മണലിയിൽ കാട്ടാനശല്യം രൂക്ഷം

Saturday 18 October 2025 12:52 AM IST

നാട്ടുകാർ കല്ലാർ ഫോറസ്റ്റ് ഓഫീസ് പടിക്കൽ കഞ്ഞിവച്ച് ഉപരോധിച്ചു

വിതുര: വിതുര പഞ്ചായത്തിലെ മണലിയിൽ വ‌ർദ്ധിച്ചുവരുന്ന കാട്ടാനശല്യത്തിനെതിരെ നാട്ടുകാർ ഫോറസ്റ്റ് ഓഫീസ് പടിക്കൽ കഞ്ഞിവച്ച് പ്രതിഷേധിച്ചു. ആദിവാസി കാണിക്കാർ സംയുക്തസംഘം സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തിലാണ് കല്ലാർ ഫോറസ്റ്റ് ഓഫീസിലേക്ക് സമരം സംഘടിപ്പിച്ചത്. ആദിവാസികാണിക്കാർ സംസ്ഥാന പ്രസിഡന്റ് മേത്തോട്ടം പി.ഭാർഗവൻ ഉദ്ഘാടനം ചെയ്തു. ജനറൽസെക്രട്ടറി പള്ളിത്തറ വി. സുധാകരൻ, വൈസ് പ്രസിഡന്റ് താന്നിമൂട് വിജയമ്മ, രക്ഷാധികാരി പൊൻപാറ രഘു, ട്രഷറർ നീർപ്പാറ ഗിരീശൻ, വ‌ർക്കിംഗ് പ്രസിഡന്റ് ജെ.സാംബശിവൻ,ജോയിന്റ് സെക്രട്ടറി മണലിചന്ദ്രിക, പൊന്നാംചുണ്ട് വാർഡ്മെമ്പർ രവികുമാർ,മുൻ പഞ്ചായത്തംഗം കല്ലാർ മുരളി,നാരകത്തിൻകാല ലതാകുമാരി,രാജേന്ദ്രൻ,അജയകുമാർ,ഷീജു,തങ്കമ്മ എന്നിവർ പങ്കെടുത്തു. പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമായിട്ട് മാസങ്ങളേറയായി. ആളുകളെ ആക്രമിക്കുകയും വീട് തകർക്കുകയും ചെയ്തു. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് ഉണ്ടായത്. ആനക്കിടങ്ങും വൈദ്യുതിവേലിയും സ്ഥാപിച്ച് കാട്ടാനശല്യത്തിന് തടയിടുമെന്ന് വനപാലകർ പ്രഖ്യാപിച്ചെങ്കിലും യാഥാർത്ഥ്യമായില്ല. തുടർന്ന് സമരനേതാക്കൾ ഡി.എഫ്.ഒയുമായി ചർച്ച നടത്തി. മണലി മേഖലയിൽ മാസങ്ങളായി ഭീതി പരത്തി വിഹരിക്കുന്ന ഒറ്റയാനെ 15ദിവസത്തിനകം മയക്കുവെടിവച്ച് പിടികൂടാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഉപരോധസമരം അവസാനിപ്പിച്ചത്.

വീണ്ടും കാട്ടാന

മണലിയിൽ വീണ്ടും കാട്ടാനയിറങ്ങി ഭീതിയും നാശവും വിതച്ചു. ഇവിടെനിന്നും മയക്കുവെടിവച്ച് പിടികൂടി ചികിത്സ നൽകി കാട്ടിലേക്കയച്ച ഒറ്റയാൻ കഴിഞ്ഞ ദിവസം വീണ്ടും എത്തി. ഒറ്റയാന് പുറമേ കാട്ടാനക്കൂട്ടവും മണലിയിൽ എത്താറുണ്ട്. പ്രദേശത്ത് കാട്ടാന എത്താത്ത ദിനങ്ങൾ വിരളമാണ്. പഞ്ചായത്തിൽ ഏറ്റവും കൂടുതൽ ആനശല്യമുള്ളത് മണലിയിലാണ്. തലത്തൂതക്കാവ്,ചെമ്പിക്കുന്ന്,അല്ലത്താര,മംഗലകരിക്കകം,ആറാനക്കുഴി,കല്ലാർ മൊട്ടമൂട്,കൊമ്പ്രാംകല്ല്, ചണ്ണനിരവട്ടം,ചാമക്കര,പൊടിയക്കാല, മണിതൂക്കി മേഖലകളിലും കാട്ടാനശല്യം രൂക്ഷമാണ്.