സുന്ദർബൻ എന്ന സ്വർഗതീരം
സുന്ദർബൻസ്. ജിയോഗ്രഫി ക്ലാസുകളിൽ പലപ്പോഴും ആവർത്തിക്കപ്പെടുന്ന പദം. ലോകത്തെ ഏറ്റവും വലിയ കണ്ടൽ വനമായ സുന്ദർബൻസ്, കടുവകൾ ജീവിക്കുന്ന ഒരേയൊരു കണ്ടൽ വനം കൂടിയാണ്. പതിനായിരത്തിലധികം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ബംഗാൾ ഉൾക്കടലിന്റെ ഓരം ചേർന്ന്, ഇന്ത്യയിലും ബംഗ്ലാദേശിലുമായി വ്യാപിച്ചുകിടക്കുന്ന മാന്ത്രികവും നിഗൂഢവുമായ ഭൂപ്രദേശം! 40 ശതമാനം ഇന്ത്യയിലും 60 ശതമാനം ഭൂഭാഗം ബംഗ്ലാദേശിലുമായി വിന്യസിക്കപ്പെട്ടിരിക്കുന്ന, യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ സ്ഥാനംപിടിച്ച അപൂർവ ജൈവ വൈവിദ്ധ്യ മേഖല! ഗംഗ, ബ്രഹ്മപുത്ര നദികൾ ഒഴുക്കിക്കൊണ്ടുവരുന്ന എക്കൽ മണ്ണ് ചേർന്നുണ്ടായ ഗംഗ ഡെൽറ്റയുടെ ഭാഗം കൂടിയാണ് ഇവിടം. കണ്ടൽ വനങ്ങളുടെ രാജ്ഞിപഥം അലങ്കരിക്കുന്ന ഏറ്റവും വലിയ കണ്ടൽ വൃക്ഷമാണ് 'സുന്ദരി" കണ്ടൽ വൃക്ഷം. ഈ വൃക്ഷങ്ങളുടെ നിറസാന്നിദ്ധ്യമാണ് ഈ പ്രദേശത്തിന് 'സുന്ദർബൻ" എന്ന് പേര് വരാനിടയാക്കിയത്. സുന്ദരി വൃക്ഷം മുതൽ ഗോരാൻ, കങ്കാര, ദുണ്ടൻ തുടങ്ങിയ കുറ്റിച്ചെടികൾ വരെ അറുപതിലധികം വിഭാഗത്തിൽപ്പെടുന്ന, ഇടതൂർന്നു വളരുന്ന കണ്ടൽച്ചെടികൾ, സുന്ദർബൻ സാമ്രാജ്യത്തിന്റെ കൊടിയടയാളമായി രാജകീയ പ്രൗഢിയോടെ വിഹരിക്കുന്ന, വംശനാശം നേരിടുന്ന റോയൽ ബംഗാളി കടുവകൾ, അപൂർവ ജനുസുകളിൽപ്പെട്ട മാനുകൾ, കരടികൾ, ഉത്തരേന്ത്യയിൽ മാത്രം കണ്ടുവരുന്ന ചെറിയ ഇനം ആൾക്കുരങ്ങുകൾ, ഈനാംപേച്ചികൾ, ഉപ്പുവെള്ളത്തിൽ മാത്രം ജീവിക്കുന്ന മുതലകൾ, ഗംഗ ഡോൾഫിനുകൾ തുടങ്ങിയ ജന്തുവിഭാഗങ്ങൾ... 365 ഇനം പക്ഷികൾ, 11 തരം ആമകൾ, രാജവെമ്പാല ഉൾപ്പെടെ 30 പാമ്പ് വർഗങ്ങൾ, 350-ലധികം ഇനം മത്സ്യങ്ങൾ, 210 ഇനം ചിത്രശലഭങ്ങൾ തുടങ്ങി സുവോളജിക്കൽ സർവേ ഒഫ് ഇന്ത്യ കണ്ടെത്തിയ 2626 തരം ജീവജാലങ്ങളുടെ ആവാസ ഗേഹമാണ് ഇവിടം.
ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ
സുന്ദർബൻ വനങ്ങളിലേക്കുള്ള തീർത്ഥയാത്ര ഒരു ദിവാസ്വപ്നനമായി മനസിൽ ഖനീഭവിച്ചു കിടക്കുമ്പോഴാണ് ടൂറിസ്റ്റുകൾക്കു മാത്രമായുള്ള ഇന്ത്യൻ റെയിൽവേയുടെ 'ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനി"ന്റെ സുന്ദർബൻ കേന്ദ്രീകരിച്ചുകൊണ്ടുള്ള പതിനൊന്നു ദിവസം നീളുന്ന ഒരു യാത്ര തരപ്പെടുന്നത്. സുന്ദർബൻ കൂടാതെ കൊൽക്കത്തയിലെ വിക്ടോറിയ മെമ്മോറിയൽ, ബിർള പ്ലാനറ്റോറിയം, ഇന്ത്യൻ മ്യൂസിയം, മദർ തെരേസയുടെ പുണ്യ ഗേഹം, ഒഡീസയിലെ കൊണാർക്ക് സൂര്യ ക്ഷേത്രം, നന്ദൻ കണ്ണൻ സുവോളജിക്കൽ പാർക്ക്, വിശാഖപട്ടണത്തെ കൈലാസ ഗിരി, ഇന്ദിരാഗാന്ധി സുവോളജിക്കൽ പാർക്ക്, സബ് മറൈൻ മ്യൂസിയം, ബോറ ഗുഹകൾ, അരാക്കുവാലി തുടങ്ങി ഒട്ടേറെ ടൂറിസ്റ്റ് കേന്ദ്രങ്ങളും യാത്രയിൽ ഉൾപ്പെടുത്തിയിരുന്നു.
ഓരോ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾക്കും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകളിൽ വണ്ടി നിറുത്തി, ബസുകളിലും മറ്റു വാഹനങ്ങളിലുമായി വിനോദസഞ്ചാരികളെ അതത് കേന്ദ്രങ്ങളിൽ എത്തിക്കും. അവിടെയുള്ള കാഴ്ചകൾ കണ്ട് സഞ്ചാരികളെ ട്രെയിനിലേക്കു തന്നെ തിരിച്ചെത്തിച്ച് അടുത്ത കേന്ദ്രത്തലേക്കു പോകുന്ന രീതിയിലാണ് യാത്രയുടെ ക്രമീകരണം. കൊൽക്കത്ത റെയിൽവേ സ്റ്റേഷനിൽ വണ്ടിയിറങ്ങിയ ഞങ്ങൾ ബംഗാളിലെ സൗത്ത് 24 പർഗന ജില്ലയിലൂടെ മൂന്നു മണിക്കൂറോളം സഞ്ചരിച്ച് എല്ലാ റോഡുകളും അവസാനിക്കുന്ന ഗോഡ്കാളി (Godkali) എന്ന കൊച്ചു പട്ടണത്തിലെത്തി. ലോകത്തെ ഏറ്റവും വലിയ കണ്ടൽ വനങ്ങളിലേക്കുള്ള ഒരു സുപ്രധാന പ്രവേശന കവാടമാണ് ഗോഡ് കാളി ഫെറി ഘട്ട്.
ഫെറിഘട്ടിൽ ഞങ്ങളെ എതിരേറ്റത് കണ്ടൽ വനങ്ങളിലേക്കുള്ള യാത്രയ്ക്കായി അണിഞ്ഞൊരുങ്ങി, ചായം തേച്ചു നിൽക്കുന്ന ആഡംബര ബോട്ടുകളായിരുന്നു. വിശാലമായ നദിപ്പരപ്പിലൂടെ രണ്ടു മണിക്കൂറോളം സഞ്ചരിച്ചപ്പോൾ കിഴക്കു ഭാഗത്ത് കണ്ടൽ വനങ്ങളുടെ രാജവീഥികൾ കുറേശ്ശെ ദൃശ്യമായിത്തുടങ്ങി. ബോട്ടിറങ്ങി, കണ്ടൽ സാമ്രാജ്യത്തലേക്ക് കാലെടുത്തു വച്ചപ്പോൾത്തന്നെ ചീവീടുകളുടെയും പക്ഷികളുടെയും മധുരഗീതങ്ങൾ! ഗോസഭ (Gosabha) ദ്വീപിലെ കണ്ടൽ വനങ്ങൾക്കു നടുവിലുള്ള ഒരു ഹോം സ്റ്റേയിലാണ് താമസം ഒരുക്കിയിരുന്നത്.
