'പെൺ സൂപ്പർ ഹീറോ"യിൽ ഓപ്പൺഫോറം സംവാദത്തിൽ പങ്കെടുത്ത് ഭാഗ്യലക്ഷ്മി,അഖിൽ മാരാർ, വിപിൻ രാധാകൃഷ്ണൻ

Friday 17 October 2025 9:53 PM IST

തലശ്ശേരി: ശക്തി കാണിക്കുന്ന സ്ത്രീകഥാപാത്രങ്ങൾ പണ്ടുമുതലേ മലയാള സിനിമയിൽ ഉണ്ടെങ്കിലും സൂപ്പർ സ്റ്റാർഡം വന്നതു മുതലാണ് സ്ത്രീക്ക് കായികശക്തിയില്ലെന്ന എന്ന പൊതുബോധം ഉണ്ടായതെന്ന് ചലച്ചിത്രതാരവും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. സ്ത്രീ കേന്ദ്രിത മലയാള സിനിമയുടെ വർത്തമാനം; ഒരു പെൺ സൂപ്പർ ഹീറോ സിനിമയുടെ വിജയവും ആണധികാരത്തിന്റെ പതനവും എന്ന വിഷയത്തിൽ തലശ്ശേരി അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഓപ്പൺ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അവർ.

അമാനുഷിക ശക്തിയുള്ള സ്ത്രീകൾക്ക് മാത്രമേ വിജയം സാധിക്കുകയുള്ളു എന്ന സങ്കല്പമാണ് ഈ കാലഘട്ടത്തിൽ. അതുകൊണ്ട് തന്നെ അമാനുഷിക ശക്തിയുള്ള സ്ത്രീ കഥാപാത്രങ്ങൾ ഉള്ള സിനിമകൾ ഇനിയും സൃഷ്ടിക്കേണ്ടി വരും. സാധാരണ സ്ത്രീക്ക് വിജയം കൈവരിക്കാൻ ഇനിയും ഒരുപാട് സമയം എടുക്കുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

ഇറങ്ങുന്ന എല്ലാ സിനിമയും എഴുത്തുകാരനെയും സംവിധായകന്റെയുമാണെന്നും ഒരു പതനങ്ങളും ആഘോഷിക്കപ്പെടേണ്ട തല്ലെന്നും സംവിധായകൻ അഖിൽ മാരാർ പറഞ്ഞു. ഫെമിനിസം നല്ല രീതിയിൽ സിനിമയെ സ്വാധീനിച്ചിട്ടുണ്ടെന്ന് സംവിധായകൻ വിപിൻ രാധാകൃഷ്ണൻ ഓപ്പൺഫോറത്തിൽ അഭിപ്രായപ്പെട്ടു.'ലോക 'സിനിമ രാജ്യത്തൊട്ടാകെ വിജയം കൈവരിച്ച ഒന്നാണ് .അത് മലയാള സിനിമയുടെ വളർച്ചയാണന്നും ഇന്നൊരു നടിയെ പ്രധാന കഥാപാത്രം ആക്കിയാൽ മെയിൻ സ്ട്രീം സൂപ്പർസ്റ്റാറുകൾ വന്ന് അംഗീകരിക്കാത്ത രീതിയിലേക്ക് മാറിയ ഒരു സാഹചര്യമാണന്ന് ശോഭന പടിഞ്ഞാറ്റിൽ പറഞ്ഞു.ഗീതി സംഗീതയും സംവാദത്തിൽ പങ്കെടുത്തു. സുനൈന ഷാഹിദ ഇഖ്ബാൽ സംവാദം നിയന്ത്രിച്ചു.