പഞ്ചാബി ശൈലിയുടെയും ആധുനികതയുടെയും സംയോജനം,​ ശുഭ്മാൻ ഗില്ലിന്റെ വീടിന്റെ പ്രത്യേകതകൾ ഇവയാണ്

Saturday 18 October 2025 12:45 AM IST

ഇന്ത്യൻ ക്രിക്കറ്റിലെ സെൻസേഷൻ ശുഭ്മാൻ ഗില്ലിന്റെ ബാറ്റിംഗ് ശൈലി പോലെ മനോഹരമാണ് അദ്ദേഹത്തിന്റെ പഞ്ചാബിലെ വീടും. പഞ്ചാബിലെ ഫാസിൽക്കയിലാണ് ഗില്ലിന്റെ മനോഹരമായ വീട് സ്ഥിതി ചെയ്യുന്നത്. പരമ്പരാഗത പഞ്ചാബി ശൈലിയും ആധുനികതയും ആഡംബരവും സമഞ്ജസമായി സമ്മേളിക്കുന്നതാണ് 3.2 കോടി വിലമതിക്കുന്ന ഈ വീട്. ഗില്ലിന്റെ വ്യക്തിത്വത്തിന്റെയും അഭിരുചിയുടെയും പ്രതിഫലനം ഈ വസതിയിൽ കാണാം. സമകാലികതയും ഗൃഹാതുരത്വും ഒരുപോലെ നിറവേറ്റുന്ന ഇടമെന്നും വസതിയെ വിശേഷിപ്പിക്കാം.

വീടിന്റെ അതിഗംഭീരമായ പ്രവേശന കവാടം ഏവരുടെയും ശ്രദ്ധയെ ആകർഷിക്കും. പച്ചപ്പ്,​ ആധുനിക ലൈറ്റിംഗ്,​ ഫർണിച്ചറുകൾഎന്നിവ നിറഞ്ഞ ഡ്രൈവ് വേ ഇതിന്റെ സവിശേഷതയാണ്. വീടിന്റെ എക്റ്റീരിയറിന്റെ രൂപകല്പന പഞ്ചാബിന്റെ ആതിഥ്യ മര്യാദയെയും ആധുനികതയെയും പ്രതിനിധീകരിക്കുന്ന വിധമാണ്. സ്വീകരണ മുറിയിലെ ന്യൂട്രൽ ഷേഡുകളും സൂക്ഷ്മമായ ലൈറ്റിംഗും കണ്ണിനും മനസിനും സുഖകരമായ അനുഭൂതി പകരുന്നു. സ്വീകരണ മുറിയിലെ വിശാലമായ ഗ്ലാസ് ജനാലകൾ സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്ന വിധത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. കുടുംബ ഫോട്ടോഗ്രാഫുകളും മനോഹരമായ കലാസൃഷ്ടികളും ചുവരുകളെ അലങ്കരിക്കുന്നു.

ജിം ,​ ഫിറ്റ്നസ് സോൺ

ഒരു കായികതാരമെന്ന നിലയിൽ ആരോഗ്യവും ഫിറ്റ്നസും കാത്തുസൂക്ഷിക്കുന്നതിന് വീടിനുള്ളിൽ മികച്ച സൗകര്യങ്ങളുള്ള ജിമ്മാണ് ഒരുക്കിയിരിക്കുന്നത്. ട്രെഡ്മില്ലുകൾ,​ ഡംബെൽസ്,​ വെയ്റ്റ് ലിഫ്ടിംഗ് ഉപകരണങ്ങൾ എന്നിവയുൾപ്പെടെ ആധുനിക മെഷീനുകൾ ഫിറ്റ്നസ് സ്പേസിൽ സജ്ജികരിച്ചിരിക്കുന്നു. ഓപ്പൺ ലേ ഔട്ടും വലിയ കണ്ണാടികളും ഒരു പ്രൊഫഷണൽ പരിശിലന കേന്ദ്രത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നു. വീട്ടിലെ ജിമ്മിൽ നിന്നുള്ള പരിശീലന ദൃശ്യങ്ങൾ ഗിൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

ട്രോഫി വാൾ

തന്റെ ക്രിക്കറ്റ് യാത്ര വിശദീകരിക്കുന്ന ഒരു ഇടമാണ് ട്രോഫി വാൾ. പുരസ്കാരങ്ങൾ,​ പ്രഗ്തഭരായ മുൻതാരങ്ങൾ ഒപ്പിട്ട ക്രിക്കറ്റ് ബാറ്റുകൾ,​ ടീം ജഴ്സികൾ,​ ഐക്കണിക് മത്സരങ്ങളിൽ നിന്നുള്ള ഫോട്ടോഗ്രാഫുകൾ എന്നിവ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. ഷെൽഫിന്റെ രൂപകല്പനയും സ്പോട്ട് ലൈറ്റിംഗും ഇവിടം ആകർഷകമാക്കുന്നു. ഗില്ലിന്റെ കഠിനാദ്ധ്വാനത്തിന്റെയും നേട്ടങ്ങളുടെയും ഓർമ്മപ്പെടുത്തൽ കൂടിയായി ഇവിടം വർത്തിക്കുന്നു.

ബാത്ത്റൂമുകളിൽ ഉയർന്ന നിലവാരമുള്ള ഫിറ്റിംഗുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ആംബിയന്റ് ലൈറ്റിംഗും, വ്യത്യസ്ത നിറങ്ങളുള്ള ടൈലുകളും ഒരു ആഡംബര സ്പായുടെ സൗന്ദര്യം ബാത്ത്റൂമുകൾക്ക് നൽകുന്നു. ആധുനിക കണ്ണാടികൾ, മിനുസമാർന്ന സിങ്കുകൾ മുതലായവ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്തിട്ടുണ്ട്.