ഒരു കിലോയ്ക്ക് 11 ലക്ഷം രൂപ വരെ; വീണ്ടും സജീവമായി നിരവധി സംഘങ്ങള്‍

Friday 17 October 2025 10:58 PM IST

രാജ്യത്തെ വിമാനത്താവളങ്ങളില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി പരിശോധന ശക്തമാണ്. കസ്റ്റംസ് അധികൃതര്‍ പരിശോധന കടുപ്പിച്ചതോടെ നിരവധി ആളുകളാണ് തൊണ്ടി സഹിതം പിടിയിലാകുന്നത്. സ്വര്‍ണവില ഒരു ലക്ഷത്തിന് തൊട്ടടുത്ത് എത്തി നില്‍ക്കുമ്പോള്‍ രാജ്യത്ത് സ്വര്‍ണക്കടത്ത് സംഘങ്ങള്‍ വീണ്ടും സജീവമായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ സ്വര്‍ണക്കടത്തുകാരെ പിടികൂടുന്നതിന്റെ അളവ് കഴിഞ്ഞ ഒരു മാസത്തിനിടെ വര്‍ദ്ധിച്ചതായി കസ്റ്റംസ് ആന്‍ഡ് ഡയറക്ടേറ്റ് റവന്യു ഇന്റലിജന്‍സ് വ്യക്തമാക്കി.

സ്വര്‍ണ വിലയില്‍ ഉണ്ടായ മൃഗീയമായ വര്‍ദ്ധനവ് കമ്മീഷന്‍ ഇനത്തില്‍ ക്യാരിയര്‍മാര്‍ക്ക് കിട്ടുന്ന തുകയിലും നിഴലിച്ചതോടെയാണ് കടത്ത് കേസുകള്‍ വര്‍ദ്ധിച്ചത്. 67 ശതമാനമാണ് ഈ വര്‍ഷം സ്വര്‍ണത്തിന് ഇതുവരെ വര്‍ദ്ധിച്ചത്. ഈ വര്‍ഷം ആദ്യം സ്വര്‍ണം പവന് 56000 ആയിരുന്നു വിലയെങ്കില്‍ ഇന്നത്തെ വര്‍ദ്ധനയില്‍ വില എത്തി നില്‍ക്കുന്നത് 97,000ല്‍ ആണ്. ഒരു കിലോഗ്രാം സ്വര്‍ണം കടത്തിയാല്‍ 11 ലക്ഷം രൂപയ്ക്ക് മുകളിലാണ് കമ്മീഷന്‍ ഇനത്തില്‍ കിട്ടുന്ന തുക. ഇതാണ് വലിയ റിസ്‌ക് എടുത്ത് സ്വര്‍ണം കടത്താന്‍ ആളുകളെ പ്രേരിപ്പിക്കുന്നതിന് പിന്നില്‍.

കേസുകളുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. രാജ്യത്തേക്ക് എത്തുന്ന കള്ളക്കടത്ത് സ്വര്‍ണത്തിന്റെ 20 ശതമാനവും കേരളത്തിലാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം വിവിധ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്തത് 3,005 കേസുകളാണ്. 4,869 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുക്കുകയും ചെയ്തു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നായിരുന്നു നേരത്തെ കൂടുതല്‍ സ്വര്‍ണം ഇന്ത്യയിലേക്ക് എത്തിയിരുന്നത്. ഇപ്പോള്‍ മ്യാന്‍മാര്‍ അതിര്‍ത്തി വഴിയും സ്വര്‍ണം ഇന്ത്യയിലേക്ക് എത്തുന്നുണ്ട്.

ദീപാവലിക്ക് മുമ്പ് തന്നെ സ്വര്‍ണ വില ഒരു ലക്ഷം തൊടുമെന്ന പ്രവചനം നേരത്തെ തന്നെ സാമ്പത്തിക മേഖലയിലെ വിദഗ്ദ്ധര്‍ നടത്തിയിരുന്നു. വെള്ളിയാഴ്ച പവന് 2440 രൂപ വര്‍ദ്ധിച്ച് 97,360 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം വാങ്ങാന്‍ 12170 രൂപ നല്‍കണം. പണിക്കൂലി ഉള്‍പ്പെടെ കണക്കാക്കുമ്പോള്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ നേരത്തെ തന്നെ ഒരു ലക്ഷം രൂപ ജ്വല്ലറികളില്‍ നല്‍കണമായിരുന്നു.