വിശ്വസാഹിത്യത്തിന്റെ ആഴങ്ങളിലൂടെ
ലോകസാഹിത്യത്തിലെ പ്രധാനപ്പെട്ട ക്ലാസിക്കുകളിലൂടെയുള്ള ആത്മീയവും അനുഭൂതിദായകവുമായ വായനാനുഭവമാണ് പി.എസ്. പ്രദീപിന്റെ 'ആത്മശിഖരങ്ങൾ." ഡോൺ ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൽ ടോൾസ്റ്റോയ് മുതൽ മരിയ വെർഗസ് യോസ വരെയുള്ള മഹാപ്രതിഭകളുടെ കൃതികളിലൂടെ ആഴത്തിലുള്ള പര്യടനമാണ് നടത്തുന്നത്. സർഗാത്മക നിരൂപണത്തിന്റെ ചാരുതയാർന്ന മുഖമാണ് 'ആത്മശിഖരങ്ങൾ."
മനുഷ്യജീവിതമെന്ന സങ്കീർണ സമസ്യയെ ലളിതവും ഹൃദയസ്പർശിയും മനോഹരവുമായ വാങ്മയ ചിത്രങ്ങളിലൂടെ ആവിഷ്‌കരിച്ച ലിയോ ടോൾസ്റ്റോയിയുടെ ആത്മീയ വഴികളിലൂടെ അനുയാത്ര നടത്തുന്ന ഗ്രന്ഥമാണിത്. ദാരുണവും ഇരുളടഞ്ഞതും അവഗണിക്കപ്പെട്ടതുമായ മനുഷ്യജീവിതങ്ങളുടെ പാതകളിലൂടെ ലോകസാഹിത്യത്തെ നയിച്ച ദസ്തയേവ്സ്‌കി എന്ന അസാധാരണ പ്രതിഭയെ പുതിയ കാലഘട്ടത്തിൽ പുനർവായിക്കുന്നു. അഴുക്കുചാലിൽ നിന്ന് 'പാവങ്ങൾ" എന്ന ക്ലാസിക് സൃഷ്ടിച്ച വിക്ടർ ഹ്യൂഗോയെന്ന ഇതിഹാസകാരന്റെ ആത്മസംവാദങ്ങളുടെ അഗാധതകളിലൂടെ ഗ്രന്ഥകാരൻ സഞ്ചരിക്കുന്നു. വിശ്വവിഖ്യാത കഥാകാരനും നാടകകൃത്തുമായ ആന്റൺ ചെക്കോവെന്ന പ്രതിഭാശാലിയുടെ ആത്മാവിന്റെ സ്പന്ദനങ്ങൾ ഇതിൽ കേൾക്കാം. സ്‌നേഹത്തിനിടയിലൂടെ പെയ്ത മഴപോലെ കഥകളെഴുതിയ ഗബ്രിയേൽ ഗാർഷ്യാ മാർക്വേസ് എന്ന മഹാമാന്ത്രികന്റെ രഹസ്യ സൗന്ദര്യം ഇതിൽ വായിക്കാം. മനുഷ്യരാശിയുടെ മഹാകവിയായ പാബ്ലോ നെരുദയുടെ വിസ്മയിപ്പിക്കുന്ന സർഗാത്മക ജീവിതം വായിക്കാം.
'ബോർഹസ്- കല്പിത കഥയുടെ ദുർഗമ ലാവണ്യം" എന്ന ലേഖനം വിശ്വസാഹിത്യത്തിലെ എക്കാലത്തെയും വലിയ എഴുത്തുകാരൻ, ജോർജ് ലൂയി ബോർഹസിനെക്കുറിച്ചുള്ള അപൂർവമായ പഠനങ്ങളിലൊന്നാണ്. ലളിതവും മനോഹരവുമായ ഭാഷയിൽ ബോർഹസിന്റെ ദുരൂഹ കഥാലോകത്തെ പരിചയപ്പെടുത്തുന്നു. 'മാനവീയത ജ്വലിച്ചുകത്തിയ മദ്ധ്യാഹ്ന സൂര്യൻ" മരിയോ വർഗസ് യോസയെക്കുറിച്ചുള്ള പ്രൗഢഗംഭീരമായ പഠനമാണ്. ബോരിസ് പാസ്റ്റർനക്കിന്റെ ഐതിഹാസിക നോവലായ 'ഡോ. ഷിവാഗോ"യെ പ്രദീപ് വിശേഷിപ്പിക്കുന്നത് 'ചരിത്രത്തിലേക്ക് പടർന്ന പ്രണയകാവ്യം" എന്നാണ്, ദസ്‌തേവ്സ്‌കിയുടെ ഭൂതാവിഷ്ടർ, ഫ്രാൻസ് കാഫ്ക്കയുടെ മെറ്റമോർഫോസിസ്, ഒക്‌ടേവിയോപാസിന്റെ സൂര്യശില, രവീന്ദ്രനാഥ ടാഗൂറിന്റെ ഗീതാഞ്ജലി, റോബർട്ടോ ബോലാനയുടെ 2666, സി.വി. രാമൻപിള്ളയുടെ 'രാമരാജ ബഹദൂർ', ചെഖോവിന്റെ കഥകൾ എന്നിവയെക്കുറിച്ചുള്ളസാമൂഹികവും തത്വചിന്താപരവും മന:ശാസ്ത്രപരവുമായ പഠനങ്ങൾ 'ആത്മശിഖരങ്ങളി"ലുണ്ട്. പുതിയ കാലത്ത് പ്രസ്തുത കൃതികളെ നവീനവും വ്യത്യസ്തവുമായ കാഴ്ചപ്പാടിൽ സമീപിക്കുകയാണ് പി.എസ്. പ്രദീപ്. വായനക്കാരന്റെ ഹൃദയവുമായി ശക്തമായി സംവദിക്കുന്ന ഈ പഠനഗ്രന്ഥം പുതുതലമുറയെ ക്ലാസിക്കുകൾ വായിക്കുവാൻ പ്രേരിപ്പിക്കുന്ന ശ്രേഷ്ഠ കൃതി കൂടിയായി മാറുന്നു.