ടൂറിസ്റ്റുകളെ വരവേൽക്കാൻ കണ്ടൽ വനങ്ങളുടെ വായ്‌മുഖത്തെ ചതപ്പുനിലങ്ങളിൽ ഒട്ടേറെ ഹോംസ്റ്റേകളും കച്ചവട കേന്ദ്രങ്ങളും ചെറിയ രീതിയിലുള്ള വിനോദോപാധികളുമൊക്കെ ഒരുക്കിയിട്ടുണ്ട്. സന്ധ്യമയങ്ങിയാൽ മിക്ക ഹോംസ്റ്റേകളിലും ടൂറിസ്റ്റുകൾക്കായി വാദ്യഘോഷങ്ങളോടെയുള്ള ബംഗാളി പരമ്പരാഗത നൃത്തരൂപങ്ങളും മറ്റു കലാപരിപാടികളും അരങ്ങേറും. തദ്ദേശീയരായ ഗ്രാമീണ ജനങ്ങളുടെ ഒരു ജീവനോപാധിയാണിത്. 'കാടുകൾ പാടുമ്പോൾ നമ്മൾക്കുറങ്ങാം..." എന്ന് അർത്ഥം വരുന്ന ഒരു ബംഗാളി തനത് നൃത്തരൂപത്തിന്റെ ഈരടി അക്ഷരാർത്ഥത്തിൽ യാഥാർത്ഥ്യമാക്കുന്നു, ചീവീടുകളുടെ അകമ്പടി സംഗീതത്തോടെയുള്ള ഹോം സ്റ്റേയിലെ അന്തിയുറക്കം!
ബംഗാളി
കടുവകൾ
നേരം പുലർന്നപ്പോൾ, നാടൻ പ്രഭാത ഭക്ഷണവും കഴിച്ച് എല്ലാവരും ആവേശത്തോടെ യാത്രയ്ക്കൊരുങ്ങി. ഞങ്ങൾക്കായി ഏർപ്പെടുത്തിയ ബോട്ടുകൾ നിരനിരയായി ജെട്ടിയിൽ അണിനിരന്നിരുന്നു. പ്രകൃതി സ്‌നേഹികൾക്കും ടൂറിസ്റ്റുകൾക്കും സുന്ദർബൻ ജൈവവൈവിദ്ധ്യ മേഖലയെ നേരിട്ട് അനുഭവിക്കാനും ജന്തു- ജീവജാലങ്ങളെ ഏറ്റവും നന്നായി അടുത്തു കാണാനുമായി പല ഭാഗങ്ങളിലായി പ്രകൃതി പഠന കേന്ദ്രങ്ങളും, ഉയരം കൂടിയ വാച്ച് ടവറുകളുമുണ്ട്. ഇവ കേന്ദ്രീകരിച്ചുള്ള ബോട്ട് ജെട്ടികളാണ് ബോട്ട് യാത്രയിലെ ഇടത്താവളങ്ങൾ.
സുന്ദർബൻ ടൈഗർ റിസർവ് കേന്ദ്രമാക്കിയുള്ള ഞങ്ങളുടെ യാത്രയിലെ ഒന്നാമത്തെ ഡെസ്റ്റിനേഷൻ ദോബാങ്ക് (Dobank) ഫോറസ്റ്റ് ക്യാമ്പായിരുന്നു. അടുത്ത ഫോറസ്റ്റ് ക്യാമ്പ് ആയ സുധന്യകാളിയിൽ (Sudhannyakali Forest Camp) ഞങ്ങളെ വരവേൽക്കാനായി കണ്ടൽ വൃക്ഷങ്ങളുടെ ചില്ലകളിലും കെട്ടിടങ്ങൾക്കു മുകളിലുമായി ധാരാളം കുരങ്ങുകൾ കാത്തു നില്പുണ്ടായിരുന്നു. തുടർന്നങ്ങോട്ട് സുന്ദർബൻ ജൈവ വൈവിദ്ധ്യ മേഖലകളെ പ്രതിനിധീകരിക്കുന്ന സജിനി ഖാലി (Sajnekhali), പീർഖാലി (Peer khali), ഗസി ഖാലി Gazi khali), നൊബാൻകി ( Nobanki), ബോൺബീബി (Bonbibi), വരാണി (Varani), ദേവുൾവരാനി(Dewulvarani) തുടങ്ങി നിരവധി ക്യാമ്പുകളും അനുബന്ധമായുള്ള വാച്ച് ടവറുകളും കയറിയിറങ്ങി.
