തമാരയുടെ ശലഭങ്ങൾ

Sunday 19 October 2025 2:36 AM IST

അഞ്ചാംവയസിൽ അമ്മൂമ്മ രാഗിണി വഴക്കുപറഞ്ഞപ്പോൾ തോന്നിയ സങ്കടം തമാര നമ്പ്യാർ കുറിച്ചിട്ടത് മനസിൽ മാത്രമല്ല. അപ്പൂപ്പന്റെ പുസ്തകത്തിൽ കൂടിയാണ്. പരിചിതമായ ചെറുവാക്കുകൾകൊണ്ട് തന്റെ ഇളം മനസിനെ നോവിച്ച അനുഭവം പകർത്തിയപ്പോൾ അതൊരു കവിതയാണെന്നൊന്നും തമാരയ്ക്ക് അറിയില്ലായിരുന്നു. പക്ഷെ അപ്പൂപ്പനും മലയാളം ദൂരദർശന്റെ ആദ്യ ഡയറക്ടറുമായ കെ. കുഞ്ഞികൃഷ്ണൻ അത് തിരിച്ചറിഞ്ഞു. അദ്ദേഹം ചില സുഹൃത്തുക്കളെ കാണിച്ചപ്പോൾ അവരും ആ വരികൾക്കിടയിൽ ഒരു നോവുന്ന ആത്മാവിനെ കണ്ടെത്തി.

തമാര നമ്പ്യാർ എന്ന ഒൻപതാംക്ലാസുകാരിയുടെ കാവ്യയാത്ര ആരംഭിച്ചത് അന്നാണ്. തമാരയുടെ രണ്ടാം കവിതാസമാഹം 'ബ്രൂയിസസ് ആൻഡ് ബട്ടർഫ്ലൈസ്' സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ കഴിഞ്ഞ ആഴ്ചയാണ് തിരുവനന്തപുരത്ത് പ്രകാശനം ചെയ്തത്. കെനിയയിൽ ജനുവരിയിൽ നടക്കുന്ന അന്താരാഷ്ട്ര സ്റ്റുഡന്റ്സ് എക്സ്ചേഞ്ച് പ്രോഗ്രാമിലും തമാര പങ്കെടുക്കുന്നുണ്ട്. കവിതകളെയും സ്വപ്നങ്ങളെയും കുറിച്ച് തമാര മനസു തുറക്കുന്നു.

പ്രകൃതി, ഫാന്റസി

നിത്യജീവിതത്തിൽ നടക്കുന്ന കാര്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കവിതകളെഴുതുന്നത്. അതിൽ ദുഃഖവും സന്തോഷവും വേദനകളുമെല്ലാം ഉണ്ടാവും. ആദ്യ പുസ്തകം 'അൺഡിസ്കവേർഡ്" പ്രസിദ്ധീകരിച്ചത് 2022-ലാണ്. പ്രപഞ്ചവും പരിസ്ഥിതിയുമൊക്കെ അതിൽ ഇതിവൃത്തങ്ങളായി. രണ്ടാം പുസ്തകമായി 'ബ്രൂയിസസ് ആൻഡ് ബട്ടർഫ്ലൈസ്" കുറച്ചുകൂടി മുതിർന്നതിനു ശേഷം എഴുതിയതിനാൽ കവിതകളിലും പ്രമേയങ്ങളിലും മാറ്റമുണ്ട്.

കവിതകളേക്കാൾ ഇഷ്ടം ഫിക്ഷൻ വായിക്കാനാണ്. ഹാരിപോട്ടർ സീരിസിന്റെ വലിയ ആരാധകയാണ്. ഫാന്റസി കഥകൾ ഇഷ്ടമാണ്. രചനകളിലും ഫാന്റസി കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. ആദ്യ പുസ്തകം കേരളത്തിൽ റിലീസ് ചെയ്തു. ഹൈദരാബാദിലും റിലീസ് ഉണ്ടായിരുന്നു. അന്ന് എനിക്ക് 11 വയസായിരുന്നു. 'ബ്രൂയിസസ് ആൻഡ് ബട്ടർഫ്ലൈസും" ഹൈദരാബാദിലും പ്രകാശനം ചെയ്യും. രണ്ട് ധ്രുവങ്ങളിലുള്ള ആശയങ്ങളാണ് ഇതിലെ കവിതകൾക്ക്. അവ രണ്ടും ഉൾക്കൊള്ളിച്ചിട്ടുണ്ട്. പുസ്തകത്തിലെ 'പീസ്" എന്ന കവിതയാണ് ഏറെ ഇഷ്ടം.

