കർണാടകയിൽ സ‌ർക്കാരിനെ വീഴ്‌ത്താൻ സഹായിച്ചവർക്ക് യെദ്യൂരപ്പയുടെ വൻ ഓഫർ, പിന്തുണച്ച് അമിത് ഷാ

Tuesday 01 October 2019 10:03 AM IST

ബംഗളൂരു: കർണാടകയിൽ കുമാരസ്വാമി സ‌ർക്കാരിനെ വീഴ്‌ത്താൻ സഹായിച്ചവർക്ക് വൻ ഓഫറുമായി മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ രംഗത്തെത്തി. കർണാടകയിൽ അയോഗ്യരാക്കപ്പെട്ട കോൺഗ്രസ്, ജനതാദൾ സെക്കുലർ എം.എൽ.എമാർക്ക് വേണമെങ്കിൽ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റ് നൽകാമെന്ന് ബി.എസ് യെദ്യൂരപ്പ വാഗ്ദാനം ചെയ്തു. പാർട്ടിക്കുള്ളിൽ തന്നെ ഇത്തരമൊരു നീക്കത്തിനെതിരെ വൻതോതിലുള്ള പ്രതിഷേധമുയരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം യെദ്യൂരപ്പയുടെ പ്രഖ്യാപനമുണ്ടായത്.

മുൻ എം.എൽ.എമാർക്ക് പാർട്ടി ടിക്കറ്റ് നൽകേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞതായും യെദ്യൂരപ്പ വ്യക്തമാക്കി. ഇവരുടെ വിമതശബ്ദമാണ് ജൂലായിൽ കോൺഗ്രസ്-ജെ.ഡി.എസ് സർക്കാരിന്റെ വീഴ്ചയ്ക്കും ബി.ജെ.പി അധികാരത്തിൽ തിരിച്ചെത്താനും കാരണമായത്. ഇവരെ അയോഗ്യരാക്കിയതിനെ തുടർന്ന് ഡിസംബറിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റ ബി.ജെ.പി നേതാക്കൾക്ക്‌ സർക്കാർ ബോർഡുകളിലും കോർപ്പറേഷനുകളിലും അവസരമുണ്ടാകുമെന്നും യെദ്യൂരപ്പ കൂട്ടിച്ചേർത്തു.

അതേസമയം, പാർട്ടിക്കുള്ളിൽ ഉയരുന്ന എതിർപ്പുകളെ മറികടന്നാണ് യെദ്യൂയൂരപ്പ ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. സ്വന്തം മണ്ഡലങ്ങൾമറ്റ് നേതാക്കൾക്ക് വിട്ടുകൊടുക്കുന്നതിനോട് പല നേതാക്കൾക്കും താൽപര്യമില്ല. അതുകൊണ്ട് എല്ലാ വിമതർക്കും സീറ്റ് ലഭിക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. നേരത്തെ കുമാരസ്വാമി സർക്കാരിനെ വീഴ്ത്തുന്നതിൽ പ്രധാന പങ്കുവഹിച്ചത് രണ്ട് പാർട്ടികളിലെയും വിമതരായിരുന്നു. ഡിസംബറിലാണ് കർണാടകത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.