ഗുജറാത്തിൽ ബി.ജെ.പിയുടെ പതിവ് സ്ട്രാറ്റജി വിട്ടുവീഴ്ചയില്ല,​ വിജയം ഉറപ്പാക്കി നേതൃത്വം

Saturday 18 October 2025 2:39 AM IST

ഡൽഹിയിൽ കേന്ദ്രഭരണത്തിന്റെ തിരക്കിനിടയിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ഒരു കണ്ണ് എപ്പോഴും തങ്ങളുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലുണ്ട്! 1998 മുതൽ തുടരുന്ന ബി.ജെ.പി ആധിപത്യം നിലനിറുത്താനും പിടി അയയാതിരിക്കാനും ഗുജറാത്തിലെ നീക്കങ്ങൾ ഒന്നിനുപകരം രണ്ടു മുഴം മുന്നേയാണ്. ഗുജറാത്തിൽ,​ വ്യാഴാഴ്‌ച ഭൂപേന്ദ്ര പട്ടേൽ സർക്കാരിലെ 16 മന്ത്രിമാർ രാജിവച്ച്,​ ഇന്നലെ 25 പേരുമായി മന്ത്രിസഭ പുന:സംഘടിപ്പിച്ചത് അടുത്ത വർഷം ആദ്യം നടക്കേണ്ട തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും,​ 2027-ൽ നടക്കേണ്ട നിയമസഭാ തിരഞ്ഞെടുപ്പും മുന്നിൽക്കണ്ടാണ്.

കാലാവധി പൂർത്തിയാക്കുന്ന ഏതു സർക്കാരിനും സ്വാഭാവികമായി നേരിടേണ്ടിവരുന്ന ഭരണവിരുദ്ധ വികാരം മനസിലാക്കി,​ പാർട്ടി- സർക്കാർ നേതൃത്വത്തിൽ മാറ്റം കൊണ്ടുവരുന്നത് ബി.ജെ.പി രീതിയാണ്. തിരഞ്ഞെടുപ്പിന് ഒരു വർഷം മുമ്പേ മുഖ്യമന്ത്രിമാരെ അടക്കം മാറ്റിയത് പല സംസ്ഥാനങ്ങളിലും ഭരണത്തുടർച്ച നേടാൻ സഹായിച്ചിട്ടുമുണ്ട്.

കഴിഞ്ഞവർഷം വിജയ് രൂപാണിയെ മാറ്റി ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയായി അവരോധിച്ചതോടെ ഭരണവിരുദ്ധ വികാരം കുറഞ്ഞു. കൊവിഡ് പ്രതിരോധത്തിലടക്കം വന്ന രൂപാണിയുടെ വീഴ്ചകൾ പരിഹരിക്കാനും പ്രബലരായ പാട്ടിദാർ വിഭാഗത്തെ അടുപ്പിക്കാനുമുള്ള തന്ത്രവുമായിരുന്നു അത്.

ഭീഷണിയായി

ആം ആദ്‌മി

തുടർച്ചയായ ഭരണം സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിൽ സൃഷ്‌ടിച്ച അതൃപ്തി, വിലക്കയറ്റം, തൊഴിലില്ലായ‌്‌മ, അടിസ്ഥാനസൗകര്യ പ്രശ്‌നങ്ങൾ എന്നിവ ഗുജറാത്തിൽ ബി.ജെ.പിക്ക് എതിരായ ഘടകങ്ങളാണ്. എന്നാൽ ഇവ ഉപയോഗപ്പെടുത്താൻ കഴിവുള്ള പ്രതിപക്ഷമില്ലാത്തത് അവർക്ക് അനുഗ്രഹമാകുന്നു. ഗുജറാത്ത് മുമ്പ് ഭരിച്ച കോൺഗ്രസ് അടിത്തട്ട് മുതൽ തകർന്ന നിലയിലാണ്. ജനകീയ നേതാക്കളെല്ലാം ബി.ജെ.പി പാളയത്തിലേക്ക് പോകുന്നു!

