വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം: ഒരാൾ റിമാൻഡിൽ
പയ്യോളി: ചെരണ്ടത്തൂർ എം.എച്ച്.ഇ.എസ് കോളേജിൽ ജൂനിയർ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികളായ മൂവർ സംഘം മർദ്ദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതികളിൽ ഒരാൾ പിടിയിലായി. കുറ്റ്യാടി കടയക്കച്ചാലിൽ ചാരുമ്മൽ മുഹമ്മദ് അമീൻ (19) ആണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മറ്റ് പ്രതികളായ മയ്യന്നൂർ പൊന്മേരിപറമ്പ് കളരി കെട്ടിയ പറമ്പത്ത് മുഹമ്മദ് ഷാഹിൽ (19), എടച്ചേരി വടക്കയിൽ മുഹമ്മദ് (19) എന്നിവർ ഒളിവിലാണ്. 14 ന് ആണ് അക്രമ സംഭവം അരങ്ങേറിയത്. കോളേജിലെ ഒന്നാം വർഷ ബി. കോം വിദ്യാർത്ഥി ആയഞ്ചേരി ചെമ്പരത്തിക്കണ്ടി മുഹമ്മദ് സിനാൻ (18) നെ സീനിയർ വിദ്യാർത്ഥികളായ മൂവർ സംഘം ക്രൂരമായ മർദ്ദനത്തിനിരയാക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് പയ്യോളി പൊലീസിൽ പരാതി നൽകി. ഇൻസ്പെക്ടർ എ.കെ സജീഷിന്റെ നിർദ്ദേശപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മറ്റ് രണ്ട് പ്രതികൾ ഒളിവിലാണെന്നും ഇവരെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.