തീറ്റപ്പുല്ലുകൾക്കായി ഒരു മ്യൂസിയം

Saturday 18 October 2025 1:09 AM IST

തിരുവനന്തപുരം: തീറ്റപ്പുല്ലുകൾക്കും ഒരു മ്യൂസിയമുണ്ട് തലസ്ഥാനത്ത്. ക്ഷീരവികസന വകുപ്പിന്റെ നിയന്ത്രണത്തിൽ വലിയതുറയിലെ സ്റ്റേറ്റ് ഫോഡർ ഫാമിലാണ് വിവിധയിനം തീറ്റപ്പുല്ലിനങ്ങളെ പരിചയപ്പെടുത്തുന്ന മ്യൂസിയമുള്ളത്. ചിത്രങ്ങളായോ ചില്ലുക്കൂട്ടിലോ ഒരുക്കിയതല്ല ഇവിടത്തെ പ്രദർശന വസ്‌തുക്കൾ. വെട്ടിക്കിളച്ച മണ്ണിൽ നട്ടുനനച്ച് വളർത്തിയാണ് ഓരോ പുല്ലിനങ്ങളെയും ക്ഷീരകർഷകർക്കും സന്ദർശകർക്കുമായി പരിചയപ്പെടുത്തുന്നത്.

20ലധികം തീറ്റപ്പുല്ലിനങ്ങളാണ് ഇവിടെ വളർത്തുന്നത്.പാലുത്പാദനത്തിന് കൂടുതൽ സഹായിക്കുന്ന, പ്രോട്ടീനടങ്ങിയ ഹൈബ്രിഡ് പുല്ലിനങ്ങളെ കണ്ട് മനസിലാക്കാനും കർഷകർക്ക് വാങ്ങാനും ഇവിടെ സൗകര്യമുണ്ട്. കോയമ്പത്തൂരിലെ തമിഴ്നാട് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി വികസിപ്പിച്ച നേപ്പിയർ ഹൈബ്രിഡ് ഇനങ്ങളായ CO3, CO4, CO5, CO6 എന്നിവയുടെയെല്ലാം സാമ്പിളുകൾ ഇവിടെയുണ്ട്.

ഗുണമേന്മയുള്ളതും നല്ല വളർച്ചയുള്ളതുമായ സൂപ്പർ നേപ്പിയർ,റെഡ് നേപ്പിയർ എന്നിവയും കേരള കാർഷിക സർവകലാശാല വികസിപ്പിച്ച സുഗുണ,സുപ്രിയ പോലുള്ള ഇനങ്ങളും നട്ടുപിടിപ്പിച്ചിട്ടുണ്ട്.വളർച്ച തീരെ കുറഞ്ഞ ഇനമായതിനാൽ ഇപ്പോൾ പ്രചാരത്തിലില്ലാത്ത പാരഗ്രാസ്, ഗിനിയാ ഗ്രാസ് പോലുള്ള പഴയകാല ഇനങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. അഗത്തി, മുരിങ്ങ, സുബാബുൾ തുടങ്ങിയ കാലിത്തീറ്റ മരങ്ങളും ഇവിടെ വളർത്തുന്നു.

കർഷകന് നേട്ടം CO3

ഒരു ഏക്കറിൽ ഒരു വർഷം ലഭിക്കുന്ന വിളവ് അടിസ്ഥാനപ്പെടുത്തിയാണ് മികച്ച തീറ്റപുല്ലിനങ്ങളുടെ മേന്മ കണക്കാക്കുന്നത്. മറ്റുപുല്ലിനങ്ങൾ പ്രതിവർഷം 50 കിലോ വിളവ് ലഭിക്കുമ്പോൾ CO3 ഇനം 180 കിലോ വരെ ലഭിക്കും. അതിനാൽ, നട്ടുപിടിപ്പിക്കാനായി ഏറ്റവും കൂടുതലായി കർഷകർക്ക് നൽകുന്നത് CO3ഇനത്തിന്റെ പുൽക്കടകളാണ്.ഡ്വാർഫ് നേപ്പിയർ,ഓസ്‌ട്രേലിയൻ റെഡ് നേപ്പിയർ എന്നിവയ്ക്ക് പുറമെ സൂപ്പർ നേപ്പിയർ, റെഡ് നേപ്പിയർ എന്നിവയാണ് മറ്റ് രണ്ട് സങ്കരയിനങ്ങൾ.

ദിനംപ്രതി 3,600 കി.ഗ്രാം പുല്ല് വിൽക്കും

ഫോഡർ ഫാമിൽ നിന്ന് ദിവസവും 3,600 കിലോഗ്രാം തീറ്റപ്പുല്ല് വിൽക്കുന്നുണ്ട്.കിലോഗ്രാമിന് 3 രൂപയാണ് ഈടാക്കുന്നത്.മേനംകുളം,മണക്കാട്,കൊഞ്ചിറവിള,മരുതൂർക്കടവ്,കരുമം,വിഴിഞ്ഞം തുടങ്ങിയ പ്രദേശങ്ങളിലെ ക്ഷീരകർഷകർക്കും വിവിധ ക്ഷേത്രങ്ങൾക്കുമാണ് പുല്ല് വിതരണം ചെയ്യുന്നത്.

131 ഏക്കർ 9 ലേക്ക് ചുരുങ്ങി

കാലിത്തീറ്റ ഫാമിന്റെ കൈവശമുണ്ടായിരുന്ന ഭൂമി സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കുമായി വിവിധ ആവശ്യങ്ങൾക്കായി കൈമാറിയതോടെ ഇപ്പോൾ 9 ഏക്കർ മാത്രമാണ് ബാക്കിയുള്ളത്. പകരം ഭൂമി നൽകാമെന്ന വ്യവസ്ഥയിലാണ് ഭൂമി കൈമാറിയതെങ്കിലും ഒരു സെന്റ് പോലും പകരം കിട്ടിയിട്ടില്ല.