കാമിയോ ക്ളാഷിന് മെഗാ താരങ്ങൾ, ചത്താ പച്ചയിൽ മമ്മൂട്ടിയും ഭ.ഭ.ബയിൽ മോഹൻലാലും
ക്രിസ്മസ് ചിത്രങ്ങളിൽ കാമിയോ ആയി മമ്മൂട്ടിയും മോഹൻലാലും. അർജുൻ അശോകൻ നായകനായ ചത്താ പച്ചയിൽ മമ്മൂട്ടിയും ദിലീപ് ചിത്രം ഭ. ഭ. ബയിൽ മോഹൻലാലും എത്തുന്നു. സൂപ്പർ സ്റ്റാറുകളായ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് ക്രിസ്മസിന് എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. ഇരു ചിത്രങ്ങളുടെയും സംവിധായകർ നവാഗതരാണ് എന്നതാണ് ശ്രദ്ധേയം .മലയാളത്തിലെ ആദ്യത്തെ മുഴുനീള ഡബ്ള്യു ഡബ്ള്യു ഇ സ്റ്റൈൽ ആക്ഷൻ ചിത്രം ചത്താ പച്ച - റിംഗ് ഒഫ് റൗഡിസ് നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്നു. പാൻ ഇന്ത്യൻ റെസ്ലിംഗ് ആക്ഷൻ കോമഡി എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിൽ ഡബ്ള്യു ഡബ്ള്യു ഇ താരങ്ങളുടെ ലുക്കിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് അർജുൻ അശോകൻ എത്തുന്നത്. റോഷൻ മാത്യു, ഇഷാൻ ഷൗഖത്ത്, വിശാഖ്േ നായർ എന്നിവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജീത്തു ജോസഫിന്റെ സഹസംവിധായകനും മോഹൻലാലിന്റെ അനന്തരവനുമാണ് അദ്വൈത് നായർ. ട്രാൻസ് വേൾഡ് ഗ്രൂപ്പ്, ലെൻസ്മാൻ ഗ്രൂപ്പ് എന്നിവർ രൂപം നൽകിയ റീൽ വേൾഡ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ആണ് നിർമ്മാണം. നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ഭ.ഭ.ബയിൽ ദിലീപിനൊപ്പം വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും കേന്ദ്രകഥാപാത്രത്തെ അവതരിപ്പക്കുന്നു. ദിലീപിന്റെ മാസ് ചിത്രം ആണ് ഭ. ഭ.ബ. നിവിൻ പോളി നായകനായി അഖിൽ സത്യൻ രചനയും സംവിധാനവും നിർവഹിക്കുന്ന സർവ്വം മായ ക്രിസ്മസിന് റിലീസ് ചെയ്യും.