ഞങ്ങളുടെ മണ്ണ് ഞങ്ങൾക്കുള്ളത്, ഇനി അഭ്യർത്ഥനകളില്ല: കടുത്ത പ്രകോപനവുമായി പാകിസ്ഥാൻ

Saturday 18 October 2025 10:33 AM IST

കറാച്ചി: അഫ്ഗാനിസ്ഥാനിൽ ആക്രമണം ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി പാകിസ്ഥാൻ. പണ്ടത്തെപ്പോലെ കാബൂളുമായി ബന്ധം നിലനിറുത്താൻ പാകിസ്ഥാന് കഴിയില്ലെന്നും പ്രതിഷേധകുറിപ്പുകളോ സമാധാനത്തിനുള്ള അഭ്യർത്ഥനകളോ ഉണ്ടാവില്ല എന്നുമാണ് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇത് ആക്രമണം വീണ്ടും ശക്തമാക്കും എന്നതിന്റെ സൂചനയായാണ് നയതന്ത്ര വിദഗ്ദ്ധർ പറയുന്നത്. പാകിസ്ഥാനിലുള്ള എല്ലാ അഫ്‌ഗാനികളും സ്വദേശത്തേക്ക് മടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'പാക് മണ്ണിൽ താമസിക്കുന്ന എല്ലാ അഫ്‌ഗാനികളും അവരുടെ മാതൃരാജ്യത്തേക്ക് മടങ്ങണം. അവർക്ക് ഇപ്പോൾ സ്വന്തം സർക്കാരുണ്ട്. കാബൂളിൽ സ്വന്തം ഖിലാഫത്തുണ്ട്. ഞങ്ങളുടെ ഭൂമിയും വിഭവങ്ങളും 250 ദശലക്ഷം പാകിസ്ഥാനികളുടേതാണ്. ഇസ്ളാമാബാദ് വർഷങ്ങളായി ക്ഷമ കാണിച്ചെങ്കിലും അഫ്‌ഗാനിൽ നിന്ന് അനുകൂല പ്രതികരണങ്ങളാെന്നും ലഭിച്ചില്ല. ഇനി പ്രതിഷേധകുറിപ്പുകളോ സമാധാനത്തിനുള്ള അഭ്യർത്ഥനകളോ ഉണ്ടാവില്ല. ഒരു പ്രതിനിധി സംഘവും കാബൂളിലേക്ക് പോകില്ല. ഭീകതയുടെ ഉറവിടം എവിടെയായിരുന്നാലും അതിന് കനത്ത വില നൽകേണ്ടിവരും'- എന്നാണ് ഖ്വാജ ആസിഫ് കുറിച്ചത്.

കഴിഞ്ഞദിവസം അഫ്‌ഗാനിൽ പാകിസ്ഥാൻ രൂക്ഷമായ ആക്രമണമാണ് നടത്തിയത്. നാൽപ്പത്തെട്ടുമണിക്കൂർ വെടിനിറുത്തൽ അവസാനിച്ചശേഷമാണ് പാകിസ്ഥാൻ ആക്രമണം നടത്തിയത്. ഇതിൽ മൂന്ന് പ്രാദേശിക ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെ നിരവധിപേരാണ് കൊല്ലപ്പെട്ടത്. ഉൾഗൂൺ ജില്ലയിൽ നടത്തിയ ആക്രമണത്തിലാണ് ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടത്.

അതിർത്തിയിൽ തങ്ങളുടെ സൈനികപോസ്റ്റുകൾക്കുനേരെ അഫ്ഗാൻ സൈന്യം ആക്രമണം നടത്തിയെന്ന് ആരോപിച്ച് പാകിസ്ഥാൻ തിരിച്ചടിക്കാൻ തുടങ്ങിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായത്. ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കാൻ അഫ്‌ഗാൻ ശ്രമിക്കുന്നതും പാകിസ്ഥാനെ പ്രകോപിപ്പിക്കുന്നുണ്ട്.