34 ഫാമുകൾ രണ്ട് ഔട്ട് ലൈറ്റുകൾ; ഹിറ്റാകാൻ കുടുംബശ്രീ കേരള ചിക്കൻ
കണ്ണൂർ: ജില്ലയിലെ മാംസവിപണിയിൽ സജീവമായി കുടുംബശ്രീ കേരള ചിക്കൻ. ജില്ലയിൽ പ്രവർത്തനം ആരംഭിച്ച രണ്ട് ഔട്ട്‌ലെറ്റുകളും ഇവിടേക്ക് കോഴിയെ നൽകുന്ന 34 ഫാമുകളും മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നത്. സ്വകാര്യ ചിക്കൻ സ്റ്റാളുകളെക്കാളും ഗുണമേന്മയും വിലകുറവും വാഗ്ദാനം ചെയ്യുന്ന കുടുംബശ്രീ പദ്ധതി സംരംഭകർക്കും വലിയ നേട്ടമാണ് നൽകുന്നത്. കുറ്റിയാട്ടൂരിലും പാനൂരിലുമാണ് കേരള ചിക്കൻ ഔട്ട്‌ലെറ്റുകൾ ആരംഭിച്ചിട്ടുള്ളത്.
തളിപ്പറമ്പ്,കണ്ണൂർ,ഇരിട്ടി, കല്യാശ്ശേരി ബ്ലോക്കുകളിൽ അടുത്തമാസം ഔട്ട്‌ലെറ്റുകൾ ആരംഭിക്കും.ജില്ലയിൽ 34 ഫാമുകളാണ് പ്രവർത്തിക്കുന്നത്.പുതിയ ഔട്ട് ലെറ്റ് തുടങ്ങുന്നതിനായി വിവിധ പഞ്ചായത്തുകളിൽ നിന്നും പത്ത് അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.ആറുമാസത്തിനുള്ളിൽ ഈ ഔട്ട്‌ലെറ്റുകൾ പ്രവർത്തനം തുടങ്ങും.രണ്ടാംഘട്ടത്തിൽ ജില്ലയിലെ മുഴുവൻ സി.ഡി.എസുകളിലും ഒരു ഔട്ട്‌ലെറ്റ് സ്ഥാപിക്കാനാണ് തീരുമാനം.
ഇറച്ചിക്കോഴി വില പിടിച്ചു നിർത്തുന്നതിന് സംസ്ഥാന സർക്കാർ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ചതാണ് കേരള ചിക്കൻ പദ്ധതി.കേരള ചിക്കൻ ഫാമുകളിൽ വളർത്തുന്ന ഇറച്ചിക്കോഴികൾ കുടുംബശ്രീ അംഗങ്ങൾ നടത്തുന്ന വിപണനശാലകൾ വഴിയാണ് വിൽപ്പന നടത്തുന്നത്. കിലോയ്ക്ക് 17 രൂപ ഔട്ട്‌ലെറ്റ് ഉടമയ്ക്ക് ലഭിക്കും. മാർക്കറ്റ് വിലയേക്കാളും പത്ത് ശതമാനം കുറഞ്ഞ വിലയിലാണ് ഔട്ട്‌ലെറ്റുകളിലെ വില്പന.
ആറളം ഫാമിലേക്കും ഔട്ട് ലെറ്റ് ആറളം ഫാം മേഖലയിൽ കേരള ചിക്കൻ ഫാമും ഔട്ട്‌ലെറ്റും തുടങ്ങാനുള്ള നടപടിക്രമങ്ങളും കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ ആരംഭിച്ചു. ആറളം പ്രദേശത്തെ ജനങ്ങൾ നേരിടുന്ന പോഷകാഹാര കുറവ് മറികടക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നീക്കം.ഫാമിന് പുറത്ത് വിപണി കണ്ടെത്തുന്നതിനും മറ്റു ധനസഹായങ്ങളും കുടുംബശ്രീ നൽകും.
കർഷകർക്ക് മികച്ച വരുമാനം
കേരള ചിക്കൻ ഫാമുകളും ഔട്ട്‌ലെറ്റുകളും തുടങ്ങുന്നതിന് കുടുംബശ്രീ വഴി ഒന്നര ലക്ഷം രൂപ വരെ ലോൺ നൽകുന്നുണ്ട്. കുടുംബശ്രീ അംഗങ്ങളായ ഇറച്ചിക്കോഴി കർഷകരുടെ ആയിരം മുതൽ പതിനായിരം വരെ കപ്പാസിറ്റിയുള്ള ഫാമുകൾ കേരള ചിക്കൻ കമ്പനിയുമായി സഹകരിച്ചാണ് പദ്ധതിനടത്തിപ്പ്. കിലോയ്ക്ക് ആറു രൂപ മുതൽ 13 രൂപ വരെ വളർത്തു കൂലിയായി കമ്പനി കർഷകർക്ക് നൽകും. വളർച്ചയെത്തിയ ഇറച്ചി കോഴി കുടുംബശ്രീയുടെ ഔട്ട്‌ലെറ്റുകളിലൂടെ വിപണനം നടത്തും. ഒന്നരമാസം കൊണ്ട് 2.5 ലക്ഷം രൂപ വരെ ഇതുവഴി വരുമാനം ലഭിക്കും
സി.ഡി.എസിൽ അപേക്ഷ നൽകാം
കണ്ണൂർ ജില്ലയിൽ ഔട്ട്‌ലെറ്റുകളും ഫാമുകളും ആരംഭിക്കാൻ താല്പര്യമുള്ള കുടുംബശ്രീ അംഗങ്ങൾക്ക് പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സി.ഡി.എസ് ഓഫീസുകളിൽ അപേക്ഷ നൽകാം. ഫോൺ : 8075089030 .