സ്വകാര്യ കമ്പനികളുമായി നേരിട്ട് മത്സരത്തിന് ഇന്ത്യ പോസ്റ്റ്; പുതിയ പദ്ധതി ഇങ്ങനെ

Friday 17 October 2025 11:25 PM IST

ന്യൂഡല്‍ഹി: ആധുനിക കാലത്ത് സ്വകാര്യ കമ്പനികളുമായുള്ള മത്സരത്തില്‍ പിടിച്ചുനില്‍ക്കാന്‍ വമ്പന്‍ മാറ്റത്തിന് തയ്യാറെടുക്കുകയാണ് തപാല്‍ വകുപ്പ്. പാഴ്‌സല്‍ സേവനങ്ങള്‍ വേഗത്തിലാക്കാനാണ് പുതിയ തീരുമാനം. നിലവില്‍ മൂന്ന് മുതല്‍ അഞ്ച് ദിവസങ്ങള്‍ക്ക് ഉള്ളിലാണ് പാഴസല്‍ എത്തിച്ചിരുന്നതെങ്കില്‍ ഇതിനെ അതിവേഗത്തിലാക്കാനാണ് തീരുമാനം. ഇ-കൊമേഴ്സ് മേഖലയിലെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകതകള്‍ നിറവേറ്റാനും, സ്വകാര്യ കൊറിയര്‍ കമ്പനികളുമായി മത്സരം ശക്തമാക്കാനുമാണ് തീരുമാനം.

24 മണിക്കൂറുകള്‍ക്കുള്ളിലും 48 മണിക്കൂറുകള്‍ക്ക് ഉള്ളിലും ഡെലിവെറി സാദ്ധ്യമാകുന്നതരത്തിലാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുക. പ്രധാന നഗരങ്ങള്‍ തമ്മിലുള്ള മെട്രോ റൂട്ടുകളില്‍ മെയിലുകളും പാഴ്സലുകളും ഒരു ദിവസത്തിനുള്ളില്‍ എത്തിക്കുക എന്നതാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. മറ്റ് പ്രധാന റൂട്ടുകളില്‍, പരമാവധി 48 മണിക്കൂറിനുള്ളില്‍ ഡെലിവറി പൂര്‍ത്തിയാക്കുകയെന്നതാണ് 48 മണിക്കൂര്‍ പദ്ധതിയില്‍ ലക്ഷ്യം.

അതേസമയം പുതുക്കിയ ഘടനയുടെ ഫീസ് ഇനിയും നിശ്ചയിച്ചിട്ടില്ല. കൊറിയര്‍ എത്തിക്കേണ്ടതിന്റെ വേഗതയ്ക്ക് അനുസരിച്ചായിരിക്കും ഫീസ് നിശ്ചയിക്കുകയെന്നാണ് വിവരം. 2029 ആകുമ്പോഴേക്കും പുതിയ പദ്ധതിയുടെ സഹായത്തോടെ ഇന്ത്യ പോസ്റ്റിനെ ലാഭത്തിലാക്കുകയെന്നതാണ് പുതിയ പദ്ധതിയുടെ പ്രധാന ലക്ഷ്യം.