സുന്ദർബനിലെ ഒരു വനം വകുപ്പ് റിസർച്ച് ഓഫീസറായിരുന്നു ഗൈഡായി കൂടെ. ലളിതമായ ഇംഗ്ലീഷിൽ സുന്ദർബൻ മേഖലകളെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നതിനിടയിലും യാത്രക്കാരിൽ പലരും ബൈനോക്കുലറുകളും ക്യാമറകളുമായി നദിക്ക് ഇരുവശങ്ങളിലുമുള്ള കണ്ടൽക്കാടുകൾ നിരീക്ഷിക്കുകയായിരുന്നു. ബംഗാളി റോയൽ കടുവകളെ തിരക്കി ബൈനോക്കുലറുമായി ടവറുകളിൽ നിന്ന് ടവറുകളിലേക്ക് നീങ്ങുന്നവരുടെ നിരാശാഭരിതമായ മുഖം കാണുമ്പോൾ ഗൈഡിന്റെ മുഖത്ത് മിന്നിമറിയുന്ന പുച്ഛം കലർന്ന ഭാവത്തിൽ എന്തോ പന്തകേട് രുചിച്ച ഞാൻ സ്വകാര്യമായി കാര്യം തിരക്കി. 'ബംഗ്ലാദേശിലും ബംഗാളിലുമായി പതിനായിരത്തിലേറെ ചതുരശ്ര കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന സുന്ദർബൻ മേഖലയിൽ ഏറ്റവും പുതിയ പഠനം അനുസരിച്ച് ആകെ 180 കടുവകളേയുള്ളൂ. അവയിൽ 106 എണ്ണവും ബംഗ്ലാദേശ് മേഖലയിലാണ്. കേവലം 74 കടുവകൾ മാത്രമാണ് നമ്മുടെ ഭാഗത്ത്! നമ്മളേപ്പോലെ പാസ്പോർട്ടും വിസയുമൊന്നും വേണ്ടാത്തതുകൊണ്ട് അവ ബംഗ്ലാദേശിലും ഇന്ത്യയിലുമായി മാറിമാറി കറങ്ങി നടക്കുകയാവും!
ഭൂമിയുടെ
വൃക്കകൾ
ഭൂമിയുടെ വൃക്കകളെന്നാണ് കണ്ടൽക്കാടുകൾ വിശേഷിപ്പിക്കപ്പെടുന്നത്. മനുഷ്യ ശരീരത്തിൽ വൃക്കകൾ ചെയ്യുന്ന ജോലിതന്നെയാണ് ഭൂമിയിൽ കണ്ടൽക്കാടുകളും ചെയ്യുന്നത്. ഒഴുകിയെത്തുന്ന ജലത്തിലെ മാലിന്യങ്ങൾ ശേഖരിച്ച് ശുദ്ധീകരിച്ച് അവ അഴിമുഖത്തേക്ക് ഒഴുക്കുന്നു. അന്തരീക്ഷത്തിലെ കാർബൺഡയോക്‌സൈഡ് വലിച്ചെടുക്കുകയും ജീവദായകമായ ഓക്സിജൻ പുറത്തുവിടുകയും ചെയ്ത് വായു ശുദ്ധീകരിക്കുകയും ചെയ്യുന്നു. വൈവിദ്ധ്യമാർന്ന സസ്യങ്ങളും ജന്തുക്കളും സൂക്ഷ്മജീവികളും വിവിധതരം മത്സ്യങ്ങളും ഞണ്ടുകളുമൊക്കെ ചേർന്ന ഒരു ആവാസ വ്യവസ്ഥയാണിത്.
വേലിയേറ്റ സമയത്ത് വെള്ളത്തിനു മീതെ പൊങ്ങിനിൽക്കുന്ന വായുവേരുകൾ (Aerial Roots) വഴിയാണ് കണ്ടൽമരങ്ങൾ അന്തരീക്ഷത്തിൽ നിന്ന് നേരിട്ട് കാർബൺഡയോക്സൈഡ് വലിച്ചെടുക്കുന്നത്. നദികളിൽ നിന്നെത്തുന്ന ഫലഭൂയിഷ്ഠമായ എക്കൽ മണ്ണും, വേലിയേറ്റ സമയത്ത് കടലിൽ നിന്ന് അടിച്ചുകയറുന്ന ധാതുലവണങ്ങളും മറ്റ് പോഷകപദാർത്ഥങ്ങളും കണ്ടൽക്കാടുകളെ ഏറ്റവും മികച്ച ആവാസ വ്യവസ്ഥയായി നിലനിറുത്തുന്നു. കരയുടെ ഉൾഭാഗത്തേക്ക് കടന്നുകയറി, പരസ്പരം ബന്ധിച്ചും വേർപിരിഞ്ഞും ഒഴുകുന്ന പുഴകളുടെയും കായലുകളുടെയും തോടുകളുടെയും ചെറിയ ചെറിയ മറ്റ് ജലാശയങ്ങളുടെയും സാന്നിദ്ധ്യം സുന്ദർബൻ വനമേഖലകൾക്കുള്ളിൽ തന്നെ വ്യത്യസ്തമായ ജൈവ മേഖലകൾ തീർക്കുന്നു. ജനവാസമില്ലാത്തവ അടക്കമുള്ള 38-ലധികം ദ്വീപുകളുണ്ട് ഇവിടെ!
