അയൽവാസിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച യുവാവ് പിടിയിൽ
ആലുവ: അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ച് കയറി വാക്കത്തി ഉപയോഗിച്ച് മാരകമായി വെട്ടി പരിക്കേല്പിച്ച കേസിൽ ഏഴ് മാസത്തിലേറെയായി ഒളിവിലായിരുന്ന കുട്ടമശേരി അമ്പലപ്പറമ്പ് വട്ടപറമ്പിൽ അജ്മലിനെ (29) ആലുവ പൊലീസ് ആലപ്പുഴയിൽ നിന്നും പിടികൂടി.
അബ്ദുൽ സലാമിനെയാണ് കഴിഞ്ഞ മാർച്ച് 31ന് രാത്രി മുൻ വിരോധത്തിൽ വെട്ടി പരിക്കേല്പിച്ചത്. സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതി ഏർവാടിയിലും വിവിധ സ്ഥലങ്ങളിലുമായി ഒളിവിലായിരുന്നു. ഇയാൾ ഫോൺ ഉപയോഗിച്ചിരുന്നില്ല. ഡിവൈ.എസ്.പി ടി.ആർ. രാജേഷിന്റെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആലപ്പുഴയിൽ ഒളിച്ചു താമസിച്ചിരുന്ന വീട്ടിൽ നിന്നുമാണ് പിടികൂടിയത്. ഇൻസ്പെക്ടർ വി.എം. കേഴ്സൺ, എസ്.ഐമാരായ എൽദോ പോൾ, കെ. നന്ദകുമാർ, എ.എസ്.ഐ വിനിൽകുമാർ, സി.പി.ഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, മുഹമ്മദ് ഷാഹിൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ റിമാൻഡ് ചെയ്തു.