പാഞ്ഞെത്തിയ കടുവ യുവകർഷകനെ വലിച്ചിഴച്ച് കടിച്ചുകീറി; ഗുരുതരാവസ്ഥയിൽ, വനംവകുപ്പിനെതിരെ പ്രദേശവാസികൾ 

Saturday 18 October 2025 10:59 AM IST

മൈസൂരു: കടുവയുടെ ആക്രമണത്തിൽ യുവ കർഷകന് ഗുരുതര പരിക്ക്. കർണാടകയിലെ മൈസൂരുവിലെ സരഗുർ താലൂക്കിലെ ബഡഗലപുര ഗ്രാമത്തിലാണ് സംഭവം. മഹാദേവ് (34) എന്ന കർഷകനാണ് പരിക്കേറ്റത്. വ്യാഴാഴ്‌ച നടന്ന കടുവ ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കടുവയിൽ നിന്ന് രക്ഷപ്പെടാനായി ഗ്രാമത്തിലെ കർഷകർ ഓടി മരത്തിന് മുകളിൽ കയറുന്നതാണ് വീഡിയോയിൽ കാണുന്നത്.

കുറ്റിക്കാട്ടിൽ നിന്ന് പാഞ്ഞടുത്ത കടുവ പാടത്ത് കൃഷിചെയ്യുന്ന കർഷകരെ ആക്രമിക്കുന്നത് വീഡിയോയിൽ കാണാം. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഭൂരിഭാഗംപേരും മരത്തിന് മുകളിലേക്ക് കയറി. എന്നാൽ, ഓടുന്നതിനിടെ വീണ മഹാദേവിനെ കടുവ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. യുവാവിനെ നിലത്തുകൂടെ വലിച്ചിഴച്ച കടുവ തലയിലും മുഖത്തുമാണ് പരിക്കേൽപ്പിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ചികിത്സയിൽ കഴിയുന്ന മഹാദേവിന്റെ നില ഗുരുതരമാണ്.

പ്രദേശത്ത് ഇടയ്‌ക്കിടെ കടുവയെ കാണുന്നതിനാൽ ഭയത്തോടെയാണ് ഗ്രാമവാസികൾ കഴിയുന്നത്. ഇക്കാര്യം അധികൃതരെ മുമ്പേ അറിയിച്ചിരുന്നെങ്കിലും ഒരാൾക്ക് പരിക്കേറ്റപ്പോൾ മാത്രമാണ് കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾ വനംവകുപ്പ് തുടങ്ങിയതെന്നാണ് ഗ്രാമവാസികൾ ആരോപിക്കുന്നത്. നേരത്തേ തന്നെ വേണ്ട നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ ഈ അപകടം ഒഴിവാക്കാമായിരുന്നെന്നും അവർ പറഞ്ഞു.

ഉടൻതന്നെ കടുവയെ പിടികൂടുമെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്. പ്രദേശത്ത് കുങ്കി ആനകളെയും ഡ്രോണുകളെയും വിന്യസിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.