മുഗൾ ഭരണകാലഘട്ടത്തിലാണ് സുന്ദർബൻ തീരങ്ങൾ വനോത്പന്നങ്ങളുടെ ഒരു വാണിജ്യ കേന്ദ്രമായി മാറിയത്. ബ്രിട്ടീഷ് കൊളോണിയൽ ഘട്ടത്തിൽ ഇവിടെ മുളകൾ, വന്യജീവികൾ, വിവിധതരം മത്സ്യങ്ങൾ എന്നിവയുടെ വ്യാപകമായ ചൂഷണങ്ങൾക്ക് തുടക്കം കുറിച്ചു. 1764-ൽ മുഗൾ ഭരണകാലത്ത് സുന്ദർബൻ പ്രദേശങ്ങൾ ആദ്യമായി അളന്നു തിട്ടപ്പെടുത്തി. 1875-ൽ ഇവിടം സംരക്ഷിത വനമേഖലയായി പ്രഖ്യാപിക്കപ്പെട്ടു. ദേശീയോദ്യാനങ്ങളും വന്യമൃഗ സംരക്ഷണകേന്ദ്രങ്ങളും സ്ഥാപിച്ചുകൊണ്ട് ജനാധിപത്യ സർക്കാറുകൾ കണ്ടൽ വനങ്ങളുടെ സംരക്ഷണം ഏറ്റെടുത്തു. സുന്ദർബൻ നാഷണൽ പാർക്ക്, സുന്ദർബൻ ടൈഗർ റിസർവ് തുടങ്ങിയ സംരക്ഷിത മേഖലകളിൽ നിയന്ത്രിതമായി മാത്രമാണ് പ്രവേശനാനുമതി.
(ബോക്സ്)
സുന്ദർബന്റെ
ദേവത
'ബോൺബീബി" എന്ന ദേവതയാണ് സുന്ദർബൻ ജനതയുടെ രക്ഷക. ബംഗാൾ കടുവകളിൽ നിന്നും പ്രകൃതിദുരന്തങ്ങളിൽ നിന്നും സുന്ദർബൻ ജനതയെ കാത്തു രക്ഷിക്കുന്നത് ഈ ദേവതയാണെന്നാണ് സങ്കല്പം! ഇബ്രാഹിം ഗാസി എന്ന മുസ്ലിം ഫക്കീറിന്റെയും ഗുലാൽ ബീബി എന്ന ഹിന്ദു സ്ത്രീയുടെയും മകളാണ് ദിവ്യാത്ഭുതങ്ങൾ പ്രകടിപ്പിച്ച് സുന്ദർബന്റെ ദേവതയായി മാറിയത് എന്നാണ് വിശ്വാസം. സുന്ദർബനിൽ പലയിടത്തും ബോൺബീബിയെ ആരാധിക്കുന്ന ക്ഷേത്രങ്ങളുണ്ട്. അവരുടെ പരമ്പരാഗത നൃത്തച്ചുവടുകളിലും നാടൻപാട്ടുകളിലുമൊക്കെ രക്ഷകയായ ബോൺബീബിയെ പ്രകീർത്തിക്കുന്നു. സുന്ദർബൻ വനാന്തരങ്ങളിൽ തേനെടുക്കാൻ പോകുന്നവരും വിറകുവെട്ടാൻ പോകുന്നവരും കാർഷിക വൃത്തികളിൽ ഏർപ്പെടുന്നവരുമൊക്കെ ബോൺബീബിയെ നമിച്ചുകൊണ്ടേ ജോലിയിലേക്ക് പ്രവേശിക്കൂ. ഇന്ത്യയിലും ബംഗ്ലാദേശിലുമായി സുന്ദർബൻ മേഖലയിൽ ഏകദേശം 72 ലക്ഷമാണ് ജനസംഖ്യ. അതിൽ 45 ലക്ഷം പേരും ഇന്ത്യൻ അതിർത്തിക്കുള്ളിലാണ്.