പത്രികാ സമർപ്പണം കഴിഞ്ഞിട്ടും മഹാ മുന്നണിയിൽ തർക്കം

Saturday 18 October 2025 1:23 AM IST

ന്യൂഡൽഹി: ഒന്നാം ഘട്ട വോട്ടെടുപ്പിനുള്ള പത്രികാ സമർപ്പണം ഇന്നലെ പൂർത്തിയായെങ്കിലും ആർ.ജെ.ഡി-കോൺഗ്രസ് നയിക്കുന്ന മഹാമുന്നണിക്ക് സീറ്റ് ധാരണ ഔദ്യോഗികമായി പ്രഖ്യാപിക്കാനായില്ല. ധാരണയായവയ്‌ക്ക് പുറമെ തർക്ക സീറ്റുകളിലും മുന്നണി കക്ഷികൾ പത്രിക നൽകി. പത്രിക പിൻവലിക്കേണ്ട അവസാന ദിവസമായ ഒക്‌ടോബർ 20ന് മുൻപ് തർക്കം പരിഹരിക്കാനാണ് നീക്കം.

58-60 സീറ്റുകളെന്ന ആർ.ജെ.ഡി വാഗ‌്‌ദാനം കോൺഗ്രസ് അംഗീകരിക്കുന്നില്ല. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഡൽഹിയിൽ നിന്ന് ഫോണിൽ പാട്‌നയിലുള്ള ലാലു പ്രസാദ് യാദവുമായി വ്യാഴാഴ്‌ച രാത്രി നടത്തിയ മാരത്തോൺ ഫോൺ സംഭാഷണങ്ങളിൽ ധാരണയായില്ല. സീറ്റ് വിഭജന ക്രമീകരണം അന്തിമമാകുന്നതിന് മുമ്പ് കോൺഗ്രസ് 48 സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് ആർ.ജെ.ഡിയെ ചൊടിപ്പിച്ചു.

2020 ലെ തിരഞ്ഞെടുപ്പിൽ ജയിച്ച 19 മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്തെത്തിയ ഇടങ്ങളിലും കോൺഗ്രസ് അവകാശവാദമുന്നയിച്ചു. കൂടുതൽ സീറ്റ് ആവശ്യപ്പെട്ട വികാസ് ശീൽ പാർട്ടി(വി.ഐ.പി) നേതാവ് മുകേഷ് സാഹിനിയെ രാഹുൽ ഗാന്ധിയും സി.പി.ഐ(എം-എൽ) ലിബറേഷൻ ജനറൽ സെക്രട്ടറി ദീപങ്കർ ഭട്ടാചാര്യയും ചേർന്ന് അനുനയിപ്പിച്ചു. മുന്നണിയിൽ തുടരുമെന്ന് മുകേഷ് സാഹിനിയോട് രേഖാമൂലം എഴുതി വാങ്ങി. വി.ഐ.പികൾക്ക് കൂടുതൽ സീറ്റുകൾ നൽകാനാകില്ലെന്ന് ആർ.ജെ.ഡി വ്യക്തമാക്കിയിരുന്നു.