ട്രാൻസ്ജെൻഡർ  ക്ഷേമസമിതി രൂപീകരിച്ച്  സുപ്രീംകോടതി

Saturday 18 October 2025 1:13 AM IST

ന്യൂഡൽഹി: ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കാൻ മലയാളി റിട്ടയേർഡ് വനിതാ ജഡ്‌ജിയുടെ നേതൃത്വത്തിൽ സുപ്രീംകോടതി സമിതി രൂപീകരിച്ചു . ഡൽഹി ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് ആശാ മേനോനാണ് അദ്ധ്യക്ഷ. തൊഴിൽ അവസരങ്ങളിൽ പ്രാതിനിധ്യം, മെഡിക്കൽ സഹായം, ജീവിത സാഹചര്യങ്ങളിൽ സുരക്ഷ തുടങ്ങിയവ ഉറപ്പാക്കുകയാണ് ദൗത്യം. ഉത്തർപ്രദേശിലെയും ഗുജറാത്തിലെയും സ്‌കൂളുകളിൽ ജോലി നഷ്‌ടപ്പെട്ട ട്രാൻസ്‌വുമണിന് നഷ്‌ടപരിഹാരം അനുവദിച്ചു കൊണ്ടാണ് പരമോന്നത കോടതിയുടെ ഇടപെടൽ. ഈ വിഭാഗക്കാരുടെ ഭാവി സുരക്ഷിതമാക്കാൻ വിധി വഴിവയ്‌ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ആക്‌ടിവിസ്റ്റുകളായ ഗ്രേസ് ബാനു, അകായ് പദ്മശാലി,​ വൈജയന്തി വസന്ത മോഗ്ളി, ബംഗളൂരുവിലെ സെന്റർ ഫോർ ലാ ആൻഡ് പോളിസി റിസർച്ചിലെ (സി.എൽ.പി.ആർ)​ സീനിയർ അസോസിയേറ്റ് ഗൗരവ് മണ്ഡൽ,​ ഡോ. സഞ്ജയ് ശർമ്മ എന്നിവരാണ് സമിതി അംഗങ്ങൾ. അമിക്കസ് ക്യൂറിയായി അഡ്വ. ജയ്‌ന കോത്താരിയെ നിയമിച്ചു. സാമൂഹിക നീതി, വനിതാ-ശിശു വികസനം, ആരോഗ്യ-കുടുംബക്ഷേമം, വിദ്യാഭ്യാസം എന്നീ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരാണ് എക്‌സ് ഒഫിഷ്യോ അംഗങ്ങൾ. ട്രാൻസ്ജെൻഡർ സമൂഹത്തിനായി കേന്ദ്രസർക്കാർ നയം രൂപീകരിക്കണം. അതുവരെ നടപ്പാക്കാൻ മാർഗരേഖയും പുറപ്പെടുവിച്ചു. മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി രൂപീകരിച്ച സമിതിയിലും ജസ്റ്റിസ് ആശാ മേനോൻ അംഗമാണ്.