ശാന്തുമൂല പൊതുകിണർ നവീകരിച്ചു
കേരളകൗമുദി വാർത്ത തുണച്ചു
മലയിൻകീഴ്: ശാന്തുമൂല ജംഗ്ഷന് സമീപത്തെ പൊതുകിണർ ഉപയോഗ യോഗ്യമാക്കി. കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിന് അടുത്ത ദിവസം തന്നെ നടപടി സ്വീകരിക്കുകയായിരുന്നു. കിണറിൽ വളർന്നിരുന്ന പാഴ്മരങ്ങൾ നീക്കെ ചെയ്ത് വെള്ളം ശുദ്ധീകരിച്ചു. 2017-18ൽ പൊതുകിണർ നവീകരണത്തിന്റെ ഭാഗമായി മലയിൻകീഴ് പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ചാണ് കിണർ നവീകരിച്ചത്. കടുത്ത വേനൽകാലത്തും സുലഭമായി വെള്ളം ലഭ്യമായിരുന്നു. ഈ വെള്ളമാണ് സമീപവാസികൾ കുടിക്കാനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്നത്. ക്രമേണ വെള്ളം മലിനമാവുകയും കിണറിന് മുകളിൽ സ്ഥാപിച്ചിരുന്ന ഗ്രില്ലിലൂടെ ആൽച്ചെടിയും മറ്റ് പാഴ്മരങ്ങളും വളർന്നതോടെ, വെള്ളം ഉപയോഗ ശൂന്യമായി. ഇക്കാര്യങ്ങൾ വിശദീകരിച്ച് കഴിഞ്ഞ 16ന് കേരളകൗമുദി പ്രസിദ്ധീകരിക്കുകയുണ്ടായി. അന്ന് തന്നെ വാർഡ് അംഗം കെ.അജിതകുമാരി സ്ഥലത്തെത്തി കിണർ നവീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും ഇന്നലെ സ്വന്തം പോക്കറ്റിൽ നിന്ന് 5000 രൂപ വനിയോഗിച്ച് കിണർ നവീകരിയ്ക്കുകയും ചെയ്തു. പ്രദേശവാസികളും വ്യാപാരികളും ഉൾപ്പെടെ പൈപ്പ് വെള്ളം മുടങ്ങുമ്പോൾ ഈ കിണറിനെയാണ് ആശ്രയിക്കുന്നത്.