വേണം പൂവാറിൽ വാട്ടർ ട്രാൻസ്പോർട്ട് സർവീസ്

Saturday 18 October 2025 1:45 AM IST

പൂവാർ: ടൂറിസം സാദ്ധ്യതകളെ ഉപയോഗപ്പെടുത്താൻ പൂവാറിൽ വാട്ടർ ട്രാൻസ്പോർട്ട് സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു.10-20 യാത്രക്കാരെ ഉൾക്കൊള്ളുന്ന സ്‌പീഡ്‌ ബോട്ടുകളും ഹ്രസ്വ -ദീർഘദൂര യാത്രയ്ക്കും സൗകര്യപ്രദമായ ബോട്ടുകളിറക്കാനായാൽ പൂവാറിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമാകുമെന്ന് പ്രദേശവാസികൾ പറഞ്ഞു. പൂവാർ കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിൽ നിന്നുമാരംഭിച്ചാൽ യാത്രക്കാരെ അതിവേഗം പൊഴിക്കരയിൽ എത്തിക്കാനാകും. പൂവാർ കെ.എസ്.ആർ.ടി.സി ബസ്‌സ്റ്റാൻഡിന്റെ പിറകിലൂടെ കടന്നുപോകുന്ന ചകിരിയാറിനെ നവീകരിച്ചാൽ വാട്ടർ ട്രാൻസ്പോർട്ട് സർവീസാരംഭിക്കാൻ കഴിയും. ചികിരിയാർ മാലിന്യത്താൽ നാശത്തിന്റെ വക്കിലാണ്. പൂവാർ ചെറിയപാലം മുതൽ പൊഴിക്കരവരെ നവീകരിച്ചാൽ ഗതാഗത യോഗ്യമാകും. ചരിത്രപ്രസിദ്ധമായ എ.വി.എം കനാൽ പൂവാറിലെത്തി നെയ്യാറുമായി സംഗമിച്ചിരുന്നത് ചകിരിയാറിന്റെ സഹായത്താലായിരുന്നു. പൂവാറും സമീപപ്രദേശങ്ങളും കൃഷിയിലും കയർ വ്യവസായത്തിലും മുന്നേറാൻ കാരണമായത് ചകിരിയാർ ഒന്നുകൊണ്ടു മാത്രമാണ്.കൂടാതെ തീരത്തെ മത്സ്യത്തൊഴിലാളികളടക്കം കുടിക്കാനും കുളിക്കാനും ചകിരിയാറിനെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ ഇതെല്ലാം ഇന്ന് കൈയേറ്റക്കാരുടെ കൈയിലാണെന്ന് നാട്ടുകാർ പറയുന്നു. 50 മീറ്ററിൽ കൂടുതൽ വീതിയുണ്ടായിരുന്ന ചകിരിയാർ ഇന്ന് പലയിടത്തും 5 മീറ്റർ പോലുമില്ല. വീടുകളിലെയും സ്ഥാപനങ്ങളിലെയും ബസ്‌സ്റ്റാൻഡിലെയും മാലിന്യം ഒഴുകുന്നത് ഇവിടേക്കാണ്.

ചരിത്രം ഇങ്ങനെ

നൂറ്റാണ്ടുകൾക്ക് മുമ്പത്തെ 'പോക്കു മൂസാപുരം ' എന്ന പട്ടണമായിരുന്നു ഇന്നത്തെ പൂവാർ. തിരുവിതാംകൂർ മഹാരാജാവായിരുന്ന മാർത്താണ്ഡവർമ്മയാണ് അയൽനാടുകളുമായി വ്യാപാരബന്ധം സ്ഥാപിക്കുന്നതിന് എ.വി.എം കനാൽ സ്ഥാപിച്ചത്. അതോടെ പൂവാർ വ്യാവസായിക പട്ടണമായി ഉയർന്നു. സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതിയും ഉപ്പും നെല്ലും മറ്റ് ഭക്ഷ്യോത്പന്നങ്ങൾ ഇറക്കുന്നതും യഥേഷ്ടം തുടർന്നു. ആറ്റിലെ വെള്ളത്തിൽ തൊണ്ട് അഴുകാനിടുന്നതുകൊണ്ടാണ് ചകിരിയാർ എന്ന പേര് വന്നതെന്ന് പറയപ്പെടുന്നു.

ചകിരിയാർ നവീകരിക്കണം

ചകിരിയാർ നവീകരിച്ചാൽ പൂവാർ ബസ്‌സ്റ്റാൻഡ് ഭാഗത്തു നിന്നും ജലഗതാഗതം ആരംഭിക്കാനാകും. ഇതിനായുള്ള പദ്ധതികൾ പലതും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാക്കിയെങ്കിലും ഒന്നും നടപ്പായിട്ടില്ല. സംസ്ഥാന ടൂറിസം വകുപ്പിനും ജില്ലാ -ബ്ലോക്ക് പഞ്ചായത്ത് എന്നിവർക്കും നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും ഒന്നും ഫലം കണ്ടില്ല.