ഇവൻ മോൺസ്റ്റർ !

Saturday 18 October 2025 7:42 AM IST

ന്യൂയോർക്ക്: നമുക്കെല്ലാം സുപരിചിതമായ ജീവിയാണ് പല്ലി. വീടിന്റെ ഭിത്തിയിലൊക്കെ പാവത്താൻമാരായ ഇക്കൂട്ടരെ എപ്പോഴും കാണാം. ആരെയും ഉപദ്രവിക്കാനൊന്നും ഇവർ പോകാറില്ല. എന്നാൽ ഒറ്റക്കടി കൊണ്ട് മനുഷ്യന്റെ ജീവനെടുക്കാൻ ശേഷിയുള്ള പല്ലികളെ പറ്റി കേട്ടിട്ടുണ്ടോ. നമ്മുടെ നാട്ടിലെ പാവം പല്ലികളല്ല കേട്ടോ അത്.

'ഹീല മോൺസ്റ്റർ" (Gila monster) എന്നറിയപ്പെടുന്ന വിഷ പല്ലിയാണ് ആ ഭീകരൻ. തെക്കുപടിഞ്ഞാറൻ യു.എസിലും വടക്കുപടിഞ്ഞാറൻ മെക്സിക്കൻ സംസ്ഥാനമായ സൊനോരയിലും കണ്ടുവരുന്ന തടിച്ചുരുണ്ട പല്ലികളാണ് ഹീല മോൺസ്റ്ററുകൾ. 56 സെന്റീമീറ്റർ വരെ നീളം വയ്ക്കാറുള്ള ഇവ യു.എസിൽ കാണപ്പെടുന്ന വിഷമുള്ള ഏക പല്ലി സ്പീഷീസാണ്.

പൊതുവെ മടിയൻമാരായ ഇക്കൂട്ടർ ആക്രമണത്തിന് മുതിരുന്നത് അപൂർവമാണ്. മാംസഭുക്കുകളായ ഇവ കുഞ്ഞ് അണ്ണാനെയും മുയലിനെയും പാമ്പിൻകുഞ്ഞിനെയും അകത്താക്കാൻ മടിയില്ലാത്തവരാണ്. അരിസോണ സംസ്ഥാനത്ത് ഇവ സംരക്ഷിക്കപ്പെട്ട ജീവികളുടെ പട്ടികയിലാണ്. വിഷമുണ്ടെങ്കിലും ഇവയുടെ കടിയേൽക്കുന്നത് മനുഷ്യന്റെ മരണത്തിലേക്ക് നയിക്കുന്നത് അപൂർവമാണ്. കഴിഞ്ഞ വർഷം കൊളറാഡോയിൽ ഹീല മോൺസ്റ്ററിന്റെ കടിയേറ്റ് 34കാരൻ മരണമടഞ്ഞിരുന്നു.

1930ലാണ് അതിന് മുന്നേ ഹീല മോൺസ്​റ്ററിന്റെ കടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടതെന്ന് കരുതുന്നു. ഇവയെ ഓമനിച്ച് വളർത്തുന്നവരുമുണ്ട്. എന്നാൽ അതിന് പ്രത്യേക ലൈസൻസ് വേണം.