്പനി ഇതേക്കുറിച്ച് വ്യക്തമായി പഠിക്കുകയും ചെയ്തത്രേ. ഇന്ത്യയിലെ മാറിയ വിപണനതന്ത്രങ്ങൾ മനസിലാക്കാത്തതും അതിനനുസരിച്ച് കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാത്തതുമാണ് പ്രതിസന്ധിക്ക് കാരണമെന്ന തിരിച്ചറിവ് ബന്ധപ്പെട്ടവർക്കുണ്ടായി. അത്തരം കാര്യങ്ങൾ മനസിലാക്കുകയും അതിനനുസരിച്ച് കമ്പനിയെ മുന്നോട്ടുകൊണ്ടുപോകാൻ കഴിവുളള ഒരാൾ വേണമെന്നും അവർ തിരിച്ചറിഞ്ഞു. തരുൺ ഗാർഗിയെന്ന ഇന്ത്യക്കാരനിലാണ് ആ മനസിലാക്കൽ ചെന്നെത്തിയത്. അങ്ങനെ ദക്ഷിണകൊറിയൻ ഓട്ടോമോട്ടീവ് ഭീമനായ ഹ്യുണ്ടായിയുടെ അമരക്കാരനായി തരുൺ ചുമതലയേറ്റു. ഇപ്പോൾ ഇന്ത്യയിലെ ബിസിനസ് നോക്കിനടത്തുന്ന അൻസൂ കിമ്മിന് പകരക്കാരനായാണ് തരുൺ എത്തുന്നത്.

ആദ്യ ഇന്ത്യക്കാരൻ

ഹ്യുണ്ടായിയുടെ അനുബന്ധസ്ഥാപനമായ ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡിനെ നയിക്കാൻ എത്തുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ബഹുമതിയും തരുണിന് സ്വന്തമാണ്. ഇന്ത്യയിലെ അമരക്കാരനാവുന്നത് ഇപ്പോഴാണെങ്കിലും ഹ്യുണ്ടായിയുമായി വർഷങ്ങളുടെ ബന്ധമുള്ള വ്യക്തിയാണ് തരുൺ.നിലവിൽ കമ്പനിയുടെ മുഴുവൻസമയ ഡയറക്ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമാണ്. കമ്പനി ഇന്ത്യയിൽ വളർന്ന് പന്തലിക്കാൻ വളവും വെളളവും നൽകിയ പ്രധാനിയാണ് തരുൺ.

ഹ്യുണ്ടായി ഇന്ത്യയിൽ എത്തിയപ്പോൾ ഇവിടത്തെ വിപണിയിലെ മുടിചൂടാമന്നനായിരുന്നു മാരുതി. ആ കമ്പനിയിൽ നിന്നാണ് അദ്ദേഹം ഹ്യുണ്ടായിയിലേക്ക് എത്തിയത്. മാരുതിയുടെ സുപ്രധാനസ്ഥാനങ്ങളാണ് അദ്ദേഹം വഹിച്ചിരുന്നത്. ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദം നേടിയ തരുൺ ലക്നൗ ഐഐഎമ്മിൽ നിന്ന് എംബിഎയും നേടി. തുടർന്നാണ് മാരുതിയിൽ മാനേജ്‌മെന്റ് ട്രെയിനിയായി എത്തിയത്. കഴിവ് തെളിയിച്ചതോടെ പടിപടിയായി ഉയർന്ന് ഉന്നതസ്ഥാനത്തെത്തി. മാതൃസ്ഥാപനത്തിൽ നിന്ന് 2019ലാണ് ഹ്യുണ്ടായിയിൽ എത്തുന്നത്. ചുരുങ്ങിയ സമയംകൊണ്ട് കമ്പനിയുടെ മുതൽക്കൂട്ടായി മാറി. അങ്ങനെ ഒടുവിൽ ഇന്ത്യയിലെ മേധാവിയുമായി.

ശമ്പളം കോടികൾ

ഹ്യുണ്ടായിയുടെ ഇന്ത്യയിലെ അമരക്കാരനായതോടെ തരുണിന്റെ പ്രതിഫലത്തിലും കാര്യമായ വർദ്ധനയുണ്ടായി. നിലവിൽ ആനുകൂല്യങ്ങൾ ഉൾപ്പെടെ വർഷം 5.94 കോടിരൂപയാണ് അദ്ദേഹത്തിന് ലഭിക്കുക . അതായത് മാസം 45.75ലക്ഷം രൂപ. 5.94 കോടിരൂപയിൽ 3.55 കോടി ശമ്പളവും ശേഷിക്കുന്നത് ആനുകൂല്യങ്ങളുമാണെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല. അൻസൂ കിമ്മിന്റെ ശമ്പളം എത്രയാണെന്നതും പുറത്തുവിട്ടിട്ടില്ല.