വന്ദേഭാരതിലെ ഭക്ഷണ നിലവാരം
ഭക്ഷണം മികച്ചതാണെങ്കിൽ പൊതുവെ വില നോക്കാത്തവരാണ് നമ്മൾ. സംസ്ഥാനത്ത് വന്ദേഭാരത് ട്രെയിൻ സർവീസ് ആരംഭിച്ച സമയത്ത്, അതിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ റേറ്റ് കൂടുതലാണെന്ന് ആക്ഷേപമുണ്ടായിരുന്നെങ്കിലും പൊതുവെ തരക്കേടില്ലാത്ത ഭക്ഷണമായതുകൊണ്ട് പരാതികൾ പിന്നീട് കെട്ടടങ്ങി. എന്നാൽ, പുഴുവരിച്ച ഭക്ഷണം വിതരണം ചെയ്തതിന്റെ പേരിൽ ആ കരാർ കമ്പനിയെ ദക്ഷിണ റെയിൽവേയുടെ സേവന പട്ടികയിൽ നിന്നുതന്നെ പുറത്താക്കേണ്ടിവന്നത് ഈയിടെയാണ്. അതേസമയം, പുറത്താക്കിയെങ്കിലും അതേ കമ്പനി തന്നെ വേറെ പേരിൽ പുനരവതരിക്കാൻ സാദ്ധ്യതയുണ്ടെന്ന മാദ്ധ്യമ റിപ്പോർട്ടുകളും പിന്നാലെ വന്നു. ഉത്തരേന്ത്യൻ കമ്പനികൾ ഭരിക്കുന്ന റെയിൽവേ കേറ്ററിംഗ് രംഗത്തെ അഴിമതികൾ ഓരോന്നായി വെളിച്ചത്തു വരികയാണ്.
വന്ദേഭാരത് ട്രെയിനുകളിലെ ടിക്കറ്റ് നിരക്ക് അതിൽ നല്കുന്ന ഭക്ഷണത്തിന്റെ വില ഉൾപ്പെടെയുള്ളതാണെങ്കിലും, ഭക്ഷണം സ്വീകരിക്കാതെ യാത്രാനിരക്ക് മാത്രം നല്കി ടിക്കറ്റെടുക്കാനും സൗകര്യമുണ്ട്. പക്ഷേ, പലപ്പോഴും പലരും ഇത് മറന്നുപോകും. പല സാഹചര്യത്തിലും ട്രെയിനിലെ ഭക്ഷണത്തെ ആശ്രയിക്കേണ്ടിയും വരും. നമ്മുടെ ട്രെയിൻ യാത്രകളുടെ സ്വഭാവത്തെത്തന്നെ മാറ്റിമറിച്ചായിരുന്നു, വന്ദേഭാരത് ട്രെയിനുകളുടെ വരവ്. വേഗത, വൃത്തി, യാത്രാസുഖം, സുരക്ഷിതത്വം എന്നിവകൊണ്ട് ഒരു വിമാനയാത്രയുടെ നിലവാരത്തിലേക്ക് ട്രെയിൻയാത്ര ഉയരുകയും ചെയ്തു. നിലവിൽ രണ്ട് വന്ദേഭാരത് ട്രെയിനുകളേ കേരളത്തിൽ ഓടുന്നുള്ളൂ- തിരുവനന്തപുരത്തു നിന്ന് കാസർകോട്ടേക്കും, മറ്റൊന്ന് മംഗലാപുരത്തേക്കും. രണ്ടിലും ഇപ്പോഴും റിസർവേഷന് തിരക്കാണ്. തലസ്ഥാനത്തു നിന്ന് വടക്കൻ ജില്ലകളിൽ ചെന്ന്, അത്യാവശ്യകാര്യം കഴിഞ്ഞ് അന്നുതന്നെ തിരികെയെത്താനാകും എന്നത്, അതുവരെയുണ്ടായിരുന്ന സ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോൾ മഹാകാര്യം തന്നെയെന്ന് പറയണം.
