വലിയതുറ കടൽപ്പാലവും തുറമുഖ ഭൂമിയും വികസിപ്പിക്കാൻ പദ്ധതി

Saturday 18 October 2025 3:37 AM IST

 നടപ്പാക്കുക സ്വകാര്യ പങ്കാളിത്തത്തോടെ  കേരളാ മാരിടൈം ബോർഡ് പദ്ധതി നിർദ്ദേശം ക്ഷണിച്ചു

തിരുവനന്തപുരം: വലിയതുറയിലെ കടൽപ്പാലം, തുറമുഖ വകുപ്പിന്റെ ആസ്ഥാന മന്ദിരം, ക്വാർട്ടേഴ്സ്, വെയർഹൗസ് കെട്ടിടം എന്നിവ സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കാൻ ഉതകുന്ന നിർദേശങ്ങൾക്കായി താല്പര്യപത്രം ക്ഷണിച്ച് കേരള മാരിടൈം ബോർഡ്. നവംബർ 10നകം താത്പര്യപത്രം നൽകണം.

മാരിടൈം ടൂറിസം, ലോജിസ്റ്റിക്സ്, ഇൻഡസ്ട്രി ഇവയിൽ ഏതെങ്കിലും പദ്ധതിയുമായി സ്വകാര്യ സംരംഭകർക്ക് മുന്നോട്ടുവരാം. കെട്ടിടങ്ങൾ വെവ്വേറെയായോ ഒരുമിച്ചോ ഉള്ള പദ്ധതി നിർദേശം സമർപ്പിക്കാൻ അവസരമുണ്ട്. ഇതുവഴി ലഭിക്കുന്ന നിർദേശങ്ങൾ കൂടി കണക്കിലെടുത്താകും പദ്ധതി തയ്യാറാക്കി ടെൻഡർ നടപടികളിലേക്ക് കടക്കുക.

അന്താരാഷ്ട്ര വിമാനത്താവളത്തിനും വിഴിഞ്ഞം തുറമുഖത്തിനും ഇടയിലുള്ള സ്ഥലമെന്ന നിലയിൽ സ്വകാര്യ സംരംഭകർക്ക് നിക്ഷേപം നടത്താൻ ലഭിക്കുന്ന സുവർണാവസരമാണ്. വലിയതുറയിലായിരുന്നു നേരത്തെ തുറമുഖ വകുപ്പിന്റെ ആസ്ഥാനം നിലനിന്നിരുന്നത്. എന്നാൽ കടലിനോട് ചേർന്നുള്ള കാലാവസ്ഥയും ഓഖി ദുരന്തത്തെയും തുടർന്ന് കെട്ടിടം ഉപയോഗ ശൂന്യമായതിനാൽ,ഇപ്പോൾ ശാസ്തമംഗലത്ത് വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഇവിടെ വീണ്ടും ഓഫീസ് കെട്ടിടമാക്കുന്നത് പ്രയോഗികമല്ലെന്ന കണ്ടെത്തലിനെത്തുടർന്നാണ് ഈ തുറമുഖ ഭൂമി വാണിജ്യപരമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ തീരുമാനിച്ചത്. കമലേശ്വരത്ത് ഹാർബർ എൻജിനിയറിംഗ് വകുപ്പിൽ നിന്ന് ലഭ്യമായ സ്ഥലത്ത് പുതിയ ആസ്ഥാനമന്ദിരം നിർമ്മിക്കാനുള്ള ബോർഡ് തീരുമാനം അനുസരിച്ചുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്. കൂടുതൽ വിവരങ്ങൾക്ക്: www.kmb.gov.in.