ഹൈദരാബാദിലെ ആഗാ ഖാൻ അക്കാഡമിയിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് തമാര. സ്കൂളിൽ ഒരു സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം നടക്കുന്നുണ്ട്. ഞങ്ങളുടെ ബാച്ചിൽ നിന്ന് പതിനൊന്നു പേർക്ക് ആഫ്രിക്കയിലെ രണ്ടു സ്കൂളുകളിലേയ്ക്ക് പോകാൻ അവസരം ലഭിച്ചു. അതിൽ ഒരാളാണ് ഞാൻ. വരുന്ന ജനുവരി 26 മുതലാണ് മൂന്നുമാസത്തെ പ്രോഗ്രാം ആരംഭിക്കുന്നത്. അവിടെ നിന്നുള്ള കുട്ടികൾ ഇങ്ങോട്ടും വരും. ഉപന്യാസവും അഭിമുഖ പരീക്ഷയും ക്വാളിഫൈ ചെയ്താണ് പരിപാടിയിലേയ്ക്ക് യോഗ്യത നേടിയത്. കവിതകളെഴുതുമെന്ന് അഭിമുഖത്തിൽ പറഞ്ഞിരുന്നു. പക്ഷെ തിരഞ്ഞെടുപ്പിനുള്ള മാനദണ്ഡങ്ങൾ അവർ പരസ്യപ്പെടുത്താത്തതിനാൽ അതു കാരണമാണോ എന്നെയും ഉൾപ്പെടുത്തിയതെന്ന് അറിയില്ല.

ഇഷ്ടങ്ങളേറെ

ആദ്യ പുസ്തകത്തിൽ ഇലസ്ട്രേഷൻ ചെയ്തതും ഞാനായിരുന്നു. സ്കൂളിലെ ക്ളാസ് കഴിഞ്ഞ് അധികസമയം കിട്ടില്ല. വാരാന്ത്യങ്ങളിലെ അവധിദിവസങ്ങളിലാണ് എഴുത്ത്. പാടൻ ഇഷ്ടമാണ്. പിയാനോ, വയലിൻ എന്നിവയും വായിക്കും. ഒരു പാട്ട് എഴുതി ട്യൂൺ ചെയ്തുകഴിഞ്ഞു. ഇനി റെക്കാഡ് ചെയ്യണം. സാഹിത്യ മത്സരങ്ങളിൽ പങ്കെടുക്കാറുണ്ട്. സ്കൂളിലെ 'ഓതർ ഒഫ് ദി മംതി"ൽ രണ്ടുവട്ടം വിജയിയായി. രണ്ടാമത്തെ പുസ്തകത്തിന്റെ കവറും ഡിസൈൻ ചെയ്തു.

വലിയ സ്വപ്നം

ഭാവിയിൽ വക്കീലാകാനാണ് ആഗ്രഹം. എഴുത്തും ഒപ്പം കൊണ്ടുപോകണം. ചെറുകഥകളും എഴുതാറുണ്ട്. ഇപ്പോൾ ഒരു നോവൽ എഴുതിക്കൊണ്ടിരിക്കുന്നു. ആറ് അദ്ധ്യായങ്ങൾ പൂർത്തിയായി. അടുത്തവർഷം പ്രസിദ്ധീകരിക്കാൻ സാധിക്കുമെന്നാണ് വിചാരിക്കുന്നത്. ഫാന്റസിയാണ് പ്രമേയം. ഇപ്പോൾ ഹൈദരാബാദിലാണ് താമസം. കേരളത്തിന്റെ പ്രകൃതിയും മനുഷ്യരും വീണ്ടും എഴുതാനുള്ള ഊർജ്ജം നൽകും. കൂട്ടുകാരും വലിയ പിന്തുണയാണ്. പുസ്തകത്തിന്റെ കോപ്പികൾ സ്കൂൾ ലൈബ്രറിയിലേയ്ക്ക് നൽകണമെന്ന് അവർ പറഞ്ഞിട്ടുണ്ട്. അച്ഛൻ ജയദീപ് കൃഷ്ണൻ ജാപ്പനീസ് കമ്പനിയുടെ ഇന്ത്യൻ ചീഫാണ്. അമ്മ ലക്ഷ്മി നമ്പ്യാർ (സൃഷ്ടി ആർട് ഗ്യാലറി).