വെടിനിറുത്തൽ ലംഘനം: വീണ്ടും പാക് ആക്രമണം, തിരിച്ചടിക്കുമെന്ന് അഫ്ഗാൻ
ഇസ്ലാമാബാദ്: വെടിനിറുത്തൽ ലംഘിച്ച് അഫ്ഗാനിസ്ഥാനിൽ വ്യോമാക്രമണം നടത്തി പാകിസ്ഥാന്റെ പ്രകോപനം. ഇന്നലെ രാത്രി പക്തിക പ്രവിശ്യയിലെ അർഗൻ, ബർമൽ ജില്ലകളിലെ ജനവാസ കേന്ദ്രങ്ങളിലാണ് വ്യോമാക്രമണമുണ്ടായത്. ആളപായമുണ്ടോയെന്ന് വ്യക്തമല്ല. തിരിച്ചടിക്കുമെന്ന് താലിബാൻ സർക്കാർ പ്രതിനിധികൾ അറിയിച്ചു.
പാക്- അഫ്ഗാൻ അതിർത്തിയിൽ ബുധനാഴ്ച നിലവിൽ വന്ന 48 മണിക്കൂർ വെടിനിറുത്തൽ ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് 6.30ന് അവസാനിച്ചിരുന്നു. എന്നാൽ, ഖത്തറിലെ ദോഹയിൽ ഇന്ന് തുടങ്ങുന്ന മദ്ധ്യസ്ഥ ചർച്ച പൂർത്തിയാകുംവരെ വെടിനിറുത്തൽ നീട്ടാൻ ധാരണയിലെത്തി. പിന്നാലെയാണ് പാക് പ്രകോപനം.
അതേ സമയം, ഇന്നലെ രാവിലെ അഫ്ഗാൻ അതിർത്തിക്ക് സമീപം വടക്കൻ വസീറിസ്ഥാനിൽ പാക് സൈനിക ക്യാമ്പിലുണ്ടായ ചാവേർ ബോംബാക്രമണത്തിൽ ഏഴ് സൈനികർ കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്കേറ്റു. തെഹ്‌രിക് ഇ- താലിബാൻ പാകിസ്ഥാനാണ് (ടി.ടി.പി) പിന്നിലെന്ന് പാകിസ്ഥാൻ ആരോപിച്ചു. ഭീകരൻ സ്‌ഫോടക വസ്തുക്കൾ ഘടിപ്പിച്ച കാർ ക്യാമ്പിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. അതിക്രമിച്ച് കടക്കാൻ ശ്രമിച്ച മൂന്ന് ഭീകരരെ വധിച്ചെന്ന് പാക് ഉദ്യോഗസ്ഥർ പറയുന്നു.
ടി.ടി.പി ഭീകരർക്ക് അഭയം നൽകുന്നെന്ന് കാട്ടി പാകിസ്ഥാനാണ് അഫ്ഗാനെതിരെ ആക്രമണങ്ങൾക്ക് തുടക്കമിട്ടത്. പാകിസ്ഥാൻ ഐസിസ് ഭീകരരുടെ താവളമായി മാറിയെന്ന് അഫ്ഗാൻ പറയുന്നു.
അതേസമയം, അഫ്ഗാൻ ഇന്ത്യയുമായി അടുക്കുന്നത് തടയാനുള്ള പാകിസ്ഥാന്റെ സമ്മർദ്ദ തന്ത്രമായി ആക്രമണങ്ങളെ വിലയിരുത്തുന്നുണ്ട്. ഈ മാസം 9ന്, അഫ്ഗാൻ വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്തഖിയുടെ ഇന്ത്യാ സന്ദർശനത്തിനിടെ കാബൂളിൽ പാകിസ്ഥാൻ ബോംബിട്ടതോടെയാണ് ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം വഷളായത്.
# ഈ ആഴ്ചയുണ്ടായ സംഘർഷത്തിൽ അഫ്ഗാനിൽ -
37 - കൊല്ലപ്പെട്ടവർ
425 - പരിക്കേറ്റവർ
(യു.എൻ അസിസ്‌റ്റൻസ് മിഷൻ കണക്ക്)
# പാകിസ്ഥാൻ നാശനഷ്ടക്കണക്കുകൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
60ലേറെ സൈനികർ കൊല്ലപ്പെട്ടെന്ന് കരുതുന്നു