കോൺഗ്രസ് തകരുന്നിടത്തു നിന്ന് മറ്റൊരു എതിരാളി ഉയർന്നു വരുന്നതും ബി.ജെ.പി കാണുന്നുണ്ട്- ആംആദ്‌മി പാർട്ടി. അവർ ഡൽഹിക്കും പഞ്ചാബിനും പുറമെ വേരു പടർത്തുന്ന ഒരു സംസ്ഥാനമാണ് ഗുജറാത്ത്. ശക്തി കേന്ദ്രമായ ഡൽഹിയിൽ ഭരണം നഷ്‌ടപ്പെട്ടിട്ടും ഇക്കഴിഞ്ഞ ജൂണിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഗുജറാത്തിലെ വിസാവദാർ മണ്ഡലത്തിൽ അവരുടെ യുവനേതാവ് ഗോപാൽ ഇറ്റാലിയ ബി.ജെ.പിയുടെ കിരിത് പട്ടേലിനെ 17,000-ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചത് എല്ലാവരെയും ഞെട്ടിച്ചു.

2021-ൽ സൂററ്റ് മുനിസിപ്പൽ കോർപറേഷനിൽ 27 സീറ്റുകളിൽ ജയിച്ച് ശക്തി തെളിയിച്ചപ്പോൾ മുതൽ ആംആദ്‌മി പാർട്ടിയെ ബി.ജെ.പി നോട്ടമിട്ടിരുന്നു. 2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു പരിധിവരെ തടഞ്ഞു നിറുത്താൻ കഴിഞ്ഞെങ്കിലും,​ അഞ്ചു സീറ്റും 12 ശതമാനം വോട്ടും അവർ നേടി. ഗുജറാത്തിൽ അക്കൗണ്ട് തുറന്നാണ് ആംആദ്‌മി പാർട്ടി,​ ദേശീയ പാർട്ടി എന്ന അംഗീകാരവും സ്വന്തമാക്കിയത്. സ്വന്തം ചിഹ്‌നമായ ചൂലിൽ ഗുജറാത്തിലും മത്സരിക്കാൻ അത് അവസരമൊരുക്കി.

സൗരാഷ്‌ട്രയിലെ

വെല്ലുവിളി

2017-ൽ കർഷക-പാട്ടിദാർ പ്രക്ഷോഭങ്ങൾ മൂലം തിരിച്ചടി നേരിട്ട സൗരാഷ്ട്ര 2022-ൽ ബി.ജെ.പി ഭദ്രമാക്കിയത് പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളി ഹാർദിക് പട്ടേലിനെ പാർട്ടിയിലെത്തിച്ചാണ്. വിസാവദാറിൽ ജയിച്ച ആംആദ്‌മി പാർട്ടി യുവനേതാവ് ഗോപാൽ ഇറ്റാലിയയും പാട്ടീദാർ പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്നു. ജാതിഭേദമെന്യേ എല്ലാവരെയും ആകർഷിക്കുന്ന അദ്ദേഹത്തിന്റെ നീക്കങ്ങളിൽ ബി.ജെ.പി ഭീഷണി കാണുന്നു. കോൺഗ്രസ് വോട്ടു ബാങ്കും സംസ്ഥാന, കേന്ദ്ര അവഗണനയിൽ മടുത്ത കർഷകരെയുമൊക്കെ അദ്ദേഹം ഒന്നിപ്പിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ സൗരാഷ്‌ട്ര മേഖലയിൽ ആംആദ്‌മി പാർട്ടി സ്വാധീനം വർദ്ധിപ്പിക്കുന്നുവെന്നാണ് സൂചന. ഈ വെല്ലുവിളി മുന്നിൽക്കണ്ടാണ് സൂററ്റിൽ നിന്നുള്ള പ്രമുഖ യുവ നേതാവും ഗുജറാത്ത് ആഭ്യന്തര സഹമന്ത്രിയുമായ ഹർഷ് സാങ്‌വിയെ ഇപ്പോഴത്തെ പുന:സംഘടനയിൽ ഉപമുഖ്യമന്ത്രിയാക്കിയത്.

