കിണർ കുഴൽക്കിണർ റീചാർജിങ്ങിനായി പുതിയ പദ്ധതി

Saturday 18 October 2025 1:49 AM IST

കട്ടപ്പന: ഭൂജല ജല സ്രോതസ്സുകൾ പരിപോഷിപ്പിക്കുന്നതിനായി സംസ്ഥാനത്തു ആദ്യമായി സർക്കാർ സബ്സിഡി നിരക്കിൽ ജനപങ്കാളിത്തത്തോടെ 'നീർ നിറ' പദ്ധതി പ്രഖ്യാപിച്ചു മന്ത്രി റോഷി അഗസ്റ്റിൻ. കട്ടപ്പന സെന്റ് ജോർജ് പാരിഷ് ഹാളിൽ ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന വിഷൻ 2031 വികസന സെമിനാറിയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.

ക്രിട്ടിക്കൽ, സെമി ക്രിട്ടിക്കൽ വിഭാഗത്തിൽ നിന്നും തിരഞ്ഞെടുത്ത പാലക്കാട് ജില്ലയിലെ ചിറ്റൂർ ബ്‌ളോക്കിലും ഇടുക്കി ജില്ലയിലെ കട്ടപ്പന ബ്‌ളോക്കിലും പൈലറ്റ് അടിസ്ഥാനത്തിൽ ജലവിഭവ വകുപ്പ് മുഖേന ആകും പദ്ധതി നടപ്പിലാക്കുന്നത്. സുസ്ഥിര ഭൂജല ലഭ്യത ഉറപ്പുവരുത്തുക എന്നതാണ് ഈ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം.

കാലാവസ്ഥ വ്യതിയാനം ഭൂപ്രകൃതി, ഭൂവിനിയോഗത്തിൽ വന്ന മാറ്റങ്ങൾ എന്നിവ മൂലം പ്രധാന ഭൂജല സ്രോതസ്സുകളായ തുറന്ന കിണറുകൾ, കുഴൽ കിണറുകൾ എന്നിവയെ പൊതുജനങ്ങൾ കൂടുതലായി ഗാർഹിക/കാർഷിക ആവശ്യങ്ങൾക്ക് ആശ്രയിക്കുന്ന സ്ഥിതിവിശേഷമാണ് കേരളത്തിൽ ഉള്ളത്.

ഭൂജല വിഭവ നിർണ്ണയ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തെ ഭൂജല ലഭ്യത മുൻ വർഷങ്ങളെ അപേക്ഷിച്ചു കുറഞ്ഞു വരുന്ന സാഹചര്യമാണ്. സംസ്ഥാനത്തു നിർമ്മിക്കപ്പെടുന്ന പ്രധാന ഭൂജല സ്രോതസ്സുകളായ തുറന്ന കിണറുകളും കുഴൽ കിണറുകളും കൃത്രിമമായി റീ ചാർജ് ചെയ്താൽ മാത്രമേ സുസ്ഥിര ഭൂജല ലഭ്യത ഉറപ്പു വരുത്താൻ സാധിക്കുകയുള്ളു എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

=2024 ലെ ഭൂജല വിഭവ നിർണ്ണയ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തു ഭൂജല ഉപയോഗം അധികമായുള്ള 3 ക്രിട്ടിക്കൽ ബ്ലോക്കുകളും 29 സെമി ക്രിട്ടിക്കൽ ബ്ലോക്കുകളുമാണുള്ളത്. ഇത്തരം ബ്ലോക്കുകളിലെ ഭൂജല വിതാനം ഉയർത്തി സുരക്ഷിത വിഭാഗത്തിലേക്ക് കൊണ്ടുവരേണ്ടതായിട്ടുണ്ട്. നിലവിൽ സർക്കാർ വകുപ്പുകൾ മുഖേന ഭൂജല സാംപോഷണ പ്രവർത്തനങ്ങൾ കൂടുതലായും സർക്കാർ സ്ഥാപനങ്ങളിൽ മാത്രമാണ് നടപ്പിലാക്കുന്നത്. ഭൂജലസംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രാപ്തി കൈവരിക്കുന്നതിനായി ഗാർഹിക/ പ്രൈവറ്റ് സ്ഥാപനങ്ങളിൽ ഉൾപ്പടുന്ന പ്രധാന ഭൂജല സ്രോതസ്സുകളായ തുറന്ന കിണർ/കുഴൽ കിണർ എന്നിവയും കൂടി ഭൂജല സാംപോഷണ പദ്ധതികളിൽ ഉൾപ്പെടുത്തും.

=2031 ഓടെ സംസ്ഥാനത്തെ എല്ലാ നഗരം, ഗ്രാമം, തീരദേശം, മലനാട്, ആദിവാസി മേഖലകൾ തുടങ്ങിയവയിലെ വീടുകളിൽ സുരക്ഷിതവും വിശ്വസനീയവുമായ കുടിവെള്ളത്തിന്റെ നിരന്തരമായ ലഭ്യത ഉറപ്പാക്കുകയാണ് ലഷ്യം.

ഭാവി ജലനയ രൂപീകരണത്തിന് കരുത്തേകി

സംസ്ഥാനതല സെമിനാർ

സുസ്ഥിര ജലവികസനവും വിഭവ പരിപാലനവും ലക്ഷ്യമിട്ട് സംസ്ഥാനത്തിന്റെ ഭാവി ജല നയങ്ങൾക്ക് രൂപം നൽകാൻ സംഘടിപ്പിക്കുന്ന ജലവിഭവ വകുപ്പിന്റെ സംസ്ഥാനതല സെമിനാറിന് തുടക്കം. കട്ടപ്പന സെന്റ് ജോർജ് പാരിഷ് ഹാളിൽ സംഘടിപ്പിച്ച സെമിനാർ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു

.