ടീമുകളെത്തിയില്ല, റിലേ പ്രഹസനം

Saturday 18 October 2025 12:58 AM IST

ആലപ്പുഴ: ജില്ലാ കായികമേളയിൽ റിലേ വിഭാഗത്തിൽ മത്സരിക്കാനാവാതെ ജില്ലയിലെ ടീമുകൾ. അത്‌ല്റ്റിക്സ് മത്സരത്തിനിടെ വിവിധ ഗെയിം ഇനങ്ങളും നടത്തിയതിനാൽ വിദ്യാർത്ഥികൾക്ക് ദൂരം താണ്ടി എത്താനായില്ല.

4X100, 4X400 വിഭാഗം റിലേകളിൽ 11 ഉപജില്ലാ ടീമുകൾ വീതം പങ്കെടുക്കേണ്ടതാണെങ്കിലും 4X400 വിഭാഗം റിലേയിൽ ഒരു ടീം പോലും പങ്കെടുത്തില്ല. 4X100 വിഭാഗം റിലേയിൽ സബ് ജൂനിയർ. ജൂനിയർ വിഭാഗം ആൺകുട്ടികളിൽ രണ്ടു ടീമുകളും ജൂനിയർ പെൺകുട്ടികളിൽ മൂന്നു ടീമുകളും മത്സരിച്ചു. മറ്റു വിഭാഗങ്ങളിൽ ഒരു ടീം മാത്രം എത്തിയതിനാൽ മത്സരം നടന്നില്ല. ഈ ടീമുകൾക്ക് പോയിന്റും നൽകിയില്ല. ഇതിനെതിരെ ടീമുകൾ പരാതി ഉന്നയിച്ചു.

ഒരേ ദിവസം തന്നെ ഗെയിംസ് മത്സരങ്ങൾ നടന്നത് കൂടാതെ ജില്ലാതല റിലേ മത്സരത്തിൽ വിജയിക്കുന്നവർക്ക് സംസ്ഥാന മത്സരത്തിനു യോഗ്യത ലഭിക്കില്ലെന്നതും പങ്കാളിത്തം കുറയാൻ കാരണമായി. ജില്ലാതലത്തിൽ 100, 200 മീറ്റർ ഓട്ടമത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനത്ത് എത്തിയവരാകും സംസ്ഥാന കായികമേളയ്ക്കുള്ള ജില്ലാ റിലേ ടീമിൽ ഇടംപിടിക്കുക. ഇവർ ഇല്ലെങ്കിൽ ഹർഡിൽസ്, ലോംഗ് ജമ്പ് ജേതാക്കളെയും പരിഗണിക്കും. ചെങ്ങന്നൂർ, മാവേലിക്കര തുടങ്ങിയ ഭാഗങ്ങളിൽ നിന്നു ദൂരം കാരണം ടീം എത്തിയതുമില്ല. മിക്ക വിഭാഗങ്ങളിലും മത്സരത്തിനെത്തിയത് ആലപ്പുഴ, ചേർത്തല ഉപജില്ല ടീമുകളാണ്. റിലേ മത്സരം നടന്നതിൽ പ്ലാസ്റ്റിക് പൈപ്പുകളാണ് ബാറ്റണായി നൽകിയത്. ഓട്ടത്തിനിടെ ഇതു കൈയിൽ നിന്നു വഴുതിയെന്നു താരങ്ങൾ പരാതിപ്പെട്ടു.