വിമർശിച്ച് ഇന്ത്യ: പാകിസ്ഥാൻ സ്വന്തം പരാജയങ്ങൾക്ക് അയൽക്കാരെ കുറ്റപ്പെടുത്തുന്നു
കറാച്ചി: പാക്- അഫ്ഗാൻ അതിർത്തിയിൽ സ്ഥിതിഗതികൾ സംഘർഷഭരിതമായി തുടരുന്നതിനിടെ, പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ. സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ടെന്നും സ്വന്തം ആഭ്യന്തര പരാജയങ്ങൾക്ക് അയൽക്കാരെ കുറ്റപ്പെടുത്തുന്നത് പാകിസ്ഥാന്റെ പതിവ് രീതിയാണെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. സംഘർഷത്തിന്റെ പേരിൽ ഇന്ത്യക്കെതിരെ പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് നടത്തിയ പ്രസ്താവനകൾ വിവാദമായ സാഹചര്യത്തിലാണ് ഇന്ത്യയുടെ മറുപടി.
അഫ്ഗാനിസ്ഥാൻ അവരുടെ സ്വന്തം പ്രദേശങ്ങളിൽ പരമാധികാരം പ്രയോഗിക്കുന്നതിൽ പാകിസ്ഥാൻ രോഷാകുലരാണെന്നും അഫ്ഗാനിസ്ഥാന്റെ പരമാധികാരം, സ്വാതന്ത്ര്യം എന്നിവയിൽ ഇന്ത്യ പൂർണമായും പ്രതിജ്ഞാബദ്ധമാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺദീർ ജയ്‌സ്വാൾ പറഞ്ഞു.
പാകിസ്ഥാൻ തീവ്രവാദികൾക്ക് ആതിഥേയത്വം വഹിക്കുന്നുണ്ടെന്ന് വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താലിബാൻ ഇന്ത്യയ്ക്ക് വേണ്ടി നിഴൽ യുദ്ധം നടത്തുകയാണെന്നും അതിർത്തിയിൽ ഇന്ത്യ പ്രകോപനം സൃഷ്ടിക്കാനുള്ള സാദ്ധ്യത തള്ളാനാകില്ലെന്നും ഒരു ടെലിവിഷൻ അഭിമുഖത്തിനിടെ ആസിഫ് ആരോപിച്ചിരുന്നു. രണ്ട് ഭാഗത്ത് നിന്ന് യുദ്ധമുണ്ടായാലും പാകിസ്ഥാൻ നേരിടാൻ സജ്ജമാണെന്നും ആസിഫ് അവകാശപ്പെട്ടു.