ഓടയല്ല ഇത് മാലിന്യ നിക്ഷേപകേന്ദ്രം

Saturday 18 October 2025 2:49 AM IST

തിരുവനന്തപുരം: മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരിക്കുകയാണ് കുളത്തൂർ മുക്കോലയ്ക്കൽ സിഗ്നൽ ജംഗ്ഷനിലെ ഓട. റോഡരികിലുള്ള ഓടയിൽ നിന്നും ദുർഗന്ധവും പകർച്ചവ്യാധി ഭീഷണിയും യാത്രക്കാരെയും സമീപവാസികളേയും ബുദ്ധിമുട്ടിലാക്കുകയാണ്. വെള്ളത്തോടൊപ്പം ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും വന്നടിഞ്ഞ് ദുരിതം സൃഷ്ടിക്കുകയാണ്. ഒഴുകാതെ കെട്ടിക്കിടക്കുന്ന വെള്ളത്തിലേക്ക് രാത്രികാലങ്ങളിൽ പാതയിലൂടെ സഞ്ചരിക്കുന്നവർ വീഴാനുള്ള സാദ്ധ്യതയുമേറെയാണ്. രാത്രി വാഹനങ്ങളിലെത്തുന്നവർ വലിച്ചെറിയുന്ന ടൺകണക്കിന് മാലിന്യം ഓടയോട് ചേർന്നുള്ള വ്യാപാരികൾക്കും ദുരിതമാണ്. നടപടിയെടുക്കാൻ ആരോഗ്യവകുപ്പും മറ്റ് അധികൃതരും തയ്യറാകുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.

പ്രദേശവാസികളുടെ ആവശ്യങ്ങൾ

 മാലിന്യം വലിച്ചെറിയുന്നവരെ പിടിക്കാൻ നഗരസഭാ ക്യാമറകൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും സ്ഥാപിച്ചിട്ടില്ല

സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണം

ഓടയിലെ മാലിന്യങ്ങൾ ഒഴിവാക്കാൻ നഗരസഭ അടിയന്തര നടപടികൾ സ്വീകരിക്കണം

വീട്ടുമാലിന്യങ്ങൾ പുറംതള്ളുന്നത് തടയാൻ ശക്തമായ നിയമനടപടികൾ സ്വീകരിക്കണം

ഗപ്പി മീനുകളെ കൊണ്ടും പരിഹാരമായില്ല

കഴിഞ്ഞ വേനലവധിക്കാണ് സമീപപ്രദേശത്തെ കുട്ടികൾ ഓടയിൽ ഗപ്പി മീനുകളെ കൊണ്ടിട്ടത്. എന്നാൽ പിന്നീട് മീനുകൾ പെരുകി മനോഹരമായ കാഴ്ചയായിരുന്നു. എന്നാൽ ഇന്നിവിടവും മാലിന്യ കൂമ്പാരമാണ്.