ആലപ്പുഴ ആധിപത്യം

Saturday 18 October 2025 1:58 AM IST

ഇഞ്ചോടിഞ്ച് പോരടിച്ച് എസ്.ഡി.വിയും കലവൂരും

ആലപ്പുഴ: ജില്ലാ സ്കൂൾ കായികമേള അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ ആധിപത്യം ഉറപ്പിച്ച് ആലപ്പുഴ ഉപജില്ല. മൂന്നാംദിനത്തിൽ മാത്രം 20 സ്വ‌ർണവും 15 വെള്ളിയും 10 വെങ്കലവും നേടിയ ആലപ്പുഴ ആകെ 39 സ്വർണവും 31വെള്ളിയും 19വെങ്കലവും ഉൾപ്പെടെ 325 പോയിന്റോടെയാണ് ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാംസ്ഥാനത്തുള്ള ചേർത്തലയ്ക്ക് 31 സ്വർണവും 29 വെള്ളിയും 20 വെങ്കലവും ഉൾപ്പെടെ 276 പോയിന്റുണ്ട്. 52 പോയിന്റുമായി മാവേലിക്കരയാണ് മൂന്നാമത്. രണ്ട് സ്വർണവും എട്ട് വെള്ളിയും 17 വെങ്കലവും മാവേലിക്കര നേടി. 25 പോയിന്റുമായി തുറവൂർ (ഒരു സ്വർണം, നാല് വെള്ളി, എട്ട് വെങ്കലം) നാലാമതും 17 പോയിന്റുമായി അമ്പലപ്പുഴ (മൂന്ന് സ്വർണം, രണ്ട് വെങ്കലം) അഞ്ചാമതുമാണ്.

മൂന്നാംദിവസം അവസാനിക്കുമ്പോൾ ഒരുപോയിന്റിന്റെ വ്യത്യാസത്തിൽ ആലപ്പുഴ എസ്.ഡി.വി സ്കൂൾ ഒന്നാമതാണ്. 11 സ്വർണവും ഒമ്പത് വെള്ളിയും ഏഴ് വെങ്കലവുമടക്കം 89 പോയിന്റാണ് എസ്.ഡി.വിക്കുള്ളത്. 11 സ്വർണവും ഒമ്പത് വെള്ളിയും ആറ് വെങ്കലവുമടക്കം 88 പോയിന്റോടെ

കലവൂർ ഗവ.എച്ച്.എസ്.എസ് തൊട്ടുപിന്നിലുണ്ട്. ചാരമംഗലം ഗവ.ഡി.വി.എച്ച്.എസ്.എസ് പത്ത് സ്വർണം, എഴ് വെള്ളി, രണ്ട് വെങ്കലം എന്നിവ നേടി 73 പോയിന്റോടെ മൂന്നാം സ്ഥാനത്താണ്. ആലപ്പുഴ ലിയോ തേർട്ടീന്ത് എച്ച്.എസ്.എസ് നാലാംസ്ഥാനത്തെത്തി. പത്ത് സ്വർണം, നാല് വെള്ളി, അഞ്ച് വെങ്കലം എന്നിവയുൾപ്പടെ 67 പോയിന്റാണ് ലിയോ തേർട്ടീന്ത് ടീമിനുള്ളത്. എട്ട് സ്വർണം, എഴ് വെള്ളി, മൂന്ന് വെങ്കലം എന്നിവയോടെ 64 പോയിന്റ് നേടിയ ആലപ്പുഴ സെന്റ് ജോസഫ് ജി.എച്ച്.എസ്.എസ് അഞ്ചാം സ്ഥാനത്താണ്.