ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പു തടയാൻ സുപ്രീംകോടതി, സ്വമേധയാ കേസെടുത്തു, കേന്ദ്രത്തിനടക്കം നോട്ടീസ്

Saturday 18 October 2025 12:19 AM IST

ന്യൂഡൽഹി: ജുഡിഷ്യറിയുടെ പേരുവരെ ദുരുപയോഗം ചെയ്തു നടത്തുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്ക് അറുതി വരുത്താൻ സുപ്രീംകോടതിയുടെ ഇടപെടൽ. ഹരിയാന അംബാലയിൽ 73കാരി ഒരു കോടിയുടെ തട്ടിപ്പിനിരയായ സംഭവത്തിൽ സ്വമേധയാ കേസെടുത്തു. സംഘടിത കുറ്റകൃത്യമാണിത്. ഇത്തരം തട്ടിപ്പു സംഘങ്ങളെ പുറത്തു കൊണ്ടുവരാൻ കേന്ദ്ര, സംസ്ഥാന പൊലീസ് സംവിധാനങ്ങളുടെ ഏകോപനത്തോടെയുള്ള പ്രവർത്തനം ആവശ്യമാണ്. തട്ടിപ്പുകാർ മുതിർന്ന പൗരന്മാരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്നും കോടതി നിരീക്ഷിച്ചു.

മുൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ പേരിലുള്ള വ്യാജ സുപ്രീംകോടതി ഉത്തരവ് കാട്ടി, ഡിജിറ്റിൽ അറസ്റ്റെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ഹരിയാനയിലെ ഓൺലൈൻ തട്ടിപ്പ്. കള്ളപ്പണയിടപാട് കേസുണ്ടെന്നു പറഞ്ഞ് നടത്തിയ തട്ടിപ്പിനെക്കുറിച്ച് 73കാരി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്ക് കത്തെഴുതിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുത്തത്.

ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സി.ബി.ഐ ഡയറക്‌ടർ, ഹരിയാന സർക്കാർ എന്നിവർക്കടക്കം നോട്ടീസ് അയയ്ക്കാനും ഉത്തരവിട്ടു. കോടതിയെ സഹായിക്കാൻ അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണിയോടും നിർദ്ദേശിച്ചു.

ഗുരുതര ക്രിമിനൽ പ്രവ‌ൃത്തി

1. ജഡ്‌ജിമാരുടെ വ്യാജ ഒപ്പിട്ട് കോടതി ഉത്തരവെന്നു കാട്ടി തട്ടിപ്പു നടത്തുന്നത് നീതിന്യായ വ്യവസ്ഥയുടെ അടിത്തറയെ തന്നെ തകർക്കുന്നതാണെന്ന് സുപ്രീംകോടതി. ഇത് അതീവ ആശങ്കയുണ്ടാക്കുന്നതാണ്

2. നിയമവ്യവസ്ഥയോടുള്ള പൊതുജനങ്ങളുടെ വിശ്വാസത്തെ ഇത് ബാധിക്കും. പരമോന്നത കോടതിയുടെ അന്തസിന് നേർക്കുള്ള ആക്രമണമാണ്. ഗുരുതരമായ ക്രിമിനൽ പ്രവ‌ൃത്തിയാണിത്