1995- ൽ കേശുഭായ് പട്ടേലിലൂടെ തുടങ്ങിയ അശ്വമേധം 2001 മുതൽ നാലു തവണ തുടർച്ചയായി മുഖ്യമന്ത്രിയായ നരേന്ദ്ര മോദി തുടർന്നു. 2014-ൽ പ്രധാനമന്ത്രിയായെങ്കിലും ബി.ജെ.പി ആധിപത്യത്തിന് കുറവുണ്ടായില്ല. ഭരണവിരുദ്ധ വികാരം പ്രതിഫലിച്ച 2017-ൽ 77 സീറ്റ് നേടിയ കോൺഗ്രസും പുതിയ എതിരാളിയായ ആംആദ്‌മിയും തീർത്ത വെല്ലുവിളി മറികടന്ന് 99 സീറ്റുമായി അധികാരം നിലനിറുത്തി. 2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 182 അംഗ നിയമസഭയിൽ 156 സീറ്റിൽ ഗംഭീര വിജയവുമായി ഭരണത്തുടർച്ച. 1985-ൽ കോൺഗ്രസിന്റെ മാധവ് സിംഗ് സോളങ്കി സൃഷ്‌ടിച്ച റെക്കാഡും അന്ന് മറികടന്നു.

2027-ലെ നിയമസഭാ തിരഞ്ഞെടുപ്പും അതിനു മുന്നോടിയായി നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ടുള്ള ഇപ്പോഴത്തെ പുന:സംഘടനയിൽ പാട്ടിദാർ വിഭാഗത്തിൽ നിന്നുള്ള ഏഴ് മന്ത്രിമാരുണ്ട്. എട്ട് ഒബിസി, മൂന്ന് പട്ടികജാതി, നാല് പട്ടികവർഗ മന്ത്രിമാരെയും ഉൾപ്പെടുത്തി. 16 മന്ത്രിമാരിൽ ആറു പേരെ മാത്രം നിലനിറുത്തി 19 പുതുമുഖങ്ങളെ കൊണ്ടുവന്നു.

പുതിയ മുഖം

പുതിയ പ്രതീക്ഷ

2001 മുതൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി 2014-ൽ പ്രധാനമന്ത്രിയായ ശേഷം മൂന്ന് പിൻഗാമികളുണ്ടായി. തന്റെ കീഴിൽ മന്ത്രിയായിരുന്ന ആനന്ദി ബെൻ പട്ടേൽ ആയിരുന്നു മോദിയുടെ ഗുജറാത്തിലെ ആദ്യ പിൻഗാമി. 2017-ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നടത്തിയ അഴിച്ചുപണിയുടെ ഭാഗമായി 2016-ൽ ആനന്ദി ബെൻ രാജിവച്ചപ്പോൾ വിജയ് രുപാണിയെ മുഖ്യമന്ത്രിയാക്കി. വിജയ് രുപാണിക്കും കാലാവധി പൂർത്തിയാക്കാനായില്ല.

കൊവിഡ് പ്രതിരോധ വീഴ്‌ചകളും പാട്ടിദാർ പ്രക്ഷോഭം അടക്കം പ്രശ്‌നങ്ങളും വിലയിരുത്തിയാണ് 2022 നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മുൻപ് അദ്ദേഹത്തെ താഴെയിറക്കി,​ ഇപ്പോഴത്തെ മുഖ്യമന്ത്രി ഭൂപേന്ദ്ര ഭായ് പട്ടേലിനെ അവരോധിച്ചത്. മോദി- ഷാ ടീമിന്റെ പതിവനുസരിച്ച് 2027-ൽ അടുത്ത തിരഞ്ഞെടുപ്പിനു മുമ്പ് ഭൂപേന്ദ്ര പട്ടേലിനും സ്ഥാനം നഷ്‌ടമായേക്കാം. ഭൂപേന്ദ്ര പട്ടേലിനെ മാറ്റുമെന്ന അഭ്യൂഹത്തിനൊടുവിലാണ് ഇപ്പോഴത്തെ പുന:സംഘടന. ഭൂപേന്ദ്രയെ മാറ്റിയാൽ പരിഗണിക്കേണ്ട പേരുകളിൽ മുന്നിലുള്ളത് കേന്ദ്ര ജലശക്തി മന്ത്രിയായ സി.ആർ. പാട്ടീലാണ്.