പക്ഷേ, യാത്രാവേഗത്തെക്കാളും സൗകര്യത്തെക്കാളും പ്രധാനമാണ് ആഹാരത്തിന്റെ ഗുണനിലവാരവും ആരോഗ്യ സുരക്ഷിതത്വവും. കൂടിയ വില നല്കി ഭക്ഷണത്തിന് ഓർഡർ നല്കുന്ന യാത്രക്കാരന് ശുചിത്വവും ഗുണനിലവാരവും രുചിയും ഉറപ്പുള്ള ഭക്ഷണം ലഭിക്കാൻ പൂർണ അവകാശമുണ്ട്. ലാഭക്കണ്ണോടെ മാത്രം പ്രവർത്തിക്കുന്ന കരാർ കമ്പനികൾ ഇതൊന്നും പരിഗണിക്കാതെ നടത്തുന്ന തരികിടകൾ ഒരുതരത്തിലും അനുവദിക്കാവുന്നതല്ല. റെയിൽവേ കേറ്ററിംഗ് മേഖല ഡൽഹി ആസ്ഥാനമായ ചില കമ്പനികളുടെ കൈയിലാണ്. മിക്ക സോണുകളിലും പല പേരുകളിൽ ഇവർ തന്നെയാവും കരാറെടുക്കുക. എല്ലാംകൂടി കൈകാര്യം ചെയ്യുക അസാദ്ധ്യമായതുകൊണ്ട് അവർ ഇതിന് ഉപകരാറുകൾ നല്കും. റെയിൽവേ സ്റ്റേഷനുകൾക്കു സമീപം, ശുചിത്വമുള്ള അടുക്കള പോലും സ്വന്തമായില്ലാതെ, വൃത്തിഹീനമായ വാടക കെട്ടിടങ്ങളിലായിരിക്കും ഇത്തരം ചെറുകിടക്കാരുടെ തട്ടിക്കൂട്ട് പാചകപ്പുരകൾ.
കേരളത്തിൽ ഓടുന്ന ട്രെയിനുകളിൽ ഭക്ഷണവിതരണത്തിനുള്ള കരാർ ഇവിടെത്തന്നെയുള്ള കേറ്ററിംഗ് കരാറുകാരെ ഏല്പിക്കുകയും, ഐ.ആർ.സി.ടി.സി കൃത്യമായ ഗുണപരിശോധന നടത്തുകയും ചെയ്താൽ പരിഹരിക്കാവുന്ന പ്രശ്നമേയുള്ളൂ ഇത്. പുഴുവരിച്ച ഭക്ഷണം വിളമ്പിയ വാർത്തയ്ക്കു ശേഷം, വലിയൊരു വിഭാഗം യാത്രക്കാർ വന്ദേഭാരതിൽ നിന്നുള്ള ഭക്ഷണസൗകര്യം വേണ്ടെന്നുവച്ചതായാണ് റിപ്പോർട്ടുകൾ. കുറച്ച് കഷ്ടപ്പെട്ടാണെങ്കിലും വീട്ടിൽ നിന്ന് ഭക്ഷണം പൊതിഞ്ഞെടുക്കാമെന്ന് യാത്രക്കാർ തീരുമാനിച്ചത് ഭക്ഷണത്തിന്റെ വിലക്കൂടുതൽ കാരണമല്ല, ആരോഗ്യം ഓർത്താണ്! സംസ്ഥാനത്തിനകത്ത് സർവീസ് നടത്തുന്ന നാല് ട്രെയിനുകളിലെ ഭക്ഷണ കരാർ കൊച്ചി നഗരസഭയുടെ 'സമൃദ്ധി കിച്ചണ്" അനുവദിച്ചത് കഴിഞ്ഞ ദിവസമാണ്. സർക്കാർ സംരംഭമായതുകൊണ്ട് വിശ്വാസ്യതയുണ്ട്; ഉത്തരവാദിത്വവുമുണ്ട്. ഉത്തരേന്ത്യൻ കരാർ ലോബിയുടെ സമ്മർദ്ദം മറികടന്ന് കേരളത്തിൽ നിന്നുള്ള കമ്പനികൾക്കുതന്നെ കേറ്ററിംഗ് കരാർ നല്കുന്നതിന് വൈകിക്